അടൂരിൽ യുവതി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ; സുഹൃത്ത് പോലീസ് കസ്റ്റഡിയിൽ

പത്തനംതിട്ട: അടൂരിൽ മുപ്പത്തിയൊന്നുകാരിയായ യുവതിയെ വീടിനുള്ളിൽ ദുരൂഹസാഹചര്യത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അടൂർ കോട്ടുമുകൾ ഷിനാസ് മൻസിലിൽ ഷെഹന (31) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ അടുത്ത സുഹൃത്തായ ഏഴംകുളം സ്വദേശിയായ യുവാവിനെ അടൂർ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്ന് രാത്രി ഏഴു മണിയോടെയാണ് നാടിനെ നടുക്കിയ ദാരുണ സംഭവം പുറത്തറിയുന്നത്. നിലവിൽ ഭർത്താവുമായി പിണങ്ങി മാറി സ്വന്തം വീട്ടിൽ തനിച്ചായിരുന്നു ഷെഹന താമസിച്ചിരുന്നത്. സംഭവദിവസം രാത്രി ഷെഹനയുടെ വീട്ടിൽ നിന്നും വലിയ രീതിയിൽ ബഹളവും നിലവിളിയും കേട്ടതിനെ തുടർന്ന് പരിഭ്രാന്തരായ അയൽവാസികൾ ഉടൻ തന്നെ അടൂർ നഗരസഭ കൗൺസിലർ നശ്മൽ കാവിളയെ വിവരം അറിയിക്കുകയായിരുന്നു.തുടർന്ന് കൗൺസിലർ നശ്മൽ സംഭവസ്ഥലത്ത് ഓടിയെത്തുകയും അകത്തുനിന്നും പൂട്ടിയ വീടിന്റെ കതക് ബലമായി തുറക്കാൻ ഉള്ളിലുണ്ടായിരുന്ന യുവാവിനോട് ആവശ്യപ്പെടുകയും ചെയ്തു. യുവാവ് കതക് തുറന്നതോടെ വീടിനുള്ളിലെ കോണിപ്പടിയുടെ കൈവരിയിൽ ഷാൾ ഉപയോഗിച്ച് കഴുത്തിൽ കുരുക്കിട്ട നിലയിലാണ് ഷെഹനയെ കണ്ടെത്തിയത്. ഉടൻ തന്നെ കൗൺസിലർ അടൂർ പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു.
തുടർന്ന്, ഡിവൈഎസ്പി വി.എസ്. പ്രദീപ്കുമാറിന്റെ നേതൃത്വത്തിൽ വൻ പോലീസ് സംഘം സ്ഥലത്തെത്തി വീടിനുള്ളിലുണ്ടായിരുന്ന ഏഴംകുളം സ്വദേശിയായ യുവാവിനെ കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലെടുക്കുമ്പോൾ യുവാവിന്റെ ശരീരത്തിൽ പലയിടത്തും ഉരഞ്ഞുപൊട്ടിയതുപോലുള്ള രക്തപാടുകൾ കണ്ടെത്തിയിട്ടുണ്ട്. ഇത് മരണത്തിന് മുൻപ് ഇരുവരും തമ്മിൽ വീട്ടിൽ വെച്ച് കടുത്ത ബലപ്രയോഗം നടന്നിട്ടുണ്ടെന്ന സംശയത്തിന് ബലം നൽകുന്നു. സംഭവസ്ഥലത്ത് വിരലടയാള വിദഗ്ധരും ഫോറൻസിക് സംഘവും എത്തി ശാസ്ത്രീയ പരിശോധനകൾ പൂർത്തിയാക്കിയ ശേഷമേ മരണത്തിൽ അന്തിമ വ്യക്തത വരുത്താനാകൂവെന്ന് അടൂർ ഡിവൈഎസ്പി അറിയിച്ചു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.