ഡിപ്പോയിൽ നിന്നും കെഎസ്ആർടിസി ബസ് മോഷ്ടിച്ച സംഭവം : പ്രതി പിടിയിൽ

 ഡിപ്പോയിൽ നിന്നും  കെഎസ്ആർടിസി ബസ് മോഷ്ടിച്ച സംഭവം : പ്രതി പിടിയിൽ

 പാലക്കാട്: കെഎസ്ആർടിസി ഡിപ്പോയിൽ നിർത്തിയിട്ടിരുന്ന ഓർഡിനറി ബസ് മോഷ്ടിച്ച സംഭവത്തിൽ മുഖ്യപ്രതി പിടിയിൽ. മേപ്പറമ്പ് സ്വദേശി ഫാസിലിനെ പാലക്കാട് ടൗൺ സൗത്ത് പോലീസാണ് പിടികൂടിയത്. ഇയാളെ ഇന്ന് വൈകിട്ടോടെ പോലീസ് തെളിവെടുപ്പിനായി സംഭവസ്ഥലത്തെത്തിക്കും.

കഴിഞ്ഞ ഞായറാഴ്ച പുലർച്ചെയായിരുന്നു സിനിമയെ വെല്ലുന്ന രീതിയിലുള്ള മോഷണം നടന്നത്. ഡിപ്പോയ്ക്ക് പുറത്ത് പ്രധാന റോഡരികിൽ പാർക്ക് ചെയ്തിരുന്ന ബസ്, ജീവനക്കാരുടെ കണ്ണുവെട്ടിച്ച് ഫാസിൽ സ്റ്റാർട്ട് ചെയ്ത് കൊണ്ടുപോവുകയായിരുന്നു.

പുലർച്ചെ അഞ്ച് മണിയോടെ ബസ് കാണാനില്ലെന്ന് ശ്രദ്ധയിൽപ്പെട്ട ജീവനക്കാർ ഉടൻ തന്നെ മറ്റ് വാഹനങ്ങളിൽ മോഷ്ടാവിനെ പിന്തുടർന്നു . താൻ പോലീസിനും ജീവനക്കാർക്കും തൊട്ടുപിന്നാലെ പിടിയിലാകുമെന്ന് ഉറപ്പായതോടെ, നഗരത്തിലെ മംഗളം ടവറിന് സമീപം ബസ് ഉപേക്ഷിച്ച് പ്രതി ഓടിരക്ഷപ്പെടുകയായിരുന്നു.