അന്താരാഷ്ട്ര ആണവ പരിശോധകർക്ക് രാജ്യത്തേക്ക് പ്രവേശിക്കാൻ ടെഹ്റാൻ അനുവദിച്ചുവെന്ന വാദം തള്ളി ഇറാൻ

ടെഹ്റാൻ: അന്താരാഷ്ട്ര ആണവ നിരീക്ഷകർക്ക് രാജ്യത്തേക്ക് പ്രവേശിക്കാൻ അനുമതി നൽകിയെന്ന അമേരിക്കൻ വൈസ് പ്രസിഡൻ്റ് ജെ.ഡി വാൻസിൻ്റെ അവകാശവാദം തള്ളി ഇറാൻ. നിലവിലെ സുരക്ഷാ ബാധ്യതകൾക്കും ആഭ്യന്തര നിയമങ്ങൾക്കും വിധേയമായി മാത്രമേ അന്താരാഷ്ട്ര ആണവ ഊർജ ഏജൻസിയുമായി (ഐഎഇഎ) സഹകരിക്കുകയുള്ളൂവെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മാഈൽ ബഖായി വ്യക്തമാക്കി.സ്വിറ്റ്സർലൻഡിൽ അടുത്തിടെ നടന്ന അമേരിക്ക-ഇറാൻ സാങ്കേതിക ചർച്ചകൾക്ക് പിന്നാലെ ഇറാൻ്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐഎഇഎയുമായുള്ള ഇടപെടലുകൾ ടെഹ്റാനും ഏജൻസിയും തമ്മിലുള്ള സുരക്ഷാ കരാറുകളുടെ അടിസ്ഥാനത്തിൽ മാത്രമായിരിക്കുമെന്ന് ജെ.ഡി വാൻസിൻ്റെ പരാമർശങ്ങളോട് പ്രതികരിച്ചുകൊണ്ട് ബഖായി പറഞ്ഞു.സുരക്ഷാ കരാറുകൾ പ്രകാരമുള്ള ഇറാൻ്റെ ബാധ്യതകൾക്ക് അനുസൃതമായി ഏജൻസിയുമായുള്ള ഇടപെടലുകൾ നിലവിലെ നടപടിക്രമങ്ങൾ പാലിച്ച് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇസ്ലാമിക് കൺസൾട്ടേറ്റീവ് അസംബ്ലി പാസാക്കിയ നിയമങ്ങളും സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിലിൻ്റെ (എസ്എൻഎസ്സി) തീരുമാനങ്ങളും പൂർണ്ണമായും പാലിച്ചായിരിക്കും ഈ നടപടികളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.വാഷിങ്ടണും ടെഹ്റാനും തമ്മിലുള്ള ചർച്ചകളിൽ കൈവരിച്ച പുരോഗതിയുടെ ഭാഗമായി ആണവ നിരീക്ഷകരെ രാജ്യത്തേക്ക് പ്രവേശിക്കാൻ ഇറാൻ സമ്മതിച്ചുവെന്ന് ചർച്ചകൾക്ക് ശേഷം വാൻസ് അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇറാൻ്റെ വിശദീകരണം പുറത്തുവന്നത്. സ്വിറ്റ്സർലൻഡിലെ ബർഗൻസ്റ്റോക്ക് റിസോർട്ടിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ആദ്യ ദിവസത്തെ ചർച്ചകൾ വളരെ മികച്ചതായിരുന്നുവെന്ന് അമേരിക്കൻ വൈസ് പ്രസിഡൻ്റ് വിശേഷിപ്പിച്ചിരുന്നു.വിജയകരമായ ഒരു അന്തിമ കരാറിനായി മികച്ച അടിത്തറ പാകിയെന്നും, അമേരിക്കൻ ജനതയ്ക്ക് ഗുണകരമാകുന്ന രീതിയിൽ കാര്യങ്ങൾ എത്തിക്കാൻ സാധിച്ചുവെന്നും വാൻസ് വ്യക്തമാക്കിയിരുന്നു. ആണവ നിരീക്ഷകരെ ഇറാൻ അനുവദിക്കുന്നുണ്ടെന്നും ടെഹ്റാൻ ആണവായുധങ്ങൾ വികസിപ്പിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ പരിശോധനാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.