'അമ്മ ' അഡ്ഹോക്ക് കമ്മിറ്റി കൺവീനർ സ്ഥാനം ഒഴിഞ്ഞ് രമേഷ് പിഷാരടി

'അമ്മ ' അഡ്ഹോക്ക് കമ്മിറ്റി കൺവീനർ സ്ഥാനം ഒഴിഞ്ഞ് രമേഷ് പിഷാരടി

എറണാകുളം :  മുൻസിഫ് കോടതി 'അമ്മ 'അഡ്ഹോക്ക് കമ്മിറ്റിക്ക് വിലക്കേർപ്പെടുത്തിയതിന് തൊട്ടുപിന്നാലെ, കമ്മിറ്റിയുടെ കൺവീനർ സ്ഥാനത്തുനിന്ന്  രമേഷ് പിഷാരടി ഔദ്യോഗികമായി ഒഴിഞ്ഞു. സംഘടനയിൽ പ്രതിസന്ധി രൂക്ഷമാവുകയും പ്രസിഡന്റ് സ്ഥാനത്തുനിന്ന് ശ്വേത മേനോൻ രാജി പ്രഖ്യാപിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് താൻ താല്കാലിക ചുമതല ഏറ്റെടുത്തതെന്ന് പിഷാരടി വ്യക്തമാക്കി. താരസംഘടനയെ ഇനിയും കോടതി കയറ്റാൻ തനിക്ക് വ്യക്തിപരമായി താല്പര്യമില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് പിഷാരടിയുടെ അപ്രതീക്ഷിത പിന്മാറ്റം.സ്ഥാനമൊഴിഞ്ഞതിന് പിന്നാലെ സംഘടനയ്ക്കുള്ളിലെ ചില രഹസ്യ നീക്കങ്ങൾക്കെതിരെ രമേഷ് പിഷാരടി കടുത്ത ഭാഷയിൽ പ്രതികരിച്ചു. “കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്ന വോയ്‌സ് ക്ലിപ്പുകൾ കേവലം ഒരു ഓഡിയോ ലീക്കല്ല, മറിച്ച് ചിലർ ആസൂത്രിതമായി ചെയ്ത ‘റിലീസ്’ ആണ്. അത് തന്നെ കഠിനമായി വേദനിപ്പിച്ചു. സംഘടനയിലെ പ്രശ്‌നങ്ങൾ പൂർണ്ണമായി പരിഹരിക്കാൻ വേണ്ടിയാണ് താൻ ആത്മാർത്ഥമായി ശ്രമിച്ചതും എല്ലാവരുമായും തുറന്നു സംസാരിച്ചതും,” അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മുൻ കമ്മിറ്റിക്ക് മേൽ ശ്വേതാ മേനോൻ ഉന്നയിച്ച കടുത്ത അഴിമതി ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും, അത് വെറും ആരോപണം മാത്രമാണെന്നും പിഷാരടി കൂട്ടിച്ചേർത്തു.

അമ്മയുടെ ദൈനംദിന പ്രവർത്തനങ്ങൾക്കായി രൂപീകരിച്ച അഡ്ഹോക്ക് കമ്മിറ്റിക്ക് നിയമസാധുതയില്ലെന്ന് കാണിച്ച് ശ്വേതാ മേനോൻ സമർപ്പിച്ച അടിയന്തിര ഹർജിയിൽ എറണാകുളം മുൻസിഫ് കോടതി താല്കാലിക വിലക്കേർപ്പെടുത്തിയിരുന്നു. ഒപ്പം, പുതിയ തിരഞ്ഞെടുപ്പ് നടക്കുന്നത് വരെ ശ്വേതയുടെ നേതൃത്വത്തിലുള്ള പഴയ കമ്മിറ്റിക്ക് തന്നെ പ്രവർത്തനം തുടരാമെന്നും കോടതി ഉത്തരവിട്ടിരുന്നു. ഈ നീക്കങ്ങൾക്ക് തൊട്ടുപിന്നാലെയാണ് പിഷാരടിയുടെ ഈ നാടകീയമായ രാജിവെപ്പ്.

അതേസമയം, താരസംഘടനയിലെ തർക്കങ്ങൾ ഇനിയും വരും ദിവസങ്ങളിൽ കൂടുതൽ വഷളാകുമെന്ന സൂചന നൽകിക്കൊണ്ട്, ‘അമ്മ’യിലെ ഒരു വിഭാഗം പ്രമുഖ നടിമാർ നാളെ (ശനിയാഴ്ച) അടിയന്തിര വാർത്താസമ്മേളനം വിളിച്ചുചേർത്തിട്ടുണ്ട്. രാവിലെ പത്ത് മണിക്ക് കൊച്ചിയിൽ വെച്ചാണ് വാർത്താസമ്മേളനം നടക്കുക. സിനിമയിലെ വനിതാ കൂട്ടായ്മകളുടെ ഭാഗമായ അൻസിബ ഹസ്സൻ, മാലാ പാർവതി, ഉഷ, ഹസീന തുടങ്ങിയ പ്രമുഖ നടിമാരാണ് മാധ്യമങ്ങളെ കാണുന്നത്. കോടതി വിധിക്ക് പിന്നാലെയുള്ള ഔദ്യോഗിക പ്രതികരണങ്ങളും സംഘടനയ്ക്കുള്ളിലെ അണിയറ നീക്കങ്ങളും വാർത്താസമ്മേളനത്തിൽ ചർച്ചയാകുമെന്നാണ് കരുതുന്നത്.

https://www.worldm.news/keralam/temporary-ban-on-ammas-ad--32030