അഞ്ച് മാസത്തെ ഇടവേളയ്ക്ക് ശേഷം, ഇറാന്‍-ഖത്തര്‍ നാവിക വ്യാപാരവും കപ്പൽ ഗതാഗതവും പുനരാരംഭിച്ചു

ദോഹ: ഇറാനും ഖത്തറും തമ്മിലുള്ള നാവിക വ്യാപാരം പുനരാരംഭിച്ചു. ഏതാണ്ട് അഞ്ച് മാസത്തെ വിലക്കിന് ശേഷമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള കപ്പല്‍ ഗതാഗതം വീണ്ടും തുടങ്ങിയത്.ദോഹയിലെ ഇറാന്‍ എംബസിയും ഖത്തര്‍ അധികൃതരും തമ്മില്‍ നടത്തിയ നിരന്തര ചര്‍ച്ചകള്‍ക്കും ഏകോപനത്തിനും ഒടുവിലാണ് സര്‍വീസുകള്‍ ആരംഭിച്ചത്.ഇറാന്റെ 'ദയ്യര്‍' തുറമുഖവും ഖത്തറിന്റെ 'അല്‍ റുവൈസ്' തുറമുഖവും തമ്മിലുള്ള കപ്പല്‍ ഗതാഗതമാണ് ഇപ്പോള്‍ പുനരാരംഭിച്ചിരിക്കുന്നത്. ഗള്‍ഫ് മേഖലയിലെ പ്രാദേശിക വ്യാപാരത്തില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്ന തുറമുഖങ്ങളാണിവ. കഴിഞ്ഞ നാല് മാസത്തോളം നീണ്ടുനിന്ന പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിനിടയില്‍ ഇറാന്റെ ദയ്യര്‍ തുറമുഖത്തിന് നേരെ പലതവണ ആക്രമണങ്ങള്‍ ഉണ്ടാവുകയും വലിയ നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തിരുന്നു.
മേഖലയിലെ സംഘര്‍ഷങ്ങള്‍ക്ക് അറുതി വരുത്തിക്കൊണ്ട് കഴിഞ്ഞ മാസം ഇറാനും അമേരിക്കയും തമ്മില്‍ ഒപ്പുവെച്ച താല്‍ക്കാലിക കരാറിന്റെ പശ്ചാത്തലത്തിലാണ് ഈ പുതിയ നീക്കം. ഗള്‍ഫ് മേഖലയിലെ കപ്പല്‍ ഗതാഗതം യുദ്ധത്തിന് മുമ്പുള്ള അവസ്ഥയിലേക്ക് മാറ്റാന്‍ ഈ കരാര്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്.