യുവതി കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ച നിലയിൽ; സ്ത്രീധനം ചോദിച്ച് കൊലപ്പെടുത്തിയതെന്ന് കുടുംബം

ന്യൂഡൽഹി: തെക്കൻ ഡൽഹിയിലെ അതീവ സുരക്ഷിത മേഖലയായ ലോധി കോളനിയിൽ നവവധുവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഡൽഹി സ്വദേശിനിയും ചത്തർപൂരിലെ സ്വകാര്യ കമ്പനിയിൽ സെയിൽസ് എക്‌സിക്യൂട്ടീവുമായിരുന്ന ആകൃതി സുതറിനെയാണ് (28) പാലിക കുഞ്ചിലെ ഒരു ഫ്ലാറ്റിന്റെ മൂന്നാം നിലയിൽ നിന്നും വീണു മരിച്ച നിലയിൽ കണ്ടെത്തിയത്. ആകൃതിയുടെ ശരീരത്തിൽ ക്രൂരമായ പരിക്കേറ്റ പാടുകൾ ഉണ്ടായിരുന്നുവെങ്കിലും മൃതദേഹം കണ്ടെത്തിയ സംഭവസ്ഥലത്ത് നിന്നും പരിശോധനയിൽ രക്തക്കറകൾ ഒന്നും തന്നെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
ഡൽഹിയിലെ പുഷ്പ് വിഹാറിൽ ഭർത്താവിനൊപ്പം താമസിക്കുന്ന ആകൃതി, തന്റെ താമസസ്ഥലത്ത് നിന്നും പത്ത് കിലോമീറ്ററിലധികം അകലെയുള്ള ലോധി കോളനിയിലെ വിജനമായ കെട്ടിടത്തിൽ എങ്ങനെ എത്തിയതെന്ന കാര്യത്തിൽ നിലവിൽ പോലീസിന് വ്യക്തതയില്ല. സംഭവത്തിൽ കടുത്ത ദുരൂഹതയുണ്ടെന്നും പെൺകുട്ടിയുടേത് ആസൂത്രിതമായ കൊലപാതകമാണെന്നും ആരോപിച്ച് ആകൃതിയുടെ കുടുംബം രംഗത്തെത്തി.നീണ്ട എട്ടുവർഷത്തെ തീവ്ര പ്രണയത്തിനൊടുവിൽ കഴിഞ്ഞ ഏപ്രിൽ 24-നായിരുന്നു ആകൃതിയും അരസ്തു സിക്കയും തമ്മിലുള്ള വിവാഹം വൻ ആഘോഷമായി നടന്നത്. എന്നാൽ വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കകം തന്നെ 20 ലക്ഷം രൂപ അധിക സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവ് അരസ്തുവും കുടുംബവും ആകൃതിയെ മാനസികമായും ശാരീരികമായും നിരന്തരം പീഡിപ്പിച്ചിരുന്നതായി പെൺകുട്ടിയുടെ കുടുംബം ആരോപിക്കുന്നു. മരണത്തിന് രണ്ട് ദിവസം മുൻപും സ്ത്രീധനത്തെ ചൊല്ലി ഇരുവരും തമ്മിൽ കടുത്ത തർക്കമുണ്ടായിരുന്നുവെന്നും, ആകൃതിയെ ജീവനോടെ കൊല്ലുമെന്ന് അരസ്തു പലതവണ ഫോണിലൂടെ ഭീഷണിപ്പെടുത്തിയിരുന്നതായും ബന്ധുക്കൾ വെളിപ്പെടുത്തി.