രോഗപ്രതിരോധശേഷിക്ക് മികച്ചതാണ് ചേമ്പില; പോഷകഗുണങ്ങൾ അറിയാം

മലയാളിക്ക് ഏറെ പരിചിതവും കർക്കിടക മാസത്തിലെ ‘പത്തിലക്കറി’കളിൽ പ്രധാനിയുമായ ചേമ്പില (Colocasia Leaves)മികച്ചൊരു പോഷകാഹാരമാണെന്ന് ആരോഗ്യ വിദഗ്ധർ. ശരീരത്തിന് ആവശ്യമായ വൈറ്റമിനുകളാലും ധാതുക്കളാലും സമ്പന്നമായ ചേമ്പില ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും മൊത്തത്തിലുള്ള ആരോഗ്യ സംരക്ഷണത്തിനും ഏറെ ഗുണം ചെയ്യും. വൈറ്റമിൻ എ, ബി, സി, തയാമിൻ, റൈബോഫ്ലേവിൻ, ഫോളേറ്റ് എന്നിവയ്ക്ക് പുറമെ മാംഗനീസ്, കോപ്പർ, പൊട്ടാസ്യം, ഇരുമ്പ് (അയൺ) തുടങ്ങിയ അത്യാവശ്യ ഘടകങ്ങളും ചേമ്പിലയിൽ ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്നു. ഒരു കപ്പ് ചേമ്പിലയിൽ ഏകദേശം 35 കാലറി മാത്രമാണുള്ളത്. കാലറിയും കൊഴുപ്പും വളരെ കുറവായതിനാൽ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് ഡയറ്റിൽ ധൈര്യമായി ഉൾപ്പെടുത്താം. നാരുകൾ (ഫൈബർ) ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റാൻ ചേമ്പില സഹായിക്കും. ഇതിലടങ്ങിയിരിക്കുന്ന വൈറ്റമിൻ എ കണ്ണിന്റെ ആരോഗ്യത്തിനും ചർമ്മത്തിലെ ചുളിവുകൾ മാറ്റി തിളക്കം നിലനിർത്താനും ഉത്തമമാണ്. ഗർഭസ്ഥ ശിശുവിന്റെ ആരോഗ്യകരമായ വളർച്ചയ്ക്കും നാഡീവ്യവസ്ഥയുടെ വികാസത്തിനും സഹായിക്കുന്ന ജീവകം ബി-യും ഇതിലുണ്ട്. കൂടാതെ ശരീരത്തിലെ ഇൻസുലിന്റെയും പഞ്ചസാരയുടെയും അളവിനെ നിയന്ത്രിക്കാൻ സഹായിക്കുന്ന ഘടകങ്ങളും ചേമ്പിലയിലുണ്ട്. ഇതിലെ പൊട്ടാസ്യം രക്തസമ്മർദ്ദം ക്രമീകരിച്ച് ഹൃദയത്തിന്റെ സുഗമമായ പ്രവർത്തനത്തെ പിന്തുണയ്ക്കുന്നു. വൈറ്റമിൻ സി പോലുള്ള ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുള്ളതിനാൽ കോശങ്ങളുടെ ആരോഗ്യത്തിനും ഇത് നല്ലതാണ്. എന്നാൽ ചേമ്പിലയിൽ അടങ്ങിയിരിക്കുന്ന കാൽസ്യം ഓക്സലേറ്റ് ചൊറിച്ചിലിന് കാരണമാകുമെന്നതിനാൽ, ഇത് നന്നായി വേവിച്ച് മാത്രം കഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.