ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി ചെയര്‍മാന്‍ രമേശന്‍ പാലേരി അന്തരിച്ചു

ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി ചെയര്‍മാന്‍ രമേശന്‍ പാലേരി അന്തരിച്ചു

കോഴിക്കോട്: ഊരാളുങ്കലിനെ ഏഷ്യയിലെ ഏറ്റവും വലിയ സഹകരണ തൊഴിലാളി സൊസൈറ്റിയായി വളര്‍ത്തിയെടുക്കുന്നതില്‍ നിര്‍ണായകമായ പങ്കുവഹിച്ച, ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (യു.എല്‍.സി.സി.എസ്.) ചെയര്‍മാന്‍ രമേശന്‍ പാലേരി(65) അന്തരിച്ചു. . ദീര്‍ഘനാളായി അര്‍ബുധ ബാധിതനായിരുന്ന അദ്ദേഹം കോയമ്പത്തൂരിലെ ആശുപത്രിയില്‍ ചികിത്സിയിലിരിക്കെയാണ് മരണപ്പെടുന്നത്.

സഹകരണ രംഗത്തെ വികസനത്തിന് പുതിയ തുടക്കമിട്ട് മൂന്നര പതിറ്റാണ്ടിലേറെ ഊരാളുങ്കല്‍ സൊസൈറ്റിയെ  മികവിലേക്കു നയിച്ച രമേശന്‍ പാലേരി ഒരു സഹകരണ പ്രസ്ഥാനത്തെ അന്തര്‍ദേശീയ തലത്തിലേക്കുയര്‍ത്തി  നിരവധി അംഗീകാരങ്ങള്‍ നേടിക്കൊടുത്തു. മാറി വരുന്ന രാഷ്ട്രീയ സാഹചര്യങ്ങളിലും സഹകരണ മേഖലയില്‍ ഫലപ്രദമായി ഇടപെട്ട് മുന്നോട്ടു പോകുവാന്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റിവ് സൊസൈറ്റിക്ക് സാധിച്ചതിന് പിന്നില്‍  പാലേരിയുടെ നേതൃപാടവത്തിന് നിര്‍ണായക പങ്കുണ്ട്. സൗമ്യമായ ഇടപെടലുകളും  ദീര്‍ഘവീഷണത്തോടെയുള്ള കാഴ്ചപ്പാടുകളും അദ്ദേഹത്തിന് കൈമുതലായിരുന്നു.

1995 മുതൽ‌ ഊരാളുങ്കൽ‌ സൊസൈറ്റി ചെയർമാനാണ്. 32 വര്‍ഷം സൊസൈറ്റിയെ നയിച്ച പാലേരി കണാരന്റെ മകനാണ്. സൊസൈറ്റിയുടെ രണ്ടാമത്തെ പ്രസിഡന്റ് പാലേരി ചന്തമ്മന്‍ മുത്തച്ഛനായിരുന്നു. കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന്റെ അഭിമാനമായി ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (യുഎൽസിസിഎസ്) ചെയർമാനായി മൂന്നു പതിറ്റാണ്ടിലേറെയായി മികച്ച രീതിയിൽ സ്ഥാപനത്തെ നയിക്കുന്നതിനിടെയാണ് വേർപാട്.ഫെബ്രുവരി 13-നാണ് ഊരാളുങ്കല്‍ കൂലിവേലക്കാരുടെ സംഘം രജിസ്റ്റര്‍ചെയ്യുന്നത്. മൂലധനം 36 പൈസ. വാഗ്ഭടാനന്ദൻ്റെ ശിഷ്യന്മാരായ 14 പേരായിരുന്നു പ്രമോട്ടിങ് കമ്മിറ്റി അംഗങ്ങള്‍. ചാപ്പയില്‍ കുഞ്ഞ്യേക്കു ഗുരുക്കളെ ആദ്യത്തെ പ്രസിഡന്റായി തെരഞ്ഞെടുത്തു. കൂലിവേലക്കാരുടെ പരസ്പരസഹായസംഘമായി ചെറിയരൂപത്തില്‍ തുടക്കമിട്ട് ലോകത്തിലെ ഏറ്റവുംവലിയ രണ്ടാമത്തെ ലേബര്‍ സൊസൈറ്റി എന്ന പദവിയിലേക്കുയര്‍ന്നു.

സഹകരണ പ്രസ്ഥാനത്തിൻ്റെ  സ്ഥാപകനായി അറിയപ്പെടുന്ന റോബർട്ട് ഓവൻ്റെ നാമധേയത്തിൽ, കേരള സർക്കാർ സഹകരണ മേഖലയിലെ മികച്ച സഹകാരിക്ക് നൽകുന്ന ഏറ്റവും വലിയ സംസ്ഥാന പുരസ്കാരമായ റോബർട്ട് ഓവൻ പുരസ്കാരത്തിന് 2023ൽ രമേശൻ പാലേരി അർഹനായി. യുണൈറ്റഡ് നേഷൻസ് ഡെവലപ്‌മെന്റ് പ്രോഗ്രാം ഊരാളുങ്കൽ സൊസൈറ്റിയെ ഒരു മോഡൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയായി തെരഞ്ഞെടുത്തതും ഇന്റർനാഷണൽ കോ-ഓപ്പറേറ്റീവ് അലയൻസിൽ (ഐസിഎ) അംഗത്വം ലഭിച്ചതും അദ്ദേഹത്തിൻ്റെ നേതൃപാടവത്തിന് ലഭിച്ച ആഗോള അംഗീകാരങ്ങളാണ്.