വെനസ്വേല ഭൂചലനം: മരണം 235 , പതിനായിരത്തിലധികം പേരെ കാണാനില്ല

കാരക്കാസ്: വെനസ്വേലയിൽ ബുധനാഴ്ച വൈകിട്ടുണ്ടായ ഇരട്ട ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 235 ആയി. 1500ലേറെ പേർക്ക് പരിക്കേൽക്കുകയും 10,000ത്തിലധികം ആളുകളെ കാണാതാവുകയും ചെയ്തു. റിക്ടർ സ്കെയിലിൽ 7.2, 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങളിൽ തലസ്ഥാനമായ കാരക്കാസിലും ലാ ഗ്വെയ്റയിലുമായി 100ലധികം ബഹുനില കെട്ടിടങ്ങളാണ് നിലംപൊത്തിയത്.അമേരിക്കൻ ജിയോളജിക്കൽ സർവേയുടെ (യുഎസ്ജിഎസ്) റിപ്പോർട്ട് പ്രകാരം കാരക്കാസിൽ നിന്ന് 170 കിലോമീറ്റർ അകലെ കരീബിയൻ തീരത്തെ മൊറോണിന് പടിഞ്ഞാറാണ് ആദ്യ ഭൂചലനത്തിൻ്റെ പ്രഭവകേന്ദ്രം. 22 കിലോമീറ്റർ ആഴത്തിലുണ്ടായ ഈ ചലനത്തിന് 7.2 ആയിരുന്നു തീവ്രത. കൃത്യം ഒരു മിനിറ്റിനുശേഷം മൊറോണിന് 16 കിലോമീറ്റർ തെക്കുപടിഞ്ഞാറായി 10 കിലോമീറ്റർ ആഴത്തിൽ 7.5 തീവ്രതയുള്ള രണ്ടാമത്തെ ഭൂചലനവുമുണ്ടായി. ബ്രസീലിലെ ആമസോൺ മേഖലകളിൽ വരെ പ്രകമ്പനം അനുഭവപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. ഒരു നൂറ്റാണ്ടിനിടെ വെനസ്വേലയിലുണ്ടാകുന്ന ഏറ്റവും വലിയ ദുരന്തമാണിത്.

രക്ഷാപ്രവർത്തനം ദുഷ്കരം
കെട്ടിടങ്ങൾ തകർന്നുവീണ് അവശിഷ്ടങ്ങൾക്കിടയിൽ 200ലധികം പേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. കാരക്കാസിലും സമീപ പ്രദേശങ്ങളിലുമായി തകർന്നുവീണ കെട്ടിടങ്ങളുടെ താഴെയുണ്ടായിരുന്ന വലിയ വാഹന പാർക്കിങ് കേന്ദ്രങ്ങളിൽ നിരവധി ആളുകൾ ഉണ്ടായിരുന്നു. ഇതാണ് കാണാതായവരുടെ എണ്ണം 10,000 കടക്കാൻ പ്രധാന കാരണം. കാണാതായവർക്കായി ബന്ധുക്കൾ നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ തിരച്ചിൽ പുരോഗമിക്കുന്നത്. മരിച്ചവരുടെയും കാണാതായവരുടെയും കണക്കുകൾ താരതമ്യം ചെയ്തുള്ള പരിശോധനകളും നടക്കുന്നുണ്ട്.കാരക്കാസിലെ വലിയ ആശുപത്രികൾ പലതും തകർന്നത് പ്രതിസന്ധി ഇരട്ടിയാക്കിയിട്ടുണ്ട്. പരിക്കേറ്റവരെ എവിടേക്ക് മാറ്റുമെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. 1999ൽ ആയിരക്കണക്കിന് ആളുകളുടെ ജീവനെടുത്ത ഉരുൾപൊട്ടലുണ്ടായ ലാ ഗ്വെയ്റയിലേക്ക് മറ്റ് ഭാഗങ്ങളിൽ നിന്നുള്ള രക്ഷാപ്രവർത്തകരെ സർക്കാർ തിരിച്ചുവിട്ടിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനായി വലിയ നിർമാണ ഉപകരണങ്ങൾ വിട്ടുനൽകാൻ ആക്ടിങ് പ്രസിഡൻ്റ് ഡെൽസി റോഡ്രിഗസ് വ്യവസായികളോട് അഭ്യർഥിച്ചു.
മാധ്യമ വിലക്കും രാഷ്ട്രീയ പ്രതിസന്ധിയും
ഭൂചലനം നടന്ന് മണിക്കൂറുകൾ പിന്നിടുമ്പോഴും കൃത്യമായ നാശനഷ്ടങ്ങളുടെ കണക്കുകൾ പുറത്തുവന്നിട്ടില്ല. രാജ്യത്ത് മാധ്യമങ്ങൾക്കും സമൂഹമാധ്യമങ്ങൾക്കും സർക്കാരിൻ്റെ കർശന നിയന്ത്രണമുള്ളതിനാലാണ് വിവരങ്ങൾ കൃത്യമായി ലഭ്യമാകാത്തത്. മരണസംഖ്യയോ ആളുകൾ എവിടെയൊക്കെയാണ് കുടുങ്ങിക്കിടക്കുന്നതെന്നോ എത്രപേർ ആശുപത്രികളിലുണ്ടെന്നോ ഉള്ള വിവരങ്ങൾ പുറത്തുവരുന്നതിന് ഇത് തടസമാകുന്നുണ്ട്.നിലവിൽ സ്ഥിരീകരിച്ച മരണങ്ങൾ സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ പുറത്തുവിട്ടത് ആക്ടിങ് പ്രസിഡൻ്റ് ഡെൽസി റോഡ്രിഗസ് ആണ്. മാധ്യമ വിലക്കുകൾ നിലനിൽക്കുന്നതിനാൽ നാട്ടുകാരിൽ നിന്നും വിദേശ വാർത്താ ഏജൻസികളിൽ നിന്നുമാണ് കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നത്.