ചെറുമകൻ കൊല്ലപ്പെട്ട വാർത്ത വലിയ ആഘാതമായി !, കേതൻ അഗർവാളിൻ്റെ മുത്തച്ഛൻ മരണപ്പെട്ടു

പുണെ: കൊല്ലപ്പെട്ട യുവ വ്യവസായി കേതൻ അഗർവാളിൻ്റെ മുത്തച്ഛൻ ദേവിചന്ദ് അഗർവാൾ (71) അന്തരിച്ചു. കൊച്ചുമകന്റെ മരണത്തെത്തുടർന്നുണ്ടായ മാനസികാഘാതവും അസുഖവും കാരണം ഹൃദയാഘാതം സംഭവിച്ചാണ് അദ്ദേഹം മരിച്ചത്. ഇന്നലെ രാത്രി 9:45-ഓടെയായിരുന്നു അന്ത്യം.കൊലക്കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയുണ്ടായ ഈ മരണം കുടുംബത്തിന് മറ്റൊരു ആഘാതമായി മാറി .
ജൂൺ 15-ന് ലോഹഗഡ് കോട്ടയിൽ നിന്ന് വീണാണ് കേതൻ അഗർവാൾ മരിച്ചത്. ആദ്യം അപകടമരണമായി രജിസ്റ്റർ ചെയ്തിരുന്ന കേസ് പിന്നീട് കൊലപാതകമാണെന്ന് തെളിയുകയായിരുന്നു. കേസിൽ കേതന്റെ പ്രതിശ്രുതവധു സിയ ഗോയൽ (20), കാമുകൻ ചേതൻ ചൗധരി (22) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വിവാഹത്തിന് താൽപ്പര്യമില്ലാതിരുന്ന സിയ, കുടുംബത്തിന്റെ സമ്മർദ്ദം മൂലമാണ് വിവാഹത്തിന് സമ്മതിച്ചതെന്നാണ് പോലീസ് നിഗമനം.
കേസന്വേഷണത്തിനിടെ സിയ ഗോയൽ തന്റെ ഒരു സുഹൃത്തിന് അയച്ചതായി കരുതപ്പെടുന്ന സ്നാപ്പ്ചാറ്റ് സന്ദേശം പോലീസിന് ലഭിച്ചിട്ടുണ്ട്. വിവാഹം നടക്കില്ലെന്ന് ഉറപ്പിച്ചു പറയുന്ന സന്ദേശം മെയ് മാസത്തിലാണ് അയച്ചത്. നവംബറിൽ ഉദയ്പൂരിൽ വെച്ച് നടക്കേണ്ട വിവാഹത്തിനായി സുഹൃത്തിന്റെ യാത്രാ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനായി ആധാർ കാർഡ് ആവശ്യപ്പെട്ടുകൊണ്ടാണ് സിയ സന്ദേശമയച്ചത്. “ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ നിന്റെ ആധാർ കാർഡിന്റെ ഫോട്ടോ അയക്കൂ, എന്തായാലും ഈ വിവാഹം നടക്കാൻ പോകുന്നില്ല, എങ്കിലും അയക്കൂ” എന്ന് സന്ദേശത്തിൽ പറയുന്നു.
പേരക്കിടാവിൻ്റെ വിവാഹം കാണാനായി ഏറെപ്രതീക്ഷയോടെ കാത്തിരുന്ന ദേവിചന്ദ് അഗർവാളിന് കേതൻ കൊല്ലപ്പെട്ട വാർത്ത വലിയ ഷോക്കായിരുന്നുവെന്ന് കുടുംബം പറയുന്നു.