"വിദ്യാർത്ഥികളെ തല്ലിച്ചതച്ചു, പ്രധാനമന്ത്രി മാപ്പ് പറയണം, അമിത് ഷാ മറുപടി പറയണം"

"വിദ്യാർത്ഥികളെ തല്ലിച്ചതച്ചു, പ്രധാനമന്ത്രി മാപ്പ് പറയണം, അമിത് ഷാ മറുപടി പറയണം"

ന്യൂഡൽഹി: നീറ്റ് സമരത്തിന് നേരെ പോലീസ് നടത്തിയ ക്രൂരമായ അതിക്രമത്തിൽ പാർലമെന്റിൽ പ്രതിഷേധം ശക്തമാക്കാൻ കോൺഗ്രസ്. വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പ് പറയണമെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റിൽ വിശദീകരണം നൽകണമെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി ആവശ്യപ്പെട്ടു.വിദ്യാർത്ഥികൾക്ക് നേരെ ദാരുണമായ വേട്ട നടന്നിട്ടും അതിനെ തെറ്റായി കാണാനുള്ള ആർജ്ജവം പ്രധാനമന്ത്രി കാണിച്ചില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വിദ്യാർത്ഥികളെ പോലീസ് അതിക്രൂരമായി മർദ്ദിച്ചപ്പോൾ പ്രധാനമന്ത്രി പുലർത്തിയ മൗനം ലജ്ജാവഹമാണ്. സൈന്യത്തെയും സി.ആർ.പി.എഫിനെയും ഉപയോഗിച്ച് പെല്ലറ്റ് പ്രയോഗം നടത്തിയത് ആരുടെ നിർദ്ദേശപ്രകാരമാണെന്നും അമിത് ഷായുടെ നിർദ്ദേശമുണ്ടായിരുന്നോ എന്നും അദ്ദേഹം ചോദിച്ചു. ഇതിനെല്ലാം ആഭ്യന്തരവകുപ്പ് മറുപടി നൽകേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഇന്ത്യയിലെ വിദ്യാർത്ഥികളും യുവജനങ്ങളും കക്ഷിരാഷ്ട്രീയത്തിനതീതമായി നടത്തിയ കൂട്ടായ പോരാട്ടത്തിന്റെ വിജയമാണിത്. ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തുടർച്ചയായി ശബ്ദമുയർത്തിയിട്ടുണ്ട്. പാവപ്പെട്ട കുട്ടികൾ ക്രൂരമായി ആക്രമിക്കപ്പെട്ടപ്പോൾ സുരക്ഷാവലയങ്ങൾ ഭേദിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധം ലോകമാധ്യമങ്ങൾ വരെ ശ്രദ്ധിച്ചതാണെന്നും കെ.സി. വേണുഗോപാൽ വ്യക്തമാക്കി.



മോദി സഭയിൽ മറുപടി പറയണമെന്ന് ഇന്ത്യാ സഖ്യം

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവച്ചെങ്കിലും കേന്ദ്ര സർക്കാരിനെതിരായ രാഷ്‌ട്രീയ പോരാട്ടം അവസാനിപ്പിക്കില്ലെന്ന് ഇന്ത്യാ സഖ്യം പ്രഖ്യാപിച്ചു. തിങ്കളാഴ്‌ച പാർലമെൻ്റ് വീണ്ടും ചേരുമ്പോൾ സർക്കാരിനെ പ്രതിരോധത്തിലാക്കാൻ തന്നെയാണ് പ്രതിപക്ഷത്തിൻ്റെ തീരുമാനം. മൺസൂൺ സമ്മേളനം ആരംഭിച്ച ജൂലൈ 20 മുതൽ പ്രതിപക്ഷം ഇരുസഭകളും സ്‌തംഭിപ്പിച്ചിരുന്നു. വിദ്യാഭ്യാസ മന്ത്രിയുടെ രാജി പരീക്ഷാ ചോർച്ചയിൽ ചർച്ചയ്ക്കുള്ള മുൻവ്യവസ്ഥയാണെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വ്യക്തമാക്കിയിരുന്നു. എന്നാൽ മന്ത്രിയുടെ രാജി കൊണ്ട് മാത്രം വിഷയം അവസാനിക്കുന്നില്ലെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.

സഭ സാധാരണ നിലയിലാകാൻ പുതിയ ഉപാധികൾ

കേന്ദ്ര മന്ത്രിയുടെ രാജി വിദ്യാർഥികളുടെയും യുവാക്കളുടെയും ജനാധിപത്യപരമായ പോരാട്ടത്തിൻ്റെ വിജയമാണെന്ന് കോൺഗ്രസ് രാജ്യസഭാ എം പി സയ്യിദ് നാസിർ ഹുസൈൻ  പറഞ്ഞു. പാർലമെൻ്റ് തടസമില്ലാതെ പ്രവർത്തിക്കണമെങ്കിൽ മറ്റ് രണ്ട് ആവശ്യങ്ങൾ കൂടി സർക്കാർ അംഗീകരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. നീറ്റ് പരീക്ഷ ചോർച്ചയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി സഭയിൽ നേരിട്ട് പ്രസ്‌താവന നടത്തണം. ജൂലൈ 20-ന് പ്രക്ഷോഭം നടത്തിയ വിദ്യാർഥികൾക്ക് നേരെ നടന്ന പൊലീസ് അതിക്രമത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി സഭയോട് വിശദീകരണം നൽകണം.ഈ ആവശ്യങ്ങൾ അംഗീകരിച്ചാൽ മാത്രമേ വിദ്യാഭ്യാസ പരിഷ്‌കാരങ്ങളെക്കുറിച്ചും നീറ്റ് അട്ടിമറിയെക്കുറിച്ചും സഭയിൽ ചർച്ചയ്ക്ക് തയ്യാറാകൂ എന്നാണ് ഇന്ത്യാ സഖ്യത്തിൻ്റെ നിലപാട്. തിങ്കളാഴ്‌ച രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുന ഖാർഗെയുടെയും രാഹുൽ ഗാന്ധിയുടെയും നേതൃത്വത്തിൽ പ്രതിപക്ഷ നേതാക്കൾ യോഗം ചേർന്ന് തുടർനടപടികൾ തീരുമാനിക്കും.