കേന്ദ്ര മന്ത്രിസഭയിൽ അഴിച്ചുപണി: നിർണ്ണായക മാറ്റങ്ങൾ അടുത്തയാഴ്ചയെന്ന് സൂചന

ന്യൂഡൽഹി: മോദി സർക്കാരിന്റെ മൂന്നാം ഘട്ട ഭരണത്തിൽ നിർണ്ണായകമായ കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയ്ക്ക് കളമൊരുങ്ങുന്നു. അടുത്തയാഴ്ചയോടെ മന്ത്രിസഭയിൽ വലിയ മാറ്റങ്ങൾ ഉണ്ടായേക്കുമെന്നാണ് ദേശീയ തലസ്ഥാനത്ത് നിന്നുള്ള റിപ്പോർട്ടുകൾ. ആഭ്യന്തര മന്ത്രി അമിത് ഷാ രാഷ്ട്രപതി ദ്രൗപദി മുർമുവിനെ സന്ദർശിച്ചതോടെയാണ് പുനഃസംഘടനയുടെ സാധ്യതകൾ കൂടുതൽ സജീവമായത്.മുതിർന്ന മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റം വരുത്താനും, ചിലരെ ഒഴിവാക്കി പുതുമുഖങ്ങളെ ഉൾപ്പെടുത്താനുമാണ് സാധ്യത. ധനമന്ത്രി നിർമല സീതാരാമനെ മറ്റൊരു വകുപ്പിലേക്ക് മാറ്റുകയോ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കുകയോ ചെയ്തേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. നീറ്റ് പരീക്ഷാ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ, ഹർദീപ് സിങ് പുരി തുടങ്ങിയവർക്കും സ്ഥാനം നഷ്ടപ്പെട്ടേക്കാം.
മുൻ ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസിനെപ്പോലുള്ള ഉന്നത വ്യക്തിത്വങ്ങളെ മന്ത്രിസഭയിൽ ഉൾപ്പെടുത്താനും സാധ്യതയുണ്ട്. കൂടാതെ, മറ്റ് പാർട്ടികളിൽ നിന്ന് ബി.ജെ.പിയിലേക്ക് എത്തിയ രാഘവ് ഛദ്ദ, അശോക് മിത്തൽ കൂടാതെ ശ്രീകാന്ത് ശിന്ദേ തുടങ്ങിയവർക്കും മന്ത്രിസ്ഥാനം ലഭിച്ചേക്കാം.
അനുരാഗ് താക്കൂർ, തരുൺ ചുഗ് തുടങ്ങിയവർക്കും ക്യാബിനറ്റിൽ ഇടം ലഭിച്ചേക്കും. ജോർജ് കുര്യന്റെ രാജി ഒഴിവ് വന്നതോടെ, കേരളത്തിൽ നിന്നുള്ള പ്രാതിനിധ്യം നിലനിർത്തുമോ എന്നതും രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നു. മന്ത്രിസഭയിലെ ഈ മാറ്റങ്ങൾ സർക്കാരിന്റെ പ്രവർത്തനങ്ങളിൽ പുതിയ ഊർജ്ജം പകരുമെന്നാണ് ബി.ജെ.പി നേതൃത്വത്തിന്റെ പ്രതീക്ഷ