കീര്‍ത്തനയുടെ ആത്മഹത്യ: ആണ്‍സുഹൃത്തിനെയും പിതാവായ പോലീസുകാരനെയും അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തം

കീര്‍ത്തനയുടെ ആത്മഹത്യ: ആണ്‍സുഹൃത്തിനെയും പിതാവായ പോലീസുകാരനെയും അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തം

കണ്ണൂര്‍: തില്ലങ്കേരി സ്വദേശിനി കീര്‍ത്തനയുടെ (20) ആത്മഹത്യയ്ക്ക് കാരണക്കാരായ ആണ്‍സുഹൃത്ത് ആദിദേവിനെയും പിതാവും പോലീസുകാരനുമായ കെ.പി.അനീഷിനെയും അടിയന്തരമായി അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തമാകുന്നു. ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുമ്പ് പെണ്‍കുട്ടി ഫാനില്‍ കയര്‍ കുരുക്കിയ ചിത്രം അയച്ചുനല്‍കി മുന്നറിയിപ്പ് നല്‍കിയിട്ടും കൈമലര്‍ത്തിയ പോലീസ് ഉദ്യോഗസ്ഥന്റെയും മകന്റെയും വഞ്ചനയാണ് മകളുടെ ജീവനെടുത്തതെന്നാണ് കുടുംബം ആരോപിക്കുന്നത്.പ്ലസ് വണ്‍ മുതല്‍ പ്രണയത്തിലായിരുന്ന ആദിദേവ് മറ്റൊരു യുവതിയുമായി അടുപ്പത്തിലായതാണ് കീര്‍ത്തനയെ മാനസികമായി തകര്‍ത്തത്. മുന്‍പ് കൈഞരമ്പ് മുറിച്ച്‌ ജീവനൊടുക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ കൗണ്‍സിലിംഗിലൂടെയാണ് കുടുംബം ജീവിതത്തിലേക്ക് തിരികെ കൊണ്ടു വന്നത്. തുടര്‍ന്ന് മംഗളൂരുവില്‍ പഠനം തുടരവേ ആദിദേവ് വീണ്ടും പ്രണയാഭ്യര്‍ത്ഥന നടത്തുകയും പിന്നീട് പൂര്‍ണ്ണമായി ബന്ധം ഉപേക്ഷിക്കുകയുമായിരുന്നു.

ജീവിതം അവസാനിപ്പിക്കാന്‍ പോവുകയാണെന്ന് കാണിച്ച്‌ കീര്‍ത്തന ആദിദേവിന്റെ അച്ഛനായ കെ.പി. അനീഷിന് വാട്സാപ്പില്‍ ശബ്ദ സന്ദേശവും ചിത്രങ്ങളും അയച്ചിരുന്നു. 'എന്നെ യൂസ് ചെയ്ത് ഒഴിവാക്കിയത് പോലെയാണിത്, എനിക്ക് ആദിയില്ലാതെ ജീവിക്കാനാവില്ല' എന്നായിരുന്നു സന്ദേശം. ഏപ്രില്‍ 17-ന് അയച്ച സന്ദേശത്തിന് പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടി, ചികിത്സയിലിരിക്കെ ഏപ്രില്‍ 30-നാണ് മരിച്ചത്. ഇത്രയും ഗുരുതരമായ സന്ദേശം ലഭിച്ചിട്ടും പോലീസുകാരന്‍ വീട്ടുകാരെ വിവരമറിയിക്കാന്‍ തയ്യാറായില്ല.പെണ്‍കുട്ടി മരിച്ച്‌ മാസങ്ങള്‍ കഴിഞ്ഞാണ് ആദിദേവിനെ പോലീസ് പ്രതിചേര്‍ത്തതു പോലും. പ്രതി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നതിനാലാണ് അറസ്റ്റ് വൈകുന്നതെന്ന പേരാവൂര്‍ ഡിവൈ.എസ്.പി.യുടെ നിലപാടില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. സ്വന്തം വകുപ്പിലെ ഉദ്യോഗസ്ഥനെയും മകനെയും സംരക്ഷിക്കാന്‍ പോലീസ് നടത്തുന്ന നീക്കങ്ങള്‍ ആഭ്യന്തര വകുപ്പിനും ജനപ്രതിനിധികള്‍ക്കും കടുത്ത അപമാനമായി മാറിയിട്ടുണ്ട്. പ്രണയം നടിച്ച്‌ വഞ്ചിക്കുകയും ആത്മഹത്യാ പ്രേരണയ്ക്ക് ഇടയാക്കുകയും ചെയ്ത അച്ഛനെയും മകനെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാണ് നാട്ടുകാരുടെയും കുടുംബത്തിന്റെയും ആവശ്യം.തില്ലങ്കേരി സ്വദേശി കീര്‍ത്തന ജീവനൊടുക്കിയതിലാണ് കുടുംബം ആരോപണവുമായി രംഗത്തെത്തിയത്. പ്ലസ് വണ്‍ കാലം മുതല്‍ കീര്‍ത്തനയുമായി അടുപ്പത്തിലായിരുന്ന മട്ടന്നൂര്‍ സ്വദേശി ആദിദേവിനും കുടുംബത്തിനുമെതിരെയാണ് പരാതി. 

ഇരുവരുടെയും ബന്ധം വഷളാകുന്നതിനിടെ രണ്ടുതവണ കീര്‍ത്തന ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നു, ആദിദേവ് ബന്ധം ഒഴിവാക്കിയതോടെയായിരുന്നു ആത്മഹത്യ ശ്രമമെന്ന് കുടുംബം പറയുന്നു. ഇക്കാര്യങ്ങളെല്ലാം കീര്‍ത്തന ആദിദേവിന്റെ പിതാവ് അനീഷിനെ അറിയിച്ചിരുന്നു. വിവരങ്ങളെല്ലാം അറിയാമായിരുന്നിട്ടും പൊലീസ് ഉദ്യോഗസ്ഥന്‍ കൂടിയായ അനീഷ് മറച്ചുവെച്ചെന്നും കീര്‍ത്തനയുടെ കുടുംബം ആരോപിച്ചു.മംഗലാപുരത്ത് ഫിസിയോ തെറാപ്പി കോഴ്‌സ് ചെയ്യുന്നതിനിടെ ഹോസ്റ്റല്‍ മുറിയിലെ ഫാനില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചതിന്റെ ചിത്രങ്ങളും, മരിക്കാന്‍ പോകുകയാണെന്ന് പറയുന്ന നിരവധി ശബ്ദ സന്ദേശങ്ങളും കീര്‍ത്തന ആദിദേവിന്റെ പിതാവിന് അയച്ചു നല്‍കിയിരുന്നു. ഇതുള്‍പ്പെടെ കുടുംബം പുറത്തുവിട്ടു. ആദിദേവ് അവഗണിക്കുന്നു എന്നും മാനസിക വിഷമം താങ്ങാനാകുന്നില്ലെന്നും സന്ദേശങ്ങളില്‍ കീര്‍ത്തന ആവര്‍ത്തിച്ച്‌ പറയുന്നുണ്ട്. നിയമപാലകനായിട്ടും, ഈ വിവരങ്ങളൊന്നും അനീഷ് പുറത്തു പറഞ്ഞില്ല. 

ഏപ്രില്‍ 19ന് മകള്‍ ആത്മഹത്യ ചെയ്തിട്ടും ജൂലൈ 13 ന് മാത്രമാണ് ആദിദേവിനെ പ്രതി ചേര്‍ത്തത് എന്നും അമ്മ ലീന പറഞ്ഞു. മകളുടെ ഒരു ബാഗ് ഇതുവരെയും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നും ലീന ആരോപിച്ചു.പൊലീസ് സംഘടനയില്‍ സ്വാധീനമുള്ള ആളാണ് അനീഷെന്നും അന്വേഷണം കാര്യമായി മുന്നോട്ട് പോകുന്നില്ലെന്നും മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും കണ്ട് പരാതി നല്‍കുമെന്നും കീര്‍ത്തനയുടെ അച്ഛന്‍ ജെഷി കുമാര്‍ പറഞ്ഞു.