അഫ്ഗാനിസ്ഥാനിലെ 'ലിംഗ വിവേചനം' തിരുത്തണം; പ്രമേയം പാസാക്കി യുഎൻ രക്ഷാസമിതി

ന്യൂയോർക്ക്: അഫ്‌ഗാനിസ്ഥാനിലെ സ്ത്രീവിരുദ്ധ നയങ്ങൾ പിൻവലിക്കണമെന്നും രാജ്യത്ത് പ്രവർത്തിക്കുന്ന ഭീകരസംഘടനകളെ അടിച്ചമർത്തണമെന്നും താലിബാനോട് ആവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭ രക്ഷാസമിതി. ഇതുമായി ബന്ധപ്പെട്ട പ്രമേയം രക്ഷാസമിതി ഐകകണ്ഠേന പാസാക്കി.ചൈനയാണ് ഈ പ്രമേയം രക്ഷാസമിതിയിൽ അവതരിപ്പിച്ചത്. അഫ്‌ഗാൻ ഭരണകൂടം മനുഷ്യാവകാശങ്ങൾ, പ്രത്യേകിച്ച് സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി കൂടുതൽ കാര്യക്ഷമമായ നടപടികൾ സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ചൈനയുടെ യുഎൻ അംബാസഡർ ഫു കോങ് വ്യക്തമാക്കി. തുറന്ന സമീപനവും ഉത്തരവാദിത്തവുമുള്ള ഒരു ഭരണകൂടമായി അവർ മാറണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുഎൻ ദൗത്യം നീട്ടി
പുതിയ പ്രമേയത്തിലൂടെ അഫ്‌ഗാനിസ്ഥാനിലെ യുഎൻ രാഷ്ട്രീയ ദൗത്യത്തിൻ്റെ (യുനാമ) കാലാവധി 2027 ജൂൺ 17 വരെ നീട്ടിയിട്ടുണ്ട്. യാതൊരു വിവേചനവുമില്ലാതെ രാജ്യത്ത് മാനുഷിക സഹായങ്ങൾ എത്തിക്കുന്നതിനും ലിംഗം, മതം, വംശം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിവേചനങ്ങൾ ഒഴിവാക്കി പ്രാദേശിക ഭരണനിർവഹണം പ്രോത്സാഹിപ്പിക്കുന്നതിനും യുനാമയ്ക്ക് അധികാരമുണ്ടാകും. സ്ത്രീകൾ, ന്യൂനപക്ഷങ്ങൾ, യുവാക്കൾ, ഭിന്നശേഷിക്കാർ എന്നിവരുടെ പൂർണവും തുല്യവും സുരക്ഷിതവുമായ പങ്കാളിത്തം ഉറപ്പാക്കാനും പ്രമേയം ലക്ഷ്യമിടുന്നു.

തുടരുന്ന മനുഷ്യാവകാശ ലംഘനങ്ങൾ
കർശനമായ വസ്ത്രധാരണ ചട്ടങ്ങൾ ലംഘിച്ചുവെന്ന് ആരോപിച്ച് ഈ മാസം പടിഞ്ഞാറൻ നഗരമായ ഹെറാത്തിൽ 30 സ്ത്രീകളെ താലിബാൻ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് യുഎൻ പ്രമേയം പാസാക്കിയത്. അറസ്റ്റിൽ പ്രതിഷേധിച്ച് നടന്ന അപൂർവമായ പ്രകടനത്തെ താലിബാൻ പൊലീസ് അക്രമാസക്തമായാണ് നേരിട്ടത്. പ്രതിഷേധക്കാർക്ക് നേരെ നടന്ന വെടിവയ്പിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി യുഎൻ മിഷൻ റിപ്പോർട്ട് ചെയ്തിരുന്നു.അമേരിക്കൻ നേതൃത്വത്തിലുള്ള സേനയുടെ പിന്മാറ്റത്തിന് പിന്നാലെ 2021ലാണ് താലിബാൻ അഫ്‌ഗാനിസ്ഥാൻ്റെ ഭരണം പിടിച്ചെടുത്തത്. തുടർന്ന് ഇസ്‌ലാമിക നിയമമായ ശരിയത്ത് കർശനമായി നടപ്പിലാക്കിയ അവർ, സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയത്. പ്രൈമറി സ്കൂളിന് മുകളിലേക്കുള്ള വിദ്യാഭ്യാസത്തിനും ഭൂരിഭാഗം തൊഴിലുകൾക്കും സ്ത്രീകൾക്ക് വിലക്കുണ്ട്. ന്യൂനപക്ഷങ്ങൾക്കും ഈ ഭരണമാറ്റം വലിയ തിരിച്ചടിയായി.