വെനസ്വേലയെ നടുക്കി 7.5 തീവ്രതയിൽ ഭൂചലനം; പരിഭ്രാന്തരായി ജനങ്ങൾ, വ്യാപക നാശം

കരാക്കസ്: വെനസ്വേലയിൽ തുടർച്ചയായി രണ്ട് വൻ ഭൂചലനങ്ങൾ. ബുധനാഴ്ച വൈകിട്ടുണ്ടായ ഭൂചലനങ്ങളിൽ തലസ്ഥാനമായ കരാക്കസിൽ നിരവധി കെട്ടിടങ്ങൾ തകർന്നു. 125 വർഷത്തിനിടെ രാജ്യത്തുണ്ടാകുന്ന ഏറ്റവും വലിയ ഭൂചലനമാണിതെന്ന് അധികൃതർ വ്യക്തമാക്കി.അമേരിക്കൻ ജിയോളജിക്കൽ സർവേയുടെ (യുഎസ്‌ജിഎസ്) റിപ്പോർട്ട് പ്രകാരം ആദ്യത്തെ ഭൂചലനം റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തി. കരീബിയൻ തീരത്തുള്ള മൊറോൺ മേഖലയ്ക്ക് പടിഞ്ഞാറ്, കരാക്കസിൽ നിന്ന് 168 കിലോമീറ്റർ അകലെയാണ് പ്രഭവകേന്ദ്രം. 13 കിലോമീറ്റർ ആഴത്തിലാണ് ആദ്യ ചലനമുണ്ടായത്. ഒരു മിനിറ്റിന് ശേഷം 7.5 തീവ്രതയിൽ രണ്ടാമത്തെ ഭൂചലനവും അനുഭവപ്പെട്ടു. മൊറോണിന് 16 കിലോമീറ്റർ തെക്കുപടിഞ്ഞാറായി 10 കിലോമീറ്റർ ആഴത്തിലായിരുന്നു രണ്ടാമത്തെ പ്രഭവകേന്ദ്രം.സുനാമി മുന്നറിയിപ്പ്
ഭൂചലനത്തിന് പിന്നാലെ യുഎസ് പസഫിക് സുനാമി വാണിങ് സെൻ്റർ വിർജിൻ ഐലൻഡ്‌സിൽ സുനാമി മുന്നറിയിപ്പ് നൽകി. ഡൊമിനിക്കൻ റിപ്പബ്ലിക് അധികൃതരും ദ്വീപിൽ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. പ്യൂർട്ടോ റിക്കോയിൽ നൽകിയ സുനാമി മുന്നറിയിപ്പ് പിന്നീട് പിൻവലിച്ചു.തലസ്ഥാനമായ കരാക്കസിൽ കെട്ടിടങ്ങൾ കുലുങ്ങിയതോടെ ആളുകൾ പരിഭ്രാന്തരായി പുറത്തേക്ക് ഓടി. പല കെട്ടിടങ്ങളുടെയും മതിലുകൾ പൂർണമായും തകർന്ന നിലയിലാണ്. തെരുവുകളിൽ നിന്ന് നോക്കുമ്പോൾ കെട്ടിടങ്ങൾക്കുള്ളിലെ ഫർണിച്ചറുകൾ ഉൾപ്പെടെ കാണാൻ കഴിയുന്ന അവസ്ഥയാണുള്ളത്. എപ്പോഴും തിരക്കുള്ള റെസ്റ്റോറൻ്റുകളും വ്യാപാര സ്ഥാപനങ്ങളും പ്രവർത്തിക്കുന്ന നഗരത്തിലെ രണ്ട് പ്രധാന മേഖലകളിൽ പൊടിപടലങ്ങൾ ഉയർന്നതായി ദൃക്‌സാക്ഷികൾ പറഞ്ഞു. വൈദ്യുതി, ഇൻ്റർനെറ്റ് ബന്ധങ്ങൾ പലയിടത്തും പൂർണമായും തടസ്സപ്പെട്ടു. മുൻകരുതലിൻ്റെ ഭാഗമായി കെട്ടിടങ്ങളിലേക്കുള്ള ഗ്യാസ് വിതരണവും നിർത്തിവച്ചിരിക്കുകയാണ്.
സ്പെയിനിൽ നിന്ന് രാജ്യത്തിന് സ്വാതന്ത്ര്യം നേടിക്കൊടുത്ത 1821-ലെ സൈനിക വിജയത്തിൻ്റെ സ്മരണയ്ക്കായി പ്രഖ്യാപിച്ച പൊതു അവധി ദിനത്തിലാണ് ഭൂചലനം ഉണ്ടായത്. അതിനാൽ തന്നെ ഭൂരിഭാഗം ആളുകളും വീടുകളിലായിരുന്നു. കരാക്കസിലെ പ്രധാന വിമാനത്താവളമായ സൈമൺ ബൊളിവർ അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങളെയും ഭൂചലനം സാരമായി ബാധിച്ചു. വിമാനത്താവളത്തിൻ്റെ ചില ഭാഗങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായി റിപ്പോർട്ടുകളുണ്ട്. സിവിൽ പ്രൊട്ടക്ഷൻ സേന, അഗ്നിരക്ഷാ സേന, പൊലീസ്, സന്നദ്ധ പ്രവർത്തകർ എന്നിവരുൾപ്പെടുന്ന വലിയൊരു സംഘം ദുരന്തബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനത്തിനായി രംഗത്തുണ്ട്. കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടതായി ആഭ്യന്തര മന്ത്രി ഡിയോസ്ഡാഡോ കബെല്ലോ അറിയിച്ചു. കരാക്കസിലെ അൽതാമിറ മേഖലയിൽ വീടുകളും കെട്ടിടങ്ങളും തകർന്നത് ആശങ്കാജനകമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്. തുടർചലനങ്ങൾക്ക് സാധ്യതയുള്ളതിനാൽ കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാമെന്നും അതിനാൽ ജനങ്ങൾ പുറത്തുതന്നെ തുടരണമെന്നും അദ്ദേഹം നിർദേശിച്ചു.ഭൂചലനത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. ആംബുലൻസുകൾക്കും മറ്റ് അടിയന്തര വാഹനങ്ങൾക്കും കടന്നുപോകാൻ വഴിയൊരുക്കണമെന്ന് വാഹനയാത്രക്കാരോട് മന്ത്രി അഭ്യർഥിച്ചു. ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും സഹായം ആവശ്യമുള്ളവരിലേക്ക് എത്തിച്ചേരാൻ രക്ഷാപ്രവർത്തനം ഊർജിതമാക്കിയിട്ടുണ്ടെന്നും അദ്ദേഹം സർക്കാർ ടെലിവിഷനിലൂടെ വ്യക്തമാക്കി. കുട്ടികളുടെയും പ്രായമായവരുടെയും കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണമെന്നും ആർക്കും അപകടം സംഭവിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കെട്ടിടങ്ങൾ ഇരുവശത്തേക്കും ശക്തമായി കുലുങ്ങിയെന്ന് കരാക്കസ് നിവാസിയായ റോബർട്ടോ ഡമാസ് പറഞ്ഞു. നടക്കുമ്പോൾ തെറിച്ചുവീഴുന്ന അവസ്ഥയായിരുന്നുവെന്നും അപ്പാർട്ട്മെൻ്റിലെ സാധനങ്ങളെല്ലാം താഴെ വീണെന്നും അദ്ദേഹം വ്യക്തമാക്കി. തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു