"മരിക്കാതെ വേറെ മാര്‍ഗമില്ല, നിങ്ങള്‍ സുഖമായി ജീവിക്കൂ"'; സ്വര്‍ണാഭരണം തട്ടിയ കേസില്‍ യുവതിയുടെ ആത്മഹത്യാക്കുറിപ്പ്

തിരുവനന്തപുരം: തിരുവനന്തപുരം: സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കിയ സ്ത്രീ തിരികെ നല്‍കാത്തതിന്റെ മനോവിഷമത്തില്‍ ജീവനൊടുക്കിയ യുവതിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്. സ്വകാര്യ സ്വര്‍ണപ്പണയ ഇടപാടു സ്ഥാപനത്തിലെ ജീവനക്കാരി വെണ്ണിയൂര്‍ നെല്ലിവിള ജയ ഭവനില്‍ വിഷ്ണുവിന്റെ ഭാര്യ അഞ്ജു(28) ആണ് ഇന്നലെ മരിച്ചത്.'മരിക്കാതെ വേറെ മാര്‍ഗമില്ല, നിങ്ങള്‍ സുഖമായി ജീവിക്കൂ' എന്നാണ് അഞ്ജുവിന്റെ ആത്മഹത്യാക്കുറിപ്പിലുള്ളത്. അഞ്ജുവിനൊപ്പം വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച വെങ്ങാനൂർ ചാവടിനടയിൽ രാജീവിന്റെ ഭാര്യ ഐശ്വര്യ (32) അതീവ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. മരിച്ച യുവതിയുടെ ആത്മഹത്യാക്കുറിപ്പനുസരിച്ച് പനങ്ങോട് സ്വദേശിനിയായ സിന്ധു കുമാരിയെ (53) വിഴിഞ്ഞം പൊലീസ് അറസ്റ്റു ചെയ്തു.
കഴിഞ്ഞ മാസം 30നാണ് ഇരുവരും ഷാർജാ ജ്യൂസിൽ വിഷം കലർത്തി കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത് .സ്വകാര്യ സ്വർണ പണമിടപാട് സ്ഥാപനത്തിന്റെ വിഴിഞ്ഞം ശാഖയിലെ ജീവനക്കാരിയായിരുന്നു മരിച്ച അഞ്ജു. ചികിത്സയിൽ കഴിയുന്ന ഐശ്വര്യ ഇതേ സ്ഥാപനത്തിന്റെ വെങ്ങാനൂർ അമരിവിളയിലുള്ള ശാഖയിലാണ് ജോലി നോക്കിയിരുന്നത്. ഇരുവരുടെയും അടുത്ത സുഹൃത്തായ പനങ്ങോട് സ്വദേശിനിക്കാണ് തങ്ങൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിൽ പണയമായിരുന്ന ഇതര വ്യക്തികളുടെ സ്വർണാഭരണങ്ങളിൽ നിന്നും 70 പവനോളം സ്വർണം ഇവർ മറിച്ചു നൽകിയത്. എന്നാൽ ആവശ്യത്തിനു ശേഷം സ്വർണം സുരക്ഷിതമായി തിരികെ നൽകാമെന്നേറ്റിരുന്ന സുഹൃത്ത് ഇത് തിരികെ നൽകാൻ തയ്യാറാകാതെ വന്നതോടെയാണ് കാര്യങ്ങൾ കൈവിട്ടുപോയത്.
സ്ഥാപനത്തിൽ സ്വർണം പണയം വെച്ചിരുന്ന യഥാർത്ഥ ഉടമകൾ ആഭരണങ്ങൾ തിരിച്ചെടുക്കാനായി ശാഖകളിൽ എത്തിയതോടെ യുവതികൾ കടുത്ത സമ്മർദ്ദത്തിലാവുകയായിരുന്നു. തുടർന്ന് പലരിൽ നിന്നായി വലിയ തുകകൾ കടം വാങ്ങി കുറച്ചുപേർക്ക് ഇവർ സ്വർണത്തിന്റെ പണം നൽകി പ്രതിസന്ധി പരിഹരിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഒടുവിൽ ലക്ഷക്കണക്കിന് രൂപയുടെ സ്വർണം നഷ്ടപ്പെട്ട വിവരം സ്ഥാപന ഉടമ അറിഞ്ഞതോടെ ഇരുവരും കടുത്ത മാനസിക വിഷമത്തിലാവുകയും ആത്മഹത്യയെന്ന തീവ്രമായ തീരുമാനത്തിലേക്ക് നീങ്ങുകയുമായിരുന്നു.മരിച്ച അഞ്ജുവിന് അഥർവ് (5) എന്ന് പേരുള്ള ഒരു മകനുണ്ട്. സംഭവത്തിൽ അഞ്ജുവിന്റെ സഹോദരനും ഭർത്താവും വിഴിഞ്ഞം പോലീസിൽ ഔദ്യോഗികമായി പരാതി നൽകിയിരുന്നു . ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ തുടരുന്ന ഐശ്വര്യയുടെ മൊഴി മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിൽ പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് വിപുലമായ അന്വേഷണം ആരംഭിച്ചതായി വിഴിഞ്ഞം എസ്.എച്ച്.ഓ. വി.ഡി.റെജി രാജ് അറിയിച്ചു.