ഷൂട്ടിങ് ലോകകപ്പ്: ഈഷയ്ക്ക് സ്വർണം, മനു ഭാക്കറിനു വെങ്കലം!

ഷൂട്ടിങ് ലോകകപ്പ്: ഈഷയ്ക്ക് സ്വർണം, മനു ഭാക്കറിനു വെങ്കലം!

ഹാങ്‌ചൗ (ചൈന): ഐഎസ്എസ്എഫ് റൈഫിൾ/പിസ്റ്റൾ/ഷോട്ട്ഗൺ ലോകകപ്പിൽ ഇന്ത്യയ്ക്ക് വീണ്ടും അഭിമാന നിമിഷം. വനിതകളുടെ 25 മീറ്റർ പിസ്റ്റൾ ഇനത്തിൽ ഇന്ത്യൻ താരങ്ങളായ ഈഷ സിങ് സ്വർണവും മനു ഭാക്കർ വെങ്കലവും സ്വന്തമാക്കി. എട്ട് താരങ്ങൾ മാറ്റുരച്ച ഫൈനലിൽ തുടക്കം മുതൽ തികഞ്ഞ ശാന്തതയോടെയും ആധിപത്യത്തോടെയും മത്സരിച്ച ഹൈദരാബാദ് സ്വദേശിനിയായ ഈഷ സിങ്, 40 ഹിറ്റുകൾ രേഖപ്പെടുത്തിയാണ് പോഡിയത്തിൽ ഒന്നാമതെത്തിയത്. പാരീസ് ഒളിമ്പിക്‌സിലെ ഇരട്ട മെഡൽ ജേതാവായ മനു ഭാക്കർ കടുത്ത പോരാട്ടത്തിനൊടുവിലാണ് വെങ്കലം ഉറപ്പിച്ചത്. നിർണായകമായ ഷൂട്ട്-ഓഫിൽ സമ്മർദ്ദങ്ങളെ അതിജീവിച്ച മനു, 28 ഹിറ്റുകളോടെ മൂന്നാം സ്ഥാനം നിലനിർത്തി.യോഗ്യതാ റൗണ്ടിൽ തന്നെ ഇന്ത്യൻ സഖ്യം തങ്ങളുടെ ആധിപത്യം ഉറപ്പിച്ചിരുന്നു. 586-20x സ്കോറോടെ മനു ഭാക്കർ യോഗ്യതാ റൗണ്ടിൽ ഒന്നാമതെത്തിയപ്പോൾ, 585-18x സ്കോറുമായി തൊട്ടുപിന്നാലെ ഈഷയും ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടി. എന്നാൽ, മുൻ ഏഷ്യൻ ഗെയിംസ് സ്വർണ്ണ ജേതാവായ റാഹി സർനോബത്തിന് (582-16x) നേരിയ വ്യത്യാസത്തിൽ ഫൈനൽ നഷ്ടമായി. റാങ്കിങ് പോയിന്‍റ്‌സ് ഒൺലി വിഭാഗത്തിൽ മത്സരിച്ച സിമ്രൻപ്രീത് കൗർ ബ്രാർ (576-20x), അഭിജ്ഞ അശോക് പാട്ടീൽ (573-16x) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു.

ഈ സീസണിൽ നേരത്തെ മ്യൂണിക്കിൽ നടന്ന ഐഎസ്എസ്എഫ് ലോകകപ്പിൽ 43 ഹിറ്റുകളോടെ സീനിയർ-ജൂനിയർ ലോക റെക്കോർഡുകൾ തകർത്ത് ചരിത്രം കുറിച്ച ഈഷയ്ക്ക്, ആ വിജയത്തിന് ശേഷമുള്ള പ്രതീക്ഷകൾ വലിയ സമ്മർദ്ദമുണ്ടാക്കിയിരുന്നു എന്ന് താരം മത്സരശേഷം പ്രതികരിച്ചു. അന്താരാഷ്ട്ര കലണ്ടറിലെ വരാനിരിക്കുന്ന പ്രധാന മത്സരങ്ങൾക്കുള്ള ഒരു പ്രധാന അടയാളമാണ് ഈ വെങ്കല മെഡലെന്ന് മനു ഭാക്കർ പ്രതികരിച്ചു.

"ഈ മെഡൽ വളരെ പ്രധാനപ്പെട്ടതാണ്, ഇതൊരു വലിയ ചവിട്ടുപടിയായി പ്രവർത്തിക്കും. എന്താണ് മികച്ച രീതിയിൽ മുന്നോട്ട് പോകുന്നതെന്നും ഏത് ദിശയിലേക്കാണ് ഞാൻ നീങ്ങേണ്ടതെന്നും ഇതിലൂടെ വ്യക്തത ലഭിക്കുന്നു. മെഡൽ ആത്മവിശ്വാസം വർദ്ധിപ്പിക്കുമെങ്കിലും, ഈ കടുത്ത മത്സരത്തിൽ നിന്ന് ലഭിച്ച അനുഭവം വരാനിരിക്കുന്ന ലോക ചാമ്പ്യൻഷിപ്പ്, ഏഷ്യൻ ഗെയിംസ് തുടങ്ങിയ വലിയ ലക്ഷ്യങ്ങളിലേക്ക് ഏറെ സഹായകരമാകും," സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഒരു ഒളിമ്പിക്സിൽ രണ്ട് മെഡലുകൾ നേടുന്ന ആദ്യ താരം എന്ന റെക്കോർഡിന് ഉടമയായ മനു ഭാക്കർ കൂട്ടിച്ചേർത്തു. ലോക വേദിയിൽ ഇന്ത്യൻ ഷൂട്ടിങ് താരങ്ങളുടെ അസാമാന്യമായ സ്ഥിരതയും മികവും അടിവരയിടുന്നതാണ് ഹാങ്‌ചൗവിലെ ഈ ഇരട്ട മെഡൽ നേട്ടം.