"കുടിക്കുമ്പോൾ നല്ല സാധനം കൊടുക്കണം" : ആരോഗ്യമന്ത്രി K മുരളീധരൻ

"കുടിക്കുമ്പോൾ നല്ല സാധനം കൊടുക്കണം" : ആരോഗ്യമന്ത്രി K മുരളീധരൻ

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ചു സർക്കാർ തീരുമാനത്തിൽ പ്രതികരണവുമായി ആരോഗ്യമന്ത്രി കെ. മുരളീധരൻ രംഗത്തെത്തി. മദ്യനയം എന്നത് പാർട്ടിയും മുന്നണിയും ചേർന്ന് തീരുമാനിക്കേണ്ട കാര്യമാണെന്നും മുഖ്യമന്ത്രി തന്നെ ഇക്കാര്യം നിയമസഭയിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.വീര്യം കൂടിയ മദ്യമുപയോഗിക്കുന്നവരെ വീര്യം കുറഞ്ഞ മദ്യത്തിലേക്ക് മാറ്റുന്നതിലൂടെ മദ്യപാനശീലം ഘട്ടംഘട്ടമായി കുറയ്ക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. സമ്പൂർണ മദ്യനിരോധനം നിലവിൽ പ്രായോഗികമല്ലെന്നും, മദ്യപിക്കുന്നവർക്ക് ഗുണനിലവാരമുള്ള മദ്യം ലഭ്യമാക്കുന്നതിലൂടെ വ്യാജമദ്യ ദുരന്തങ്ങൾ ഒഴിവാക്കാൻ സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.കെ. കരുണാകരൻ ബെവ്‌കോ സ്ഥാപിച്ചത് ഈ ലക്ഷ്യത്തോടെയാണ്. കുടിയന്മാർ കുറേ പേർ സമൂഹത്തിലുണ്ടെന്നും, കുടിക്കുമ്പോൾ നല്ല സാധനം കൊടുക്കണം എന്നും പറഞ്ഞ അദ്ദേഹം അല്ലെങ്കിൽ വ്യാജ മദ്യ ദുരന്തം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി. വിദ്യാർത്ഥികൾക്ക് മദ്യം ലഭിക്കുന്ന സാഹചര്യം ഒരു കാരണവശാലും അനുവദിക്കില്ലെന്നും, നിയമം ലംഘിക്കുന്നവർക്കെതിരെ അതിശക്തമായ നടപടി സ്വീകരിക്കുമെന്നും മുരളീധരൻ ഉറപ്പുനൽകി. സമ്പൂർണ മദ്യനിരോധനം നടപ്പിലാക്കണമെങ്കിൽ അതിനായുള്ള അനുകൂല അന്തരീക്ഷം സമൂഹത്തിൽ ആദ്യം രൂപപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"തീരുമാനങ്ങൾ തെറ്റാണെന്ന് ബോധ്യപ്പെട്ടാൽ അത് തിരുത്തും " : റവന്യു വകുപ്പ് മന്ത്രി

വീര്യം കുറഞ്ഞ മദ്യത്തിന്റെ വിൽപനയുമായി ബന്ധപ്പെട്ട വിഷയത്തിൽ അന്തിമ തീരുമാനം എടുക്കുന്നതിന് മുൻപ് സമഗ്രമായ കൂടിയാലോചനകൾ നടത്തുമെന്ന് റവന്യു വകുപ്പ് മന്ത്രി എ.പി. അനിൽകുമാർ വ്യക്തമാക്കി. നയപരമായ കാര്യങ്ങളിൽ ഏകാധിപത്യപരമായ തീരുമാനങ്ങളല്ല സർക്കാർ സ്വീകരിക്കുന്നത് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.മുൻ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്തുണ്ടായിരുന്നതുപോലെ ഒരാളിൽ മാത്രം തീരുമാനങ്ങൾ കേന്ദ്രീകരിക്കുന്ന ശൈലിയല്ല ഇപ്പോഴത്തെ സർക്കാരിനുള്ളതെന്ന് മന്ത്രി പറഞ്ഞു. ഏത് നയപരമായ വിഷയവും മുന്നണിയിലും പാർട്ടിയിലും വിശദമായി ചർച്ച ചെയ്ത ശേഷം മാത്രമേ നടപ്പിലാക്കുകയുള്ളൂ.തീരുമാനങ്ങൾ തെറ്റാണെന്ന് ബോധ്യപ്പെട്ടാൽ അത് തിരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. വീര്യം കുറഞ്ഞ മദ്യത്തിന്റെ വിൽപന സംബന്ധിച്ച് ഉയർന്നുവന്ന വിവാദങ്ങൾക്കിടെയാണ് മന്ത്രിയുടെ സുപ്രധാന പ്രതികരണം.