വിവോ വി 70 പുതുവർഷത്തിൽ പുറത്തിറക്കുമെന്ന് സൂചന: വിശദാംശങ്ങളിലേക്ക്

മുംബൈ : 2025 ഓഗസ്റ്റിലാണ് വിവോ വി60 ലോഞ്ച് ചെയ്‌തത്. അടുത്ത തലമുറ മോഡലായ വിവോ വി70യുടെ ആഗോള ലോഞ്ച് പുതുവർഷത്തിൽ വൈകാതെ ഉണ്ടായേക്കാമെന്നാണ് സൂചനകൾ ലഭിക്കുന്നത്. വിവോ വി70 ഇതിനകം തന്നെ ഒന്നിലധികം സർട്ടിഫിക്കേഷൻ വെബ്‌സൈറ്റുകളിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. സിംഗപ്പൂരിലെ ഒരു ടെലികോം റെഗുലേറ്ററിൽ നിന്ന് അംഗീകാരം ലഭിച്ചതായും റിപ്പോർട്ടുണ്ട്. ആഗോള ലോഞ്ചിലേക്കാണ് ഈ വിവരങ്ങൾ വിരൽചൂണ്ടുന്നത്.
വിവോ വി70 2026ൽ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കാം. ഇതിന്‍റെ കണക്റ്റിവിറ്റി ഓപ്ഷനുകളും ലിസ്റ്റിംഗ് വെളിപ്പെടുത്തുന്നുണ്ട്. ഇത് വി60യുടെ പിൻഗാമി തന്നെ ആയിരിക്കാം. മുൻഗാമിയുടെ അതേ സ്‌നാപ്ഡ്രാഗൺ 7 സീരീസ് ചിപ്‌സെറ്റുമായി പുതിയ ഫോണും കമ്പനി പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കാം. കുറഞ്ഞത് 12 ജിബി റാം + 256 ജിബി സ്റ്റോറേജ് കോൺഫിഗറേഷനിൽ ഇത് വാഗ്‌ദാനം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. . സിംഗപ്പൂരിലെ ഇൻഫോകോം മീഡിയ ഡെവലപ്‌മെന്‍റ് അതോറിറ്റിയുടെ (IMDA) വെബ്‌സൈറ്റിൽ V2538 എന്ന നമ്പറിലുള്ള വിവോ സ്‌മാർട്ട്‌ഫോണിന് അംഗീകാരം നൽകിയതായി കാണിക്കുന്നതായി ടെക് ഔട്ട്‌ലുക്ക് റിപ്പോർട്ട് ചെയ്യുന്നു. ലിസ്റ്റിങിൽ ഫോണിന്‍റെ പേര് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും വരാനിരിക്കുന്ന മോഡൽ വിവോ V70 ആണെന്ന് പറയപ്പെടുന്നു. 5G, NFC, Wi-Fi, ബ്ലൂടൂത്ത് കണക്റ്റിവിറ്റി ഓപ്ഷനുകളുള്ള ഫോണാണ് വെബ്‌സൈറ്റിൽ കണ്ടെത്തിയത്.യുഎസ് FCC ഡാറ്റാബേസിലെ വിവോ വി70 ലിസ്റ്റിംഗുമായി കൂട്ടിച്ചേർക്കുമ്പോൾ വരാനിരിക്കുന്നത് വി70 തന്നെയായിരിക്കുമെന്ന് അനുമാനിക്കാം. വൈ-ഫൈ 6, 5 ജി, ബ്ലൂടൂത്ത്, എൻഎഫ്‌സി എന്നിവ ഉപയോഗിച്ച് ആഗോളതലത്തിൽ ഇത് പുറത്തിറക്കാമെന്നാണ് ഇതിൽ പറയുന്നത്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഒറിജിൻ ഒഎസ് 6ലും ഇത് പ്രവർത്തിക്കുമെന്ന് റിപ്പോർട്ടുണ്ട്.കുറഞ്ഞത് 12 ജിബി റാമിലും 256 ജിബി ഇന്‍റേണൽ സ്റ്റോറേജ് കോൺഫിഗറേഷനിലും തിരഞ്ഞെടുത്ത വിപണികളിൽ വി70 വിൽക്കുമെന്ന് പ്രതീക്ഷിക്കാം. എന്നിരുന്നാലും, കമ്പനി ഇതുവരെ വരാനിരിക്കുന്ന ഫോൺ വിവോ വി70 ആണോ എന്നതിനെ സംബന്ധിച്ച് വിശദാംശങ്ങൾ സ്ഥിരീകരിച്ചിട്ടില്ല.
വിവോ വി70 മുമ്പ് ഗീക്ക്ബെഞ്ചിലും പ്രത്യക്ഷപ്പെട്ടിരുന്നു. ഗീക്ക്ബെഞ്ച് ലിസ്റ്റിങ് അനുസരിച്ച് സിംഗിൾ കോർ പെർഫോമൻസിൽ 1,235 പോയിന്‍റും മൾട്ടി കോർ പെർഫോമൻസിൽ 3,920 പോയിന്‍റും നേടിയതായി ആണ് റിപ്പോർട്ടുകൾ. ഒരു പ്രൈം കോർ, മൂന്ന് പെർഫോമൻസ് കോറുകൾ, നാല് എഫിഷ്യൻസി കോറുകൾ എന്നിവ ഉൾക്കൊള്ളുന്ന ഒക്ടാ കോർ സ്‌നാപ്ഡ്രാഗൺ 7 ജെൻ 4 ചിപ്‌സെറ്റ് ഇതിൽ ഉണ്ടായിരിക്കുമെന്നും പറയപ്പെടുന്നു. 2.8GHz പീക്ക് ക്ലോക്ക് സ്‌പീഡ് നൽകുമെന്നും പറയപ്പെടുന്നു. കൂടാതെ ഇതിൽ അഡ്രിനോ 722 ജിപിയുവും 8 ജിബി റാമും ഉണ്ടായിരിക്കാം.
ഓഗസ്റ്റിൽ ഇന്ത്യയിൽ പുറത്തിറക്കിയ വിവോ വി60യുടെ 8 ജിബി റാം + 128 ജിബി സ്റ്റോറേജുള്ള അടിസ്ഥാന വേരിയന്‍റിന് 36,999 രൂപയാണ് പ്രാരംഭവില. ഓസ്‌പിഷ്യസ് ഗോൾഡ്, മിസ്റ്റ് ഗ്രേ, മൂൺലിറ്റ് ബ്ലൂ എന്നീ നിറങ്ങളിലാണ് ഇത് വാഗ്‌ദാനം ചെയ്യുന്നത്. 120Hz വരെ റിഫ്രഷ് റേറ്റും 5,000 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസും ഉള്ള 6.77 ഇഞ്ച് 1.5K AMOLED ഡിസ്പ്ലേയാണ് വി60 ഫോണിലുള്ളത്. ZEISS ഒപ്റ്റിക്‌സുള്ള ഒരു ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റാണ് ഇതിലുള്ളത്. 50 എംപി മെയിൻ ക്യാമറ, 50 എംപി ടെലിഫോട്ടോ ക്യാമറ, 8 എംപി അൾട്രാവൈഡ് ക്യാമറ എന്നിവ ഉൾപ്പെടുന്നതാണ് ഇതിലെ ക്യാമറ സംവിധാനം. വരാനിരിക്കുന്ന വി70 ഇതിനേക്കാൾ കൂടുതൽ ഫീച്ചറുകളുമായി പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കാം.