വിറ്റഴിച്ചത് 5 ലക്ഷത്തിലധികം യൂണിറ്റുകൾ, ഇന്ത്യയിൽ നേട്ടം കൊയ്‌ത് സ്കോഡ

ഹൈദരാബാദ്: ഇന്ത്യൻ വിപണിയിൽ നേട്ടം കൊയ്‌ത് ജർമ്മൻ കാർ നിർമ്മാതാക്കളായ സ്കോഡ. 5 ലക്ഷം യൂണിറ്റിലധികം ഇതിനകം തന്നെ വിറ്റഴിച്ചതായാണ് കമ്പനി അറിയിച്ചിരിക്കുന്നത്. രാജ്യത്ത് പ്രവർത്തനം ആരംഭിച്ച് 25 വർഷങ്ങൾക്ക് ശേഷമാണ് സ്കോഡ ഈ നേട്ടം കൈവരിക്കുന്നത്.സ്കോഡ ഓട്ടോയിൽ നിന്നുള്ള വിവരങ്ങൾ അനുസരിച്ച്, 2025 ജനുവരി മുതൽ ഒക്ടോബർ വരെ കമ്പനി 61,607 യൂണിറ്റ് കാറുകളാണ് വിറ്റഴിച്ചത്. ഇത് മുൻ വർഷങ്ങളിലെ ഏറ്റവും വലിയ വിൽപ്പനയായ 2022ലെ 53,721 യൂണിറ്റുകളേക്കാൾ വലിയ തോതിലുള്ള വർധനവാണ് കാണിക്കുന്നത്. സ്‌കോഡയുടെ ഈ നേട്ടത്തിന് പിന്നിൽ സ്കോഡ കൈലാഖ് സബ്കോംപാക്റ്റ് എസ്‌യുവി ആണെന്നാണ് കമ്പനി പറയുന്നത്.
നേട്ടത്തിലേക്ക് കൈപിടിച്ച് കൈലാഖ്
ആകെ വിൽപ്പനയുടെ വലിയൊരു ഭാഗം കൈലാഖിൽ നിന്നാണ്. 2025 ഡിസംബറിൽ ഡെലിവറി ആരംഭിച്ച സ്കോഡ കൈലാഖ് ഇതിനകം 40,000 യൂണിറ്റിലധികം വിറ്റഴിച്ചു. കൂടാതെ, 100 യൂണിറ്റുകളായി പരിമിതപ്പെടുത്തിക്കൊണ്ട് അടുത്തിടെ റീലോഞ്ച് ചെയ്‌ത സ്കോഡ ഒക്ടൈവ ആർഎസ് പ്രീ-ബുക്കിങ് ആരംഭിച്ച് മിനിറ്റുകൾക്കുള്ളിൽ വിറ്റുതീർന്നത് ശ്രദ്ധേയമായിരുന്നു.2025 നവംബറിൽ 5,491 യൂണിറ്റുകളുടെ വിൽപ്പന കൈവരിക്കാൻ സ്കോഡ ഓട്ടോ ഇന്ത്യക്ക് സാധിച്ചിട്ടുണ്ട്. ഇത് ഒരു വർഷം മുൻപത്തെ വിൽപ്പന കണക്കുകളെ അപേക്ഷിച്ച് 90 ശതമാനം വാർഷിക വർധനവ് സൂചിപ്പിക്കുന്നു. 2025 ഒക്ടോബറിൽ കമ്പനി 8,252 യൂണിറ്റുകൾ വിതരണം ചെയ്‌തിരുന്നു. ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന പ്രതിമാസ വിൽപ്പന റിപ്പോർട്ട് ചെയ്‌തതിന് പിന്നാലെയാണിത്.
കമ്പനിയുടെ പ്രതികരണം
തങ്ങളെ സംബന്ധിച്ച്, ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ തിളങ്ങാൻ സാധിച്ച വർഷമാണ് 2025 എന്നാണ് കമ്പനി പറയുന്നത്. "എല്ലാ മാസവും സ്ഥിരമായ വാർഷിക വിൽപ്പന വളർച്ച നേടാനായതിനും, 5 ലക്ഷം വിൽപ്പനയെന്ന നാഴികക്കല്ല് നേടാനായതിനും പിന്നിൽ ഞങ്ങളുടെ വളർന്നുവരുന്ന വിതരണ ശൃംഖല, ഓഫറുകൾ, വലിയ ഉൽപ്പന്ന പോർട്ട്‌ഫോളിയോ എന്നിവയാണ്"; സ്കോഡ ഓട്ടോ ഇന്ത്യയുടെ ബ്രാൻഡ് ഡയറക്‌ടർ ആശിഷ് ഗുപ്‌ത പറഞ്ഞു. ഞങ്ങളുടെ ഉൽപ്പന്നങ്ങളിലൂടെ ഉപഭോക്താക്കളുമായും ആരാധകരുമായും കൂടുതൽ അടുക്കുന്നതിലൂടെ വിൽപ്പനയുടെ വേഗത ഇനിയും ഉയർത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.