പയ്യന്നൂരിലെ ഒന്നരവയസുകാരൻ്റെ മരണത്തിൽ പ്രതിഷേധം അവസാനിപ്പിച്ച് കുടുംബംശ്യം

പയ്യന്നൂരിലെ  ഒന്നരവയസുകാരൻ്റെ മരണത്തിൽ പ്രതിഷേധം അവസാനിപ്പിച്ച് കുടുംബംശ്യം

കണ്ണൂർ: പയ്യന്നൂരില്‍ ചികിത്സയ്ക്കിടെ ഒന്നര വയസുകാരന്‍ മരിച്ച സംഭവത്തില്‍ ആശുപത്രിക്ക് മുന്നിലെ പ്രതിഷേധം അവസാനിപ്പിച്ച് കുടുംബം. ഡോക്ടർമാരെ സംരക്ഷിക്കില്ലെന്നും കേസ് എടുക്കുമെന്നും ഉറപ്പ് നൽകിയതിന് പിന്നാലെയാണ് പ്രതിഷേധം നിർത്തിയത്. ഡോ അഞ്ജലി പൊതുവാളിന് പുറമെ പീഡിയാട്രിഷൻ ആശ നിർമൽ, പ്ലാസ്റ്റിക് സർജൻ ആരതി അന്തർജനം എന്നിവരെയും പ്രതി ചേർക്കണമെന്ന ആവശ്യമാണ് കുടുംബം മുന്നോട്ട് വച്ചത്.

'എൻ്റെ കുട്ടി പോയില്ലേ. കേസ് ജയിക്കാനോ നഷ്‌ടപരിഹാരം വാങ്ങാനോ അല്ല ഇവിടേക്ക് വന്നത്' പിതാവ് സൂരജ് പറഞ്ഞു. സാമ്പത്തിക സഹായങ്ങളോ മറ്റോ പ്രതീക്ഷിച്ചല്ല ഇത്തരത്തില്‍ പ്രതിഷേധിച്ചത്. തീരെ ആവശ്യമില്ലാത്ത കാര്യത്തില്‍ ചികിത്സയ്‌ക്ക് പോയി. അതാണ് കുഞ്ഞിനെ നഷ്‌ടപ്പെടാന്‍ കാരണം. മൂന്ന് ഡോക്‌ടര്‍മാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സൂരജ് പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അനസ്തേഷ്യ നൽകിയതിന് പിന്നാലെ ഗുരുതരാവസ്ഥയിലായ ഒന്നര വയസുകാരൻ മരിക്കുകയായിരുന്നു.പയ്യന്നൂർ സ്വദേശി സൂരജിൻ്റെ മകൻ ദേവാൻഷ് ശൗര്യയാണ് മരിച്ചത്. സംഭവത്തില്‍ കുടുംബം ദുരൂഹത ആരോപിച്ചതിന് പിന്നാലെ നടന്ന അന്വേഷണത്തിലാണ് ഡോക്‌ടര്‍ക്കെതിരെ കേസെടുത്തത്. ഇനിയൊരിക്കലും ഒരു കുഞ്ഞിനും ഇങ്ങനെ സംഭവിക്കരുത്. ഡോക്‌ടര്‍മാര്‍ ശരിക്കും ആലോചിച്ച് മാത്രമെ ഇത്തരമൊരു ചികിത്സയിലേക്ക് പോകാവുയെന്നും സൂരജ്‌ കൂട്ടിച്ചേർത്തു. ഒരു ഡോക്‌ടര്‍ക്കെതിരെ മാത്രമാണ് കേസെടുത്തിരുന്നത്. എന്നാല്‍ പീഡിയാട്രീഷന്‍ അടക്കം രണ്ട് പേര്‍ക്കെതിരെ കൂടി കേസെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.കാരണം പീഡിയാട്രിഷന്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് കുഞ്ഞിന് അനസ്‌തേഷ്യ നല്‍കിയത്. സര്‍ജറി ചെയ്യാന്‍ മാത്രമുള്ള മുറിവ് കുഞ്ഞിന് ഉണ്ടായിരുന്നില്ല. മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടം ചെയ്‌ത ഡോക്‌ടര്‍ പോലും ഇത്തരമൊരു ചെറിയ മുറിവിനാണോ അനസ്‌തേഷ്യ നല്‍കിയതെന്ന് ചോദിച്ചുവെന്ന് സൂരജ്‌ പറയുന്നു. പ്ലാസ്‌റ്റിക്‌ സര്‍ജറി ചെയ്യണമെന്ന് പറഞ്ഞ ഡോക്‌ടര്‍ അതിന്‍റെ തുക അടക്കം പറഞ്ഞിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.