കള്ളാടി മണ്ണിടിച്ചിൽ: രണ്ടുപേർക്കായി തിരച്ചിൽ നാലാം ദിവസവും തുടരുന്നു
വയനാട്: കള്ളാടിയിലെ തുരങ്കപാത നിർമാണ സ്ഥലത്തുണ്ടായ വൻ മണ്ണിടിച്ചിലിൽ കാണാതായ രണ്ടുപേർക്കായുള്ള തിരച്ചിൽ നാലാം ദിവസത്തിലേക്ക് കടന്നു. പശ്ചിമബംഗാൾ സ്വദേശിയായ സർവേയർ രാകേഷ് ഗുച്ചേത്, ഹിമാചൽപ്രദേശ് സ്വദേശിയായ കൺസ്ട്രക്ഷൻ മാനേജർ വിക്രം റാണ എന്നിവരെയാണ് ഇനി കണ്ടെത്താനുള്ളത്. ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാൻ സർക്കാർ പ്രഖ്യാപിച്ച ഇരട്ട അന്വേഷണത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ലെങ്കിലും, ശാസ്ത്രജ്ഞർ ഉൾപ്പെടുന്ന വിദഗ്ധ സമിതിയെ ഇന്ന് പ്രഖ്യാപിച്ചേക്കും.

എൻഡിആർഎഫ്, എസ്ഡിആർഎഫ്, പൊലീസ്, ഫയർഫോഴ്സ് എന്നിവരുടെ സംയുക്ത നേതൃത്വത്തിലാണ് പ്രദേശത്ത് തിരച്ചിൽ പുരോഗമിക്കുന്നത്. അപകടസ്ഥലത്തെ വലത്, ഇടത് എന്നിങ്ങനെ രണ്ട് മേഖലകളായി തിരിച്ചാണ് നിലവിൽ പരിശോധന നടക്കുന്നത്. മൃതദേഹങ്ങൾ കണ്ടെത്താൻ പരിശീലനം ലഭിച്ച കഡാവർ നായ്ക്കളുടെ സേവനവും വ്യാപകമായി ഉപയോഗപ്പെടുത്തുന്നുണ്ട്. നായ്ക്കൾ മണം പിടിക്കുന്ന സ്ഥലങ്ങളിൽ കൂടുതൽ മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് മണ്ണ് നീക്കാനാണ് തീരുമാനം. നിലവിൽ ഒരു ഭാഗത്തേക്ക് മാത്രമാണ് മണ്ണ് മാറ്റുന്നത്. ഇതിന് പകരം ചൂരൽമല, മേപ്പാടി എന്നീ രണ്ട് ഭാഗങ്ങളിലേക്കും അതിവേഗം മണ്ണ് നീക്കി പരിശോധന നടത്താനാണ് അധികൃതർ ലക്ഷ്യമിടുന്നത്. മലപോലെ കൂടിക്കിടക്കുന്ന മണ്ണ് എത്രയും വേഗം മാറ്റാൻ ഇതിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തൽ.രാഷ്ട്രീയ പോര് മുറുകുന്നു
അതിനിടെ, കള്ളാടി ദുരന്തത്തിൽ രാഷ്ട്രീയ പോരും മുറുകുകയാണ്. പരിസ്ഥിതി ലോല പ്രദേശത്ത് തുരങ്കപാത നിർമിക്കാൻ എങ്ങനെ അനുമതി ലഭിച്ചുവെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടി പ്രതിപക്ഷം സർക്കാരിനെതിരെ രംഗത്തെത്തി. അശാസ്ത്രീയമായി വിവരങ്ങൾ മറച്ചുവച്ചാണ് പാരിസ്ഥിതിക അനുമതി നേടിയതെന്ന ആരോപണവും ശക്തമാണ്. എന്നാൽ കഴിഞ്ഞ സർക്കാരിൻ്റെ കാലത്താണ് പദ്ധതിക്ക് അനുമതി നൽകിയതെന്നാണ് സർക്കാരിൻ്റെ വിശദീകരണം.
മുഖ്യമന്ത്രി വി.ഡി സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും പരസ്പരം പഴിചാരുകയാണ്. ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ ശാസ്ത്രജ്ഞർ, തുരങ്കപാത വിദഗ്ധർ, ജിയോളജിസ്റ്റുകൾ എന്നിവർ ഉൾപ്പെടുന്ന വിപുലമായ വിദഗ്ധ സമിതിയെ ഇന്ന് പ്രഖ്യാപിക്കും. ഈ സമിതിയുടെ റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കും കോഴിക്കോട്-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത പദ്ധതിയുടെ ഭാവി തീരുമാനിക്കുക.