മുംബൈ ഭീകരാക്രമണത്തിന് ഇന്ന് 17 വർഷം

മുംബൈ :ലോക മനഃസാക്ഷിയെ ഞെട്ടിച്ച മുംബൈ ഭീകരാക്രമണത്തിന് ഇന്ന് 17 വർഷം തികയുകയാണ്. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഭീകരപ്രവർത്തനങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്ന ഈ ആക്രമണത്തിൽ വിനോദസഞ്ചാരികളടക്കം 166 പേരാണ് കൊല്ലപ്പെട്ടത്. ഭീകര സംഘടനയായ ലഷ്കർ ഇ ത്വയ്ബയുടെ 10 ഭീകരർ ചേർന്ന് മൂന്ന് ദിവസം നീണ്ട ആക്രമണത്തിലൂടെ മഹാനഗരത്തെ വിറപ്പിച്ചു. ആ നടുക്കുന്ന ഓർമ്മകൾ ഇന്നും മുംബൈയിൽ മായാതെ നിൽക്കുന്നു.അജ്മൽ കസബിൻ്റെ നേതൃത്വത്തിൽ കടൽ മാർഗമാണ് പാക് ഭീകരർ മുംബൈയിലേക്ക് എത്തിയത്. നഗരത്തിലെ പ്രധാനപ്പെട്ടതും തിരക്കേറിയതുമായ 12 സ്ഥലങ്ങളെ ഏകോപിപ്പിച്ചായിരുന്നു ഇവരുടെ ആക്രമണം. ചെറിയ ഗ്രൂപ്പുകളായി തിരിഞ്ഞ്, എ.കെ-47 തോക്കുകളും ഗ്രനേഡുകളും ഉപയോഗിച്ച് കൂട്ട വെടിവെയ്പ്പുകളും സ്ഫോടനങ്ങളും നടത്തുകയായിരുന്നു ഭീകരരുടെ ലക്ഷ്യം. താജ് ഹോട്ടൽ, ഒബ്‌റോയ് ഹോട്ടൽ, നരിമാൻ ഹൗസ് എന്നിവിടങ്ങളിൽ ഭീകരർ ആളുകളെ ബന്ദികളാക്കുകയും ചെയ്തിരുന്നു. ഈ ഭീകരാക്രമണങ്ങളിൽ മുന്നൂറിലേറെ പേർക്കാണ് പരിക്കേറ്റത്.മൂന്ന് ദിവസം നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് ഭീകരരെ സുരക്ഷാ സേനയ്ക്ക് കീഴടക്കാൻ സാധിച്ചത്. എൻഎസ്ജി കമാൻഡോകളും മുംബൈ പൊലീസും മറൈൻ കമാൻഡോകളും ചേർന്നാണ് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കിയത്. ‘ഓപ്പറേഷൻ ബ്ലാക്ക് ടൊർണാഡോ’ എന്ന പേരിലാണ് ഈ രക്ഷാപ്രവർത്തനം അറിയപ്പെടുന്നത്.10 തീവ്രവാദികളിൽ മുഹമ്മദ് അജ്മൽ അമീർ കസബ് എന്ന ഒരാളെ മാത്രമാണ് ജീവനോടെ പിടികൂടാനായത്. നിയമപരമായ കോടതി നടപടികൾക്ക് ശേഷം 2012-ൽ കസബിനെ തൂക്കിലേറ്റി.

മുംബൈയുടെ അഭിമാനവും അഹങ്കാരവുമായ 'താജ് ഹോട്ടൽ' ഭീകാരാക്രമണത്തിൻ്റെ ഇരയായി .ഹോട്ടൽ ജീവനക്കാർ, വിദേശ പൗരന്മാർ, സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ 31 പേർക്ക് അവിടെ ജീവൻ നഷ്ടമായി. ഛത്രപതി ശിവാജി റെയിൽവേ സ്റ്റേഷൻ, ലിയോപോൾഡ് കഫേ, രണ്ട് ആശുപത്രികൾ, ഒരു സിനിമാ ഹാൾ ഇവിടയെല്ലാം ആക്രമണത്തിന് ശേഷം തീർത്തും ശ്മശാന സമാനമായി.
26/11 ആക്രമണങ്ങൾ ഭീകരതയുടെ ഭീതിയുടെയും ഇന്ത്യയുടെ ചെറുത്തുനില്പിന്റെയും വ്യക്തമായ ഓർമ്മപ്പെടുത്തലായി തുടരുന്നു. രാജ്യത്തിനായി പൊരുതിയ ഓരോ നായകന്മാരും രാജ്യത്തിന്റെ അചഞ്ചലമായ ദൃഢനിശ്ചയത്തിന്റെയും ധീരതയുടെയും ശാശ്വത പ്രതീകങ്ങളായി നിലകൊള്ളുന്നു.
ആക്രമണത്തിൻ്റെ സൂത്രധാരന്മാർ ഇപ്പോഴും ജീവിച്ചിരിക്കുന്നു :
ഭീകരാക്രമണത്തിൻ്റെ പ്രധാന സൂത്രധാരന്മാരിലൊരാളായ കോള്‍മാന്‍ ഹെഡ്ലിയെ ഇന്ത്യയ്ക്ക് കൈമാറാന്‍ അമേരിക്ക ഇതുവരെ തയാറായിട്ടില്ല.മറ്റൊരു പ്രധാന പ്രതിയായ തഹാവൂർ ഹുസൈൻ റാണയെ അമേരിക്കയിൽ നിന്ന് തിരികെ എത്തിച്ചപ്പോഴും "മുംബൈ ഭീകരാക്രമണങ്ങളിൽ തനിക്ക് പങ്കുണ്ടെന്ന് " കുറ്റസമ്മതം നടത്തിയ പാക്കിസ്ഥാൻ വംശജനായ യുഎസ് പൗരന്‍ ഹെഡ്‌ലിയെ അമേരിക്ക വിട്ടുനൽകിയില്ല .മുംബൈ ആക്രമണവുമായി ബന്ധപ്പെട്ട തീവ്രവാദ കുറ്റങ്ങൾക്കും ഒരു ഡാനിഷ് പത്രത്തിനെതിരെ ആസൂത്രണം ചെയ്ത ആക്രമണത്തിനും നിലവിൽ അമേരിക്കൻ ജയിലിൽ 35 വർഷത്തെ തടവ് അനുഭവിക്കുകയാണ് ഇയാൾ .

പ്രമുഖ പാകിസ്ഥാൻ നയതന്ത്രജ്ഞനായിരുന്ന സയ്യിദ് സലിം ഗിലാനിയുടെയും അമേരിക്കൻ പൗരയായ ഭാര്യ ആലീസ് സെറിൽ ഹെഡ്‌ലിയുടെയും മകനായി വാഷിംഗ്ടൺ ഡിസിയിൽ ദാവൂദ് സയ്യിദ് ഗിലാനി എന്ന പേരിലാണ് ഡേവിഡ് കോൾമാൻ ഹെഡ്‌ലി ജനിച്ചത്. പാകിസ്ഥാനിലെ ബോർഡിംഗ് സ്കൂളിലാണ് ഹെഡ്‌ലി തന്റെ ബാല്യകാലം ചെലവഴിച്ചത്. പിന്നീട് അദ്ദേഹം യുഎസിലേക്ക് മാറി. ഫിലാഡൽഫിയയിലെ തന്റെ കുടുംബ പബ്ബിൽ ബാർമാനായി ജോലി ചെയ്തു. പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ലഷ്കർ-ഇ-തൊയ്ബ (എൽഇടി) യുമായി അയാൾ ബന്ധം സ്ഥാപിച്ചു. 1998-ൽ, പാകിസ്ഥാനിൽ നിന്ന് യുഎസിലേക്ക് ഹെറോയിൻ കടത്തിയതിന് രണ്ട് വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടു. മോചിതനായ ശേഷം, ഹെഡ്‌ലി യുഎസ് ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് അഡ്മിനിസ്ട്രേഷനുമായി (ഡിഇഎ) ചേർന്ന് പാകിസ്ഥാനിൽ രഹസ്യ നിരീക്ഷണ പ്രവർത്തനങ്ങൾ നടത്താൻ തുടങ്ങി. 2002 നും 2005 നും ഇടയിൽ പാകിസ്ഥാനിൽ നടന്ന അഞ്ച് ലഷ്കർ ഇ തൊയ്ബ പരിശീലന ക്യാമ്പുകളില്‍ പങ്കെടുത്ത ശേഷം, ലഷ്കർ കമാൻഡർമാരുടെ നിർദ്ദേശപ്രകാരം ഹെഡ്‌ലി ഇന്ത്യയിലേക്ക് യാത്ര നടത്തി. 2008 ലെ മുംബൈ ആക്രമണത്തിന് മുമ്പ് അഞ്ച് തവണ ഹെഡ്ലി ഇന്ത്യയിലെത്തിയിരുന്നതായി യുഎസ് നീതിന്യായ വകുപ്പ് അറിയിച്ചു.