എൽഡിഎഫ് ഭരണകാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ വൻ ക്രമക്കേടും വകമാറ്റലും നടന്നതായി സിഎജി റിപ്പോർട്ട്

എൽഡിഎഫ് ഭരണകാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ വൻ ക്രമക്കേടും വകമാറ്റലും നടന്നതായി സിഎജി റിപ്പോർട്ട്

തിരുവനന്തപുരം: പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽവൻ ക്രമക്കേടും വകമാറ്റലും നടന്നതായി വ്യക്തമാക്കുന്ന കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ റിപ്പോർട്ട് നിയമസഭയിൽ സമർപ്പിച്ചു. സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്ന 2024-25 വർഷത്തെ സാമ്പത്തിക അവലോകന റിപ്പോർട്ടിലാണ് മുൻ സർക്കാരിന്റെ ധനമാനേജ്‌മെന്റിലെ വൻ പാളിച്ചകൾ അക്കമിട്ട് നിരത്തുന്നത്. ദുരിതാശ്വാസ നിധിയിൽ നിന്ന് കോടികൾ വകമാറ്റിയതിനൊപ്പം കിഫ്ബിയും പെൻഷൻ കമ്പനിയും വഴി വരുത്തിവെച്ച ഓഫ് ബജറ്റ് കടമെടുപ്പുകൾ സംസ്ഥാനത്തെ വലിയ കടക്കെണിയിലാക്കിയെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.

ധനക്കമ്മി കുറച്ചുകാണിക്കാൻ വകമാറ്റൽ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 262.06 കോടി രൂപ സംസ്ഥാനത്തിന്റെ സഞ്ചിത നിധിയിലേക്ക് മാറ്റിയെന്നാണ് സിഎജിയുടെ ഏറ്റവും പ്രധാനപ്പെട്ട കണ്ടെത്തൽ. ഇത് തികച്ചും ക്രമവിരുദ്ധമായ നടപടിയാണ്. സംസ്ഥാനത്തിന്റെ ധനക്കമ്മിയും റവന്യു കമ്മിയും കൃത്രിമമായി കുറച്ചു കാണിക്കാനുള്ള ബോധപൂർവ്വമായ നീക്കത്തിന്റെ ഭാഗമായാണ് ഈ വകമാറ്റൽ നടന്നതെന്ന് റിപ്പോർട്ട് വിശദമാക്കുന്നു. ദുരന്തബാധിതരെ സഹായിക്കാനായി പൊതുജനങ്ങളിൽ നിന്ന് സ്വരൂപിച്ച സംഭാവനകളുടെ വിശ്വാസ്യതയെ തന്നെ സംശയത്തിലാക്കുന്ന ഗുരുതരമായ കണ്ടെത്തലാണിത്.ഇതിനു പുറമേ, കിഫ്ബിയും പൊതുമേഖലാ പെൻഷൻ കമ്പനിയും വഴി മുൻ സർക്കാർ വരുത്തിവെച്ച കടമെടുപ്പുകൾ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ വഷളാക്കി. ഇത്തരത്തിൽ 39,230 കോടി രൂപയുടെ ബജറ്റിതര ബാധ്യതയാണ് സംസ്ഥാനത്തിനുണ്ടായിരിക്കുന്നത്. നിലവിലും സംസ്ഥാനത്ത് കടമെടുപ്പ് തുടരുകയാണെന്നും തീർപ്പാക്കാത്ത ബാധ്യതകൾ മാത്രം നിലവിൽ 3,511 കോടി രൂപയുണ്ടെന്നും സിഎജി ചൂണ്ടിക്കാട്ടുന്നു.