നേപ്പാൾ വിദേശകാര്യ മന്ത്രി ഖനാൽ അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി; സുരക്ഷാ സഹകരണം പ്രധാന അജണ്ട

ന്യൂഡൽഹി: ഇന്ത്യയും നേപ്പാളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കുന്നു. ഇതിൻ്റെ ഭാഗമായി നേപ്പാൾ വിദേശകാര്യ മന്ത്രി ശിശിർ ഖനാൽ ഇന്ത്യൻ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലുമായി ന്യൂഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങൾക്കുമിടയിലെ സഹകരണം വിപുലീകരിക്കുന്നതിനുള്ള വിവിധ വിഷയങ്ങൾ നേതാക്കൾ ചർച്ച ചെയ്തതായി നേപ്പാൾ എംബസി അറിയിച്ചു. സാമൂഹിക മാധ്യമമായ എക്സിലൂടെയാണ് എംബസി ഇക്കാര്യം വ്യക്തമാക്കിയത്.ഇന്ത്യയും നേപ്പാളും തമ്മിലുള്ള ദീർഘകാല സൗഹൃദബന്ധമാണ് കൂടിക്കാഴ്ചയിൽ പ്രധാനമായും വിലയിരുത്തിയത്. വികസന സഹകരണം, സുരക്ഷ കാര്യങ്ങൾ, സാമ്പത്തിക ഇടപാടുകൾ, അതിർത്തി മേഖലയിലെ പങ്കാളിത്തം തുടങ്ങിയ വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു. പരമ്പരാഗതവും പ്രത്യേകവുമായുള്ള അയൽപക്ക ബന്ധം കൂടുതൽ ആഴത്തിലാക്കാനുള്ള മാർഗങ്ങളെക്കുറിച്ചും നേതാക്കൾ ആശയവിനിമയം നടത്തി. ഇന്ത്യയും നേപ്പാളും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുക എന്നതാണ് ലക്ഷ്യം. ദക്ഷിണേഷ്യൻ മേഖലയിലെ സ്ഥിരതയ്ക്കും സാമ്പത്തിക വികസനത്തിനും ഇരു രാജ്യങ്ങളുടെയും കൂട്ടായ്മ നിർണായകമാണെന്നാണ് എംബസിയുടെ വിലയിരുത്തൽ.
എസ് ജയശങ്കറുമായി കൂടിക്കാഴ്ച
രണ്ടുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ നേപ്പാൾ വിദേശകാര്യ മന്ത്രി ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായും ചർച്ച നടത്തും. ന്യൂഡൽഹിയിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ വികസന സഹകരണം, വ്യാപാരം, നിക്ഷേപം എന്നിവ പ്രധാന അജണ്ടയാകും. കണക്റ്റിവിറ്റി പദ്ധതികൾ, സാംസ്കാരിക വിനിമയം, ഇരു രാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള സൗഹൃദം എന്നിവയും ചർച്ചയിൽ ഇടംപിടിക്കും.
സമീപകാലത്തായി അടിസ്ഥാന സൗകര്യ വികസനം, ജലവൈദ്യുത പദ്ധതികൾ എന്നീ മേഖലകളിൽ ഇന്ത്യ നേപ്പാളിന് വലിയ പിന്തുണയാണ് നൽകുന്നത്. ഇരു രാജ്യങ്ങൾക്കുമിടയിലെ അതിർത്തി കടന്നുള്ള റെയിൽവേ ലൈനുകളും റോഡ് നിർമാണവും അതിവേഗം പുരോഗമിക്കുകയാണ്. പത്ത് വർഷത്തിനുള്ളിൽ നേപ്പാളിൽ നിന്ന് ഒൻപതിനായിരത്തോളം മെഗാവാട്ട് വൈദ്യുതി ഇറക്കുമതി ചെയ്യാനുള്ള നിർണായക കാരാറിൽ ഇരു രാജ്യങ്ങളും നേരത്തെ ഒപ്പുവച്ചിരുന്നു. ഊർജ മേഖലയിലെ ഈ സഹകരണം നേപ്പാളിൻ്റെ സാമ്പത്തിക ഉന്നമനത്തിന് സഹായകമാകുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.വിദ്യാഭ്യാസം, ആരോഗ്യം, സാങ്കേതികവിദ്യ എന്നീ മേഖലകളിലെ വികസനത്തിനും ഇന്ത്യ സാമ്പത്തിക സഹായം നൽകുന്നുണ്ട്. സുഗമമായ വ്യാപാരത്തിനായി ചെക്ക് പോസ്റ്റുകളുടെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതും ഇന്ത്യയുടെ നേതൃത്വത്തിലാണ്. അതിർത്തി മേഖലയിലുണ്ടാകുന്ന വെല്ലുവിളികൾ നേരിടുന്നതിനൊപ്പം കള്ളക്കടത്തും തീവ്രവാദ പ്രവർത്തനങ്ങളും തടയുന്നതിനുള്ള സംയുക്ത നീക്കങ്ങളും ഊർജിതമാക്കി. ഇരു രാജ്യങ്ങളിലെയും പൗരന്മാർക്ക് വിസയില്ലാതെ യാത്ര ചെയ്യാമെന്നത് ഇന്ത്യ-നേപ്പാൾ ബന്ധത്തിൻ്റെ ഏറ്റവും വലിയ സവിശേഷതയാണ്.
കഴിഞ്ഞ വർഷങ്ങളിൽ അതിർത്തിയിലെ ചില പ്രദേശങ്ങളെച്ചൊല്ലി ചെറിയ ഭിന്നതകൾ ഉണ്ടായെങ്കിലും അവയെല്ലാം നയതന്ത്ര തലത്തിൽ പരിഹരിക്കാൻ ഇരു രാജ്യങ്ങൾക്കും കഴിഞ്ഞിട്ടുണ്ട്. സമവായത്തിലൂടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതാണ് ഇന്ത്യയുടെയും നേപ്പാളിൻ്റെയും കാലങ്ങളായുള്ള രീതി. ദക്ഷിണേഷ്യയിലെ സമാധാനം നിലനിർത്താൻ മുൻപന്തിയിലുണ്ടാകുമെന്ന് ഇന്ത്യൻ നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. വ്യാപാര രംഗത്ത് നേപ്പാളിൻ്റെ ഏറ്റവും വലിയ പങ്കാളിയാണ് ഇന്ത്യ. ഇന്ധനം, മരുന്നുകൾ എന്നിവയ്ക്കായി നേപ്പാൾ പ്രധാനമായും ഇന്ത്യയെയാണ് ആശ്രയിക്കുന്നത്. പുതിയ ആശയങ്ങൾ അതിവേഗം നടപ്പിലാക്കാൻ പുതിയ സംയുക്ത സമിതികൾക്കും ലക്ഷ്യമുണ്ട്.