മഹാരാഷ്ട്രയിലെ പ്രവർത്തിക്കാത്ത ആറ് ഹോസ്റ്റലുകൾക്ക് ലഭിച്ചത് 1.62 കോടി രൂപ :സിഎജി റിപ്പോർട്ട്

  മഹാരാഷ്ട്രയിലെ പ്രവർത്തിക്കാത്ത  ആറ് ഹോസ്റ്റലുകൾക്ക് ലഭിച്ചത് 1.62 കോടി രൂപ :സിഎജി റിപ്പോർട്ട്

മുംബൈ: പ്രവർത്തന രഹിതമായ  സംസ്ഥാനത്തെ  ആറ് ഹോസ്റ്റലുകൾക്ക് സർക്കാർ ധനസഹായമായി ലഭിച്ചത് 1.62 കോടി രൂപ. സാമൂഹിക നീതി, പ്രത്യേക സഹായ വകുപ്പ് നാല് വർഷത്തിനിടെ ഈ സ്ഥാപനങ്ങൾക്ക് 1.62 കോടി രൂപ വിതരണം ചെയ്‌തതായിസിഎജി റിപ്പോർട്ട് .

റിപ്പോർട്ടിൽ  2024ൽ 6 ഹോസ്റ്റലുകളുടേയും പ്രവർത്തന പാളിച്ചകളെക്കുറിച്ചും വിശദമാക്കുന്നുണ്ട്. ജൂലായ് 10നാണ് ഈ റിപ്പോർട്ട് സംസ്ഥാന നിയമസഭയിൽ അവതരിപ്പിച്ചത്. കൂടാതെ ആറ് സ്ഥാപനങ്ങളേയും 'പ്രേത ഹോസ്റ്റലുകൾ' എന്നാണ് സിഎജി വിശേഷിപ്പിച്ചത്. പൊതുധനത്തിൻ്റെ നഗ്നമായ ദുരുപയോഗത്തിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്. തകർന്നതും പൂട്ടിയിട്ടതുമായ മുറികളും പൊടിപിടിച്ചതും ഒഴിഞ്ഞതുമായ കിടക്കകളുമാണ് ഹോസ്റ്റലുകളിലുള്ളത്.പിന്നാക്ക, സാമ്പത്തികമായ ദുർബല വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്കായി സർക്കാർ മേൽനോട്ടത്തിലുള്ള ഹോസ്റ്റലുകളിലേയും എയ്‌ഡഡ് ഹോസ്റ്റലുകളിലേയും അടിസ്ഥാന സൗകര്യങ്ങൾ, സുരക്ഷ, ശുചിത്വം, സാമ്പത്തികം കൈകാര്യം ചെയ്യൽ എന്നീ മേഖലകളിലെ ഗുരുതരമായ പോരായ്‌മകളെക്കുറിച്ച് റിപ്പോർട്ടിൽ പറയുന്നു. 2024 മാർച്ച് വരെ, മഹാരാഷ്ട്രയിൽ 1,21,971 ആൺകുട്ടികൾക്കും 40,543 പെൺകുട്ടികൾക്കും സേവനം നൽകിയിരുന്ന 443 സർക്കാർ ഹോസ്റ്റലുകളും 2,388 സർക്കാർ എയ്‌ഡഡ് ഹോസ്റ്റലുകളുമുണ്ടായിരുന്നു. ഓഡിറ്റ് കാലയളവിൽ ഈ ഹോസ്റ്റലുകൾക്കായി സംസ്ഥാനം 2,321 കോടി രൂപ ചെലവഴിച്ചു.

കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ  നടത്തിയ പരിശോധനയിൽ 18 സർക്കാർ ഹോസ്റ്റലുകളും 21 സർക്കാർ എയ്‌ഡഡ് ഹോസ്റ്റലുകളും ഉൾപ്പെടുന്നു. രേഖകളിൽ 38 വിദ്യാർഥികളും ഒരു സൂപ്രണ്ടും ഉണ്ടെന്ന് കാണിച്ചിരുന്നെങ്കിലും ജാൽനയിലെ മോദിഖാൻ ഹോസ്റ്റൽ  അടഞ്ഞുകിടക്കുന്നതും ജീർണാവസ്ഥയിലുള്ളതുമായ ഒരു കെട്ടിടമാണെന്ന് കണ്ടെത്തി. ഇവിടെ ആളുകളുടെ സാന്നിധ്യം ഒട്ടുമില്ലായിരുന്നു. ഈ സ്ഥാപനം ഉൾപ്പെടെയുള്ളവയെ തട്ടിപ്പ് സ്ഥാപനമായിട്ടാണ് റിപ്പോർട്ടിൽ പറയുന്നത്.സംസ്ഥാന സർക്കാർ നാല് വർഷത്തിനിടെ ഹോസ്റ്റലിന് 18 ലക്ഷം രൂപ ഓണറേറിയം നൽകുന്നത് തുടർന്നിരുന്നു എന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. റിപ്പോർട്ട് പ്രകാരം, ജാഫ്രാബാദിൽ (ജൽന) 24 വിദ്യാർഥികൾക്കായി നിർമ്മിച്ച ഒരു ഹോസ്റ്റലിൽ താമസക്കാരില്ലാതെ പൊടിപിടിച്ച കിടക്കകൾ സിഎജി സംഘം കണ്ടെത്തി. ജൽനയിൽ നാലെണ്ണവും ബുൾദാനയിലും ലാത്തൂരിലും ഓരോന്നും സംഘം കണ്ടെത്തി.സർക്കാർ ഹോസ്റ്റലുകളിലെ വ്യാപകമായ പോരായ്‌മകളും ഓഡിറ്റർ ചൂണ്ടിക്കാണിച്ചു, പലതിലും ഡൈനിംഗ് ഹാളുകൾ, ലൈബ്രറികൾ, കമ്പ്യൂട്ടർ ലബോറട്ടറികൾ, സിസിടിവി നിരീക്ഷണം, ദിനപത്രങ്ങൾ, ടെലിവിഷനുകൾ, പവർ ബാക്കപ്പ്,പതിവ് മെഡിക്കൽ പരിശോധനകൾ എന്നിവ ഇല്ലായിരുന്നു. കൂടാതെ നാല് ഹോസ്റ്റലുകളിൽ മേശകളും കസേരകളും ഇല്ലാതിരുന്നതിനാൽ വിദ്യാർഥികൾ ഭക്ഷണത്തിനായി തറയിൽ ഇരിക്കേണ്ടി വന്നതായും റിപ്പോർട്ടിൽ പറയുന്നു.

അഹല്യാനഗർ, ധാരാശിവ്, ജൽന, നാഗ്‌പൂർ എന്നിവിടങ്ങളിലെ ചില ഹോസ്റ്റലുകളിൽ പ്രവേശന മാനദണ്ഡങ്ങൾ ലംഘിക്കപ്പെട്ടുവെന്ന് പറയുന്നു. ഗ്രൗണ്ട് ഫ്ലോർ താമസം വേണമെന്ന നിയമങ്ങൾ ഉണ്ടായിരുന്നിട്ടും ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് ചില ഹോസ്റ്റലുടമകൾ മുകളിലത്തെ നിലകളിലാണ് മുറികൾ അനുവദിച്ചിരുന്നത്.ബയോമെട്രിക് അറ്റൻഡൻസ് സംവിധാനങ്ങളുള്ള 280 സർക്കാർ ഹോസ്റ്റലുകളിൽ 46 എണ്ണത്തിൽ മാത്രമേ പ്രവർത്തനക്ഷമമായ ഉപകരണങ്ങൾ ഉള്ളൂവെന്നും ശുചിത്വക്കുറവ്, ഗുണനിലവാരമില്ലാത്ത ഭക്ഷണം, ശുദ്ധമായ കുടിവെള്ളത്തിൻ്റെ അഭാവം, വെളിച്ചക്കുറവ്, ഒരു മാസത്തെ ഭക്ഷ്യധാന്യ സ്റ്റോക്ക് നിലനിർത്തുന്നതിൽ പരാജയം എന്നിവ കണ്ടെത്തിയെന്നും സിഎജി ചൂണ്ടിക്കാട്ടി.

ഫണ്ടുകൾ ദുരുപയോഗം ചെയ്‌തതിന് സർക്കാരിനേയും റിപ്പോർട്ടിൽ വിമർശിക്കുന്നുണ്ട്. 2023-24ൽ സർക്കാർ ഹോസ്റ്റലുകൾക്കായി അനുവദിച്ച 487 കോടി രൂപയിൽ 56.65 കോടി രൂപ ചെലവഴിക്കാതെ കിടക്കുകയാണെന്നും സിഎ ചൂണ്ടിക്കാട്ടി. ഓരോ താലൂക്കിലും ഒരു സർക്കാർ ഹോസ്റ്റൽ സ്ഥാപിക്കുക എന്ന സർക്കാർ നയം നടപ്പിലാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടതിനാൽ 117 താലൂക്കുകളിലായി ഏകദേശം 8,930 വിദ്യാർഥികൾക്ക് ഹോസ്റ്റൽ സൗകര്യങ്ങൾ നഷ്‌ടപ്പെട്ടുവെന്നും റിപ്പോർട്ടിൽ പറയുന്നു.സിഎജി പ്രകാരം 49 സർക്കാർ ഹോസ്റ്റലുകൾ സൂപ്രണ്ടുമാരില്ലാതെ പ്രവർത്തിക്കുന്നുണ്ടെന്നും അഞ്ച് പെൺകുട്ടികളുടെ ഹോസ്റ്റലുകളിൽ പുരുഷ സൂപ്രണ്ടുമാർ ചുമതല വഹിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. 2020 ആകുമ്പോഴേക്കും 500 സർക്കാർ ഹോസ്റ്റലുകൾ നിർമ്മിക്കുക എന്ന സംസ്ഥാനത്തിൻ്റെ ലക്ഷ്യം പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും ഫണ്ട് അനുവദിച്ചിട്ടും 443 ഹോസ്റ്റലുകൾ മാത്രമേ സ്ഥാപിച്ചിട്ടുള്ളൂവെന്നും ഓഡിറ്റർ പറഞ്ഞു. നിർമ്മാണത്തിലെ കാലതാമസം വിദ്യാർഥി ക്ഷേമ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക എന്ന ലക്ഷ്യത്തെ ദുർബലപ്പെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.