കോഴിക്കോട് വീണ്ടും നിപ; 43കാരന്റെ പരിശോധനാഫലം പോസിറ്റീവ്

കോഴിക്കോട് : ജില്ലയിൽ വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ചതായി റിപ്പോർട്ട് . കോഴിക്കോട് നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 43 വയസുകാരന്റെ സ്രവപരിശോധനയിലാണ് നിപ വൈറസ് സാന്നിധ്യം കണ്ടെത്തിയതെന്നാണ് ലഭിക്കുന്ന വിവരം. കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ പരിശോധനയിലാണ് ഫലം പോസിറ്റീവായതായി അറിയുന്നത്.നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള രോഗിയെ കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി ഉടൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. രാമനാട്ടുകര നഗരസഭാ പരിധിയിൽ താമസിക്കുന്ന വ്യക്തിയാണ് രോഗിയെന്നാണ് പ്രാഥമിക വിവരം.സംഭവത്തെ തുടർന്ന് ആരോഗ്യവകുപ്പ് ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ നടപടികൾ വേഗത്തിലാക്കാൻ പ്രാദേശിക ഭരണകൂടവും ആരോഗ്യപ്രവർത്തകരും രംഗത്തുണ്ട്. രാമനാട്ടുകര നഗരസഭാ ചെയർമാന്റെ നേതൃത്വത്തിൽ അടിയന്തര യോഗം വിളിച്ചുചേർത്തതായും രോഗിയുടെ സമ്പർക്ക പട്ടിക തയ്യാറാക്കാനുള്ള നടപടികൾ ആരംഭിച്ചതായും സൂചനയുണ്ട്. പ്രദേശത്തെ ചില ഭാഗങ്ങൾ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിക്കാനും സാധ്യതയുണ്ട്.
അതേസമയം, രോഗബാധ സംബന്ധിച്ച് സംസ്ഥാന ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല. രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് കേസ് ആരോഗ്യവകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നുവെന്നും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യരംഗത്തെ വൃത്തങ്ങൾ വ്യക്തമാക്കുന്നു ഔദ്യോഗിക സ്ഥിരീകരണത്തിനും തുടർ മാർഗനിർദേശങ്ങൾക്കും കാത്തിരിക്കുകയാണ് ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും.