സോനം വാങ്ചുകിനെ ആശുപത്രിയിൽ അനധികൃതമായി തടങ്കലിൽ വെച്ചിരിക്കുന്നു: കോടതിയെ സമീപിച്ച് ഗീതാഞ്ജലി ജെ. ആങ്മോ

സോനം വാങ്ചുകിനെ ആശുപത്രിയിൽ അനധികൃതമായി തടങ്കലിൽ വെച്ചിരിക്കുന്നു: കോടതിയെ  സമീപിച്ച് ഗീതാഞ്ജലി ജെ. ആങ്മോ

ന്യൂഡൽഹി: പരിസ്ഥിതി-സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുകിനെ സഫ്ദർജംഗ് ആശുപത്രിയിൽ അനധികൃതമായി തടങ്കലിൽ വെച്ചിരിക്കുകയാണെന്ന് ആരോപിച്ച് അദ്ദേഹത്തിന്റെ പങ്കാളി ഗീതാഞ്ജലി ജെ. ആങ്മോ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. ജന്തർ മന്തറിലെ അനിശ്ചിതകാല നിരാഹാര സമര വേദിയിലേക്ക് അദ്ദേഹം തിരികെ പോകുന്നത് തടയാൻ ‘വൈദ്യചികിത്സ’ എന്ന വ്യാജേന അധികൃതർ അദ്ദേഹത്തെ തടവിലാക്കിയിരിക്കുകയാണെന്ന് ഹർജിയിൽ പറയുന്നു.വാങ്ചുകിനെ ആശുപത്രിയിൽ നിന്ന് അടിയന്തരമായി ഡിസ്ചാർജ് ചെയ്യണമെന്നും മറ്റൊരു മെഡിക്കൽ കേന്ദ്രത്തിലേക്ക് മാറ്റണമെന്നും ആവശ്യപ്പെടുന്ന ഹർജി ഞായറാഴ്ച തന്നെ അടിയന്തരമായി പരിഗണിക്കാൻ ഹർജിക്കാരി ആവശ്യപ്പെട്ടിട്ടുണ്ട്. ജൂലൈ 18-ന് രാവിലെ ഏഴ് മണിയോടെ ജന്തർ മന്തറിലെ സമരവേദിയിൽ നിന്ന് ഡൽഹി പോലീസ് സോനം വാങ്ചുകിനെ ബലമായി നീക്കം ചെയ്യുകയും സമ്മതമില്ലാതെ സഫ്ദർജംഗ് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.നിലവിൽ അദ്ദേഹത്തിനെതിരെ ക്രിമിനൽ കേസുകളോ, അറസ്റ്റ് വാറന്റോ, കരുതൽ തടങ്കൽ ഉത്തരവുകളോ, കോടതി നിർദേശങ്ങളോ ഇല്ലെന്നും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. ആരോഗ്യനില നിരീക്ഷിക്കാനും ആവശ്യമെങ്കിൽ വൈദ്യസഹായം നൽകാനും ചീഫ് ജസ്റ്റിസ് ദേവേന്ദ്ര കുമാർ ഉപാധ്യായ, ജസ്റ്റിസ് തേജസ് കരിയ എന്നിവരടങ്ങിയ ബെഞ്ച് ജൂലൈ 16-ന് പുറപ്പെടുവിച്ച ഉത്തരവിന്റെ മറവിലാണ് അധികൃതരുടെ ഈ നടപടി.

ആശുപത്രിയിലും  ഭർത്താവ് നിരാഹാര സമരം തുടരുകയാണെന്നും തൻ്റെയോ കുടുംബത്തിന്റെയോ ഡോക്ടർമാരുടെയോ സമ്മതമില്ലാതെ വായിലൂടെയോ  ഞരമ്പിലൂടെയോ ഒന്നും നൽകരുതെന്ന് അറിയിച്ചിട്ടുണ്ടെന്നും ഗീതാഞ്ജലി മാധ്യമങ്ങളോട് പറഞ്ഞു  "നാളെ നിശ്ചയിച്ച പാർലിമെന്റ് മാർച്ചിൽ ചേരാൻ സോനം വാങ്ചുക്കിന് കഴിഞ്ഞില്ലെങ്കിൽ, ഞാൻ അദ്ദേഹത്തെ പ്രതിനിധീകരിച്ച് ആ മാർച്ചിന് നേതൃത്വം നൽകും," അവർ പറഞ്ഞു.


ആരാണ് ഗീതാഞ്ജലി ആങ്‌മോ?

വാങ്ചുകിന്റെ രണ്ടാമത്തെ ഭാര്യയായ ഗീതാഞ്ജലി ആങ്‌മോ ഒരു സാമൂഹിക സംരംഭകയും വിദ്യാഭ്യാസ പ്രവർത്തകയുമാണ്. വർഷങ്ങളായി അവർ നിരവധി ബിസിനസുകളും സാമൂഹിക സംരംഭങ്ങളും സ്ഥാപിച്ചിട്ടുണ്ട്, എന്നാൽ വാങ്‌ചുക്കിനൊപ്പം ഹിമാലയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആൾട്ടർനേറ്റീവ്‌സ്, ലഡാക്കി  (HIAL)ൻ്റെ  സഹസ്ഥാപകയായാണ് അവർ കൂടുതൽ അറിയപ്പെടുന്നത്.ഹിമാലയൻ സമൂഹങ്ങൾ നേരിടുന്ന വെല്ലുവിളികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പർവത വികസനത്തിനായുള്ള ഒരു ബദൽ സ്ഥാപനമായ HIAL-ന്റെ സ്ഥാപക സിഇഒയും ഡീനും ആയി അവർ ഇപ്പോൾ സേവനമനുഷ്ഠിക്കുന്നു. ഹരിത കാമ്പസുകൾ മുതൽ നിഷ്ക്രിയ സൗരോർജ്ജ-താപന കെട്ടിടങ്ങൾ വരെ, നിരവധി സുസ്ഥിര സാങ്കേതികവിദ്യകളിൽ HIAL പ്രവർത്തിക്കുന്നു, കൂടാതെ 2021-ൽ സൈന്യത്തിനായി സൗരോർജ്ജ-താപന ടെന്റുകൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്.

ഒഡീഷയിലെ ബാലസോറിൽ ഒരു പഞ്ചാബി കുടുംബത്തിലാണ് ആങ്മോ ജനിച്ചത്. ഫക്കീർ മോഹൻ സർവകലാശാലയിൽ നിന്ന് ഭൗതികശാസ്ത്രത്തിൽ ബിരുദവും ഭുവനേശ്വറിലെ സേവ്യർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിൽ നിന്ന് എംബിഎയും നേടി.കോർപ്പറേറ്റ് മേഖലയിൽ ഏകദേശം 15 വർഷം, പ്രധാനമായും ഡെൻമാർക്കിൽ ചെലവഴിച്ച ശേഷം, അവർ തന്റെ സംരംഭക യാത്ര തുടരുന്നതിനായി ഇന്ത്യയിലേക്ക് മടങ്ങി. അതിനുശേഷം, അവർ പുഷാൻ, ഷാങ്ഹായ് പവർ പ്രോജക്ട്സ് ലിമിറ്റഡ്, ഹീലിയോസ് ബുക്സ് പബ്ലിഷിംഗ് ഹൗസ് തുടങ്ങി നിരവധി സംരംഭങ്ങൾ ആരംഭിച്ചു.

വേദാന്തവും ഗീതയും പഠിപ്പിക്കുന്ന ഒരു ആത്മീയ അന്വേഷകയായിട്ടാണ് അവർ സ്വയം വിശേഷിപ്പിക്കുന്നത്.  'വിമൻ ട്രാൻസ്ഫോർമിംഗ് ഇന്ത്യ' ദേശീയ അവാർഡ് ജേതാവായ ഗീതാഞ്ജലി കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റും ഒഡീസി, റഷ്യൻ ബാലെ നർത്തകിയുമാണ്.