എംഡിഎംഎ കേസിൽ പിടിയിലായ അധ്യാപികമാരെ വിദ്യാഭ്യാസ വകുപ്പ് പിരിച്ചു വിട്ടു

കോഴിക്കോട് :വടകരയിൽ എംഡിഎംഎ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിആർസി അധ്യാപികമാർക്കെതിരെ കർശന നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്. കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന മരുതോങ്കര സ്വദേശി കീർത്തനയെ സർവശിക്ഷാ കേരള സംസ്ഥാന പ്രൊജക്ട് ഓഫീസർ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. പേരാമ്പ്ര ബിആർസിയിലെ സ്പെഷ്യലിസ്റ്റ് കായിക അധ്യാപികയായ കെ.സി. കീർത്തന ഈ മാസം 11നാണ് പോലീസിന്റെ പിടിയിലായത്.
കേസുമായി ബന്ധപ്പെട്ട് ശനിയാഴ്ച അറസ്റ്റിലായ ബിആർസിയിലെ സ്പെഷ്യൽ എജ്യുക്കേറ്ററും കൂരാച്ചുണ്ട് സ്വദേശിയുമായ കാവ്യയ്ക്കെതിരെയുള്ള അച്ചടക്ക നടപടി ഇന്നുണ്ടാകും .ഓപ്പറേഷൻ തൂഫാൻ പരിശോധനയിൽ രണ്ട് ഗ്രാം എംഡിഎംഎയുമായി പിടിക്കപ്പെട്ട വടകര സ്വദേശി സഫ്വാനിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അധ്യാപികമാർ ഉൾപ്പെട്ട ലഹരി സംഘത്തെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചത്. മയക്കുമരുന്ന് ആവശ്യപ്പെടുന്നവരിൽ നിന്ന് ക്യൂആർ കോഡ് വഴി പണം കൈപ്പറ്റുക, ലഹരി നൽകേണ്ട സ്ഥലങ്ങളുടെ ഗൂഗിൾ മാപ്പ് അയച്ചു നൽകി സംഘത്തിന് വഴി സൗകര്യമൊരുക്കുക തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് അധ്യാപികമാർക്കെതിരെ കണ്ടെത്തിയിട്ടുള്ളത്.