കാറിന് മുകളിലേക്ക് ബസ് തലകീഴായി മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

മലപ്പുറം: കുറ്റിപ്പുറത്ത് കാറിൻ്റെ മുകളിലേക്ക് ലിമിറ്റഡ് സ്റ്റോപ്പ് ബസ് തലകീഴായി മറിഞ്ഞ് അപകടം. ദേശീയപാതയിലാണ് അപകടമുണ്ടായത്. അപകടത്തിൽ ഒരാള്‍ മരിച്ചു, മൂന്ന് പേരുടെ നില ഗുരുതരം. അപകടത്തിൽ ഇരുപതോളം പേർക്ക് പരിക്കേറ്റു.കുറ്റിപ്പുറം പാലത്തിന് സമീപമാണ് അപകടമുണ്ടായത്. അമിതവേഗതയിലെത്തിയ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് നിർത്തിയിട്ടിരുന്ന കാറിന് മുകളിലേക്ക് തലകീഴായി മറിയുകയായിരുന്നുവെന്ന് യാത്രക്കാർ പറഞ്ഞു. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.ഇടിച്ച ആഘാതത്തിൽ ബസ് ഏകദേശം നടുമുറിഞ്ഞ നിലയിലാണ്. ബസിൻ്റെ അടിയിൽപ്പെട്ട കാറും പൂർണമായും തകർന്നു. ഓടിക്കൂടിയ നാട്ടുകാരും പൊലീസും ഫയർഫോഴ്‌സും ചേർന്നാണ് പരിക്കേറ്റവരെ പുറത്തെടുത്ത് സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചത്.
''അപ്രതീക്ഷിതമായി അമിത വേഗതയിലെത്തിയ ബസ് മറിയുകയായിരുന്നു. പിന്നെ ഉച്ചത്തിൽ കരച്ചിലാണ് കേട്ടത്. എല്ലാവരും സീറ്റിൽ ഇരിക്കുകയായിരുന്നു. അരും തന്നെ നിന്ന് യാത്ര ചെയ്‌തിരുന്നില്ല. ബസ് മറിഞ്ഞപ്പോള്‍ ഇരിക്കുന്നവരുടെ ദേഹത്തേക്ക് ഡീസലും രക്തവുമെല്ലാം ഒഴുകി. ഇതോടെ ആളുകള്‍ കൂടുതൽ പരിഭ്രാന്തരായി. പിന്നെ നാട്ടുകാർ ഓടിയെത്തി സമാധാനമായി പുറത്തേക്ക് ഇറങ്ങാൻ നിർദേശിക്കുകയായിരുന്നു'' - യാത്രക്കാരൻ പറഞ്ഞു.
അതേസമയം പരിക്കേറ്റവരുടെ വിവരങ്ങൾ ലഭ്യമായിട്ടില്ല. നിലവിൽ പൊലീസും സന്നദ്ധപ്രവർത്തകരും ചേർന്ന് രക്ഷാപ്രവർത്തനം തുടരുകയാണ്. കോഴിക്കോട്-തൃശൂർ റൂട്ടിൽ ഓടുന്ന ബസാണ് അപകടത്തിൽപ്പെട്ടതെന്നാണ് വിവരം.