അമ്മയിലെ അഡ്ഹോക്ക് കമ്മിറ്റിക്ക് വിലക്ക് ; ശ്വേത മേനോൻ്റെ സമിതിക്ക് ഭരണം തുടരാം

എറണാകുളം : താരസംഘടനയായ ‘അമ്മ’യിലെ ആഭ്യന്തര തർക്കങ്ങൾ പുതിയ നിയമപോരാട്ടത്തിലേക്ക്. സംഘടനയുടെ ദൈനംദിന പ്രവർത്തനങ്ങൾക്കായി രൂപീകരിച്ച താല്കാലിക അഡ്ഹോക്ക് കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്ക് എറണാകുളം മുൻസിഫ് കോടതി താല്കാലിക വിലക്കേർപ്പെടുത്തി. അഡ്ഹോക്ക് കമ്മിറ്റിയുടെ നിയമസാധുതയെ ചോദ്യം ചെയ്ത് ശ്വേത മേനോൻ ഇന്ന് ഉച്ചയ്ക്ക് ശേഷം സമർപ്പിച്ച അടിയന്തിര ഹർജിയിലാണ് കോടതിയുടെ ഈ നിർണ്ണായക ഉത്തരവ്. പുതിയ ഭരണസമിതിയെ തിരഞ്ഞെടുക്കുന്നതുവരെ നിലവിൽ ശ്വേത മേനോൻ്റെ നേതൃത്വത്തിലുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് തന്നെ സംഘടനയുടെ ഔദ്യോഗിക പ്രവർത്തനം തുടരാമെന്നും കോടതി വ്യക്തമാമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ഏതാനും ആഴ്ചകളായി ‘അമ്മ’ സംഘടനയ്ക്കുള്ളിൽ പുകയുന്ന കടുത്ത ഭിന്നതകളും തർക്കങ്ങളും പൊതുസമൂഹത്തിൽ വലിയ ചർച്ചയായിരുന്നു. ജൂൺ 21-ന് നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിലെ നാടകീയ രംഗങ്ങൾക്ക് പിന്നാലെ ശ്വേത മേനോൻ പ്രസിഡന്റായ ഭരണസമിതി ഒന്നടങ്കം രാജി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംഘടനയെ നയിക്കാൻ രമേഷ് പിഷാരടി അധ്യക്ഷനായ അഡ്ഹോക്ക് കമ്മിറ്റി നിലവിൽ വന്നത്. എന്നാൽ, ഇന്നലെ കൊച്ചിയിൽ കൂടിയ അഡ്ഹോക്ക് കമ്മിറ്റി യോഗത്തിന് ശേഷം, ശ്വേത മേനോൻ അടക്കമുള്ള മുൻ ഭാരവാഹികൾ അമ്മയ്ക്ക് ഔദ്യോഗികമായി രേഖാമൂലം രാജിക്കത്ത് നൽകിയിട്ടില്ലെന്ന് രമേഷ് പിഷാരടിയും കെ.ബി. ഗണേഷ് കുമാറും വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തിയിരുന്നു.ഇതിന് തൊട്ടുപിന്നാലെയാണ് കടുത്ത നിയമനടപടികളിലേക്ക് ശ്വേത മേനോൻ കടന്നത്. അമ്മയുടെ നിലവിലുള്ള ബൈലോ പ്രകാരം ഭരണസമിതി രാജിവെച്ചാൽ പോലും അടുത്ത പൊതുതിരഞ്ഞെടുപ്പ് നടന്ന് പുതിയ ആളുകൾ വരുന്നത് വരെ ആ കമ്മിറ്റിക്ക് തന്നെയാണ് സംഘടനയുടെ ഭരണ ചുമതലയെന്നും അഡ്ഹോക്ക് കമ്മിറ്റിക്ക് യാതൊരുവിധ നിയമസാധുതയുമില്ലെന്നും ശ്വേത വാദിച്ചു.