അറട്ടൈയ്‌ക്ക് പിന്നാലെ 'വാണി'യുമായി സോഹോ

അറട്ടൈയ്‌ക്ക് പിന്നാലെ 'വാണി'യുമായി  സോഹോ

മുംബൈ : വാട്‌സ്‌ആപ്പിനെ പിന്തള്ളി ആപ്പ് സ്റ്റോറുകളിൽ ഇന്ത്യൻ മെസേജിങ് ആപ്പായ 'അറട്ടൈ' ജനസമ്മതിനേടിക്കൊണ്ടിരിക്കുമ്പോൾ  ഇപ്പോഴിതാ അതേ കമ്പനിയുടെ തന്നെ പുതിയ പ്ലാറ്റ്‌ഫോമായ 'വാണി' എത്തിയിരിക്കുന്നു . ഗൂഗിൾ വർക്ക്‌സ്‌പെയ്‌സിനോട് എതിരിടാൻ വരുന്ന വാണി ഒരു എഐ ദൃശ്യസംയോജിത  ഇടമാണ് .

ഇന്ത്യയിൽ തന്നെ നിർമ്മിച്ച പുതിയ പ്ലാറ്റ്‌ഫോമിന് പിന്നിൽ തമിഴ്‌നാട്ടിലെ ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ സോഫ്‌റ്റ്‌വെയർ കമ്പനിയായ 'സോഹോ 'കോർപ്പറേഷനാണ്. ഗൂഗിൾ വർക്ക്‌സ്‌പെയ്‌സിന് പകരക്കാരനെന്നോണം പ്രൊഫഷണൽ ടീമുകളെ അവരുടെ ആശയങ്ങൾ പ്രാവർത്തികമാക്കാൻ വാണി സഹായിക്കും.വർഷങ്ങളായി ഗൂഗിൾ വർക്ക്‌സ്‌പെയ്‌സിൽ ഉപയോക്താക്കൾ നേരിടുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരമെന്നോണമാണ് ഇന്ത്യൻ നിർമിത പ്ലാറ്റ്‌ഫോം വാണി എത്തിയിരിക്കുന്നതെന്നാണ് സോഹോ പറയുന്നത്. ഉപയോക്താക്കൾക്ക് ആശയങ്ങൾ തൽക്ഷണം ദൃശ്യവൽക്കരിക്കാനും എഡിറ്റ് ചെയ്യാനും കഴിയുന്ന ഒരു ഡിജിറ്റൽ പ്ലാറ്റ്‌ഫോമായാണ് വാണി ഡിസൈൻ ചെയ്‌തിരിക്കുന്നത്.ഇക്കാലത്ത് എല്ലാ കമ്പനികളും ടീമുകളും നേരിടുന്ന പ്രധാന പ്രശ്‌നം, നല്ല ആശയങ്ങളുണ്ടെങ്കിലും, അവ സ്ലൈഡുകളിലും, ചാറ്റുകളിലും, നോട്ട്ബുക്കുകളിലും ചിതറിക്കിടക്കുന്നതല്ലാതെ അവ മാപ്പ് ചെയ്യാനും മറ്റും ഇടമില്ലെന്നതാണ്. ഇവിടെയാണ് വാണി പരമ്പരാഗത സോഫ്‌റ്റ്‌വെയറുകളിൽ നിന്ന് വ്യത്യസ്‌തമാകുന്നത്.വൈറ്റ്‌ ബോർഡുകൾ, ഡയഗ്രം, മൈൻഡ് മാപ്പുകൾ, സ്റ്റിക്കി നോട്ടുകൾ, വീഡിയോ കോളുകൾ തുടങ്ങിയ ഫീച്ചറുകൾ ഇതിലുണ്ട്. ഇതുവഴി ആശയങ്ങൾ ദൃശ്യവത്‌കരിക്കാൻ ഉപയോക്താക്കൾക്ക് കഴിയും. ആശയം നിർമിക്കുന്നതിന്‍റെ ആദ്യ ഘട്ടത്തിൽ പ്രയാസം തോന്നിയാലും എഐ സഹായിക്കും.

വീഡിയോ കോളുകൾ, കമന്‍റ് സെക്ഷനുകൾ, വോയ്‌സ് നോട്ടുകൾ, ഇമോജി റിയാക്ഷനുകൾ തുടങ്ങിയ നിരവധി സവിശേഷതകൾ വാണി വാഗ്‌ദാനം ചെയ്യുന്നുണ്ട്. ആശയത്തിൽ നിന്ന് അത് നടപ്പാക്കുന്നതിലേക്കുള്ള പ്രവർത്തനത്തിൽ വാണി കൂടെയുണ്ടാവും. ഒരൊറ്റ ഫ്ലാറ്റ്‌ഫോമിൽ തന്നെ ചിന്തിക്കാനും ആശയങ്ങൾ സൃഷ്‌ടിക്കാനും നടപ്പിലാക്കാനും വാണി സൗകര്യമൊരുക്കിയിട്ടുണ്ട്. മാർക്കറ്റിങ് ടീമുകൾക്ക് കാമ്പെയ്‌നുകൾ ആസൂത്രണം ചെയ്യാനും, ഡിസൈനർമാർക്ക് മൂഡ്‌ബോർഡുകൾ സൃഷ്‌ട്ടിക്കാനും, ഉൽപ്പന്ന ടീമുകൾക്ക് സവിശേഷതകൾ മാപ്പ് ചെയ്യാനും, ഡെവലപ്പർമാർക്ക് സിസ്റ്റം ഫ്ലോകൾ രൂപകൽപ്പന ചെയ്യാനും കഴിയുന്ന രീതിയിൽ സോഹോ ഓരോ ടീമിനും അനുയോജ്യമായ യൂസർ കോഡുകൾ  തയ്യാറാക്കിയിട്ടുണ്ട്.