ആംബുലൻസ് കിട്ടിയില്ല :ഭാര്യയുടെ മൃതദേഹം ബൈക്കിൽ കൊണ്ടുപോയി യുവാവ്

ഭുവനേശ്വർ: ആംബുലൻസ് ലഭിക്കാത്തതിനെ തുടർന്ന് ഭാര്യയുടെ മൃതദേഹം ബൈക്കിൽ കൊണ്ടുപോയി യുവാവ്. ഒഡീഷയിലെ ജാർസുഗുഡ ജില്ലയിലാണ് സംഭവം നടന്നത്. നിരവധി ശ്രമങ്ങൾ നടത്തിയിട്ടും ആശുപത്രി അധികൃതർ ഒരു ക്രമീകരണവും നടത്താത്തിനെ തുടർന്നാണ് ഭാര്യയുടെ മൃതദേഹം അയൽക്കാരൻ്റെ ബൈക്കിൽ ഗ്രാമത്തിലേക്ക് കൊണ്ടു പോവാൻ തീരുമാനിച്ചതെന്ന് മരണപ്പെട്ട യുവതിയുടെ ഭർത്താവ് നരേഷ് ഛത്രി പറഞ്ഞു.ഗ്രാമീണ ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്‌മയാണ് ഈ സംഭവം വീണ്ടും വെളിച്ചത്തു കൊണ്ടുവന്നത്.
ഭാര്യയുടെ മൃതദേഹം ബൈക്കിൽ കൊണ്ടുപോവുന്ന യുവാവിൻ്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ വൈറലായതിനെ തുടർന്ന് സംസ്ഥാന ആരോഗ്യ മേഖലയ്‌ക്ക് എതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. മൃതദേഹം വീട്ടിലെത്തിക്കാൻ ആശുപത്രിയിൽ നിന്നോ പ്രാദേശിക ഭരണകൂടത്തിൽ നിന്നോ ആംബുലൻസ് ലഭിക്കാത്തതിനെ തുടർന്നാണ് യുവാവ് ഇത്തരത്തിൽ ഒരു പ്രവൃത്തിക്ക് മുൻ കൈ എടുത്തത്.
ജാർസുഗുഡയിലെ ലൈസെറ ബ്ലോക്കിന് കീഴിലുള്ള ഭട്‌ലൈഡ പഞ്ചായത്തിലെ ഒഡിയപാലി ഗ്രാമത്തിൽ താമസിക്കുന്ന നരേഷ് ഛത്രീയ അസുഖ ബാധിതയായ ഭാര്യ യമുന ഛത്രിയയെ ചികിത്സയ്‌ക്കായ് ശനിയാഴ്‌ച രാവിലെ മുദ്രജോർ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ കൊണ്ടുപോയിരുന്നു. എന്നാൽ ജമുന ഛത്രീയ അവിടെ എത്തിയപ്പോഴേക്കും മരണപ്പെടുകയായിരുന്നു.പെട്ടെന്നുള്ള മരണമായതിനാൽ മൃതദേഹം പരിശോധിക്കാൻ ഡോക്ടർ കുടുംബാംഗങ്ങളോട് ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാൽ കുടുംബാംഗങ്ങൾ വിസമ്മതിക്കുകയും ഒരു സമ്മതപത്രം എഴുതി നൽകി അവിടെനിന്ന് പോകുകയുമായിരുന്നുവെന്ന് സിഡിഎംഒ പറഞ്ഞു.ചട്ടപ്രകാരം ചികിത്സിക്കുന്ന ഡോക്‌ടർ പൊലീസിനെ അറിയിക്കേണ്ടതായിരുന്നുവെന്നും ഇത് സംബന്ധിച്ച് സിഡിഎംഒ ആശുപത്രിയിൽ നേരിട്ടെത്തി അന്വേഷിക്കുമെന്നും ഏതെങ്കിലും ആരോഗ്യ കേന്ദ്ര ജീവനക്കാർ കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ അവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.