കൈക്കൂലി : കെഎസ്ഇബി സബ് എഞ്ചിനീയർ വിജിലൻസ് പിടിയിൽ

കൊല്ലം: ഫുഡ് പ്രോസസിങ് കമ്പനിക്ക് വൈദ്യുതി കണക്ഷൻ അനുവദിക്കുന്നതിനായി 5,000 രൂപ കൈക്കൂലി വാങ്ങിയ കെഎസ്ഇബി സബ് എഞ്ചിനീയറെ വിജിലൻസ് പിടികൂടി. കൊട്ടിയം തഴുത്തല സ്വദേശിയായ നസീറിനെയാണ് (53) കൊല്ലം വിജിലൻസ് യൂണിറ്റ് ഡിവൈഎസ്‌പി ബൈജു എസ്.എസിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്‌തത്.കുമ്മല്ലൂർ ജങ്‌ഷനിൽ പ്രവർത്തിക്കുന്ന ഫുഡ് പ്രോസസിങ് കമ്പനിയുടെ ഉടമയിൽ നിന്നാണ് ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടത്. ആറുമാസം മുമ്പാണ് സ്ഥാപനത്തിലേക്ക് പുതിയ കണക്ഷനായി ഉടമ കെഎസ്ഇബിയെ സമീപിച്ചത്. എന്നാൽ പല കാരണങ്ങൾ പറഞ്ഞ് കണക്ഷൻ നൽകാതെ സബ് എഞ്ചിനീയർ ഒഴിഞ്ഞുമാറുകയായിരുന്നു. ഒടുവിൽ കണക്ഷൻ അനുവദിക്കണമെങ്കിൽ 5,000 രൂപ കൈക്കൂലി നൽകണമെന്ന് ഇയാൾ ആവശ്യപ്പെട്ടു.കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടർന്ന് സ്ഥാപന ഉടമ കൊല്ലം വിജിലൻസ് യൂണിറ്റിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് സംഘം കെണിയൊരുക്കി. ഇന്നേദിവസം ഉച്ചയ്ക്ക് 12 മണിയോടെ കൈക്കൂലി പണം വാങ്ങുന്നതിനിടയിൽ സബ് എഞ്ചിനീയറെ വിജിലൻസ് സംഘം തന്ത്രപൂർവ്വം കൈയോടെ പിടികൂടുകയായിരുന്നു. പ്രതിക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.