സാവരിയുടേത് മതം മാറാൻ വിസമ്മതിച്ചത് മൂലമുള്ള കൊലപാതകമെന്ന് കുടുംബം
ആലപ്പുഴ: ഉസ്ബെക്കിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ മലയാളി മെഡിക്കൽ വിദ്യാർത്ഥിനി സാവരിയ ബസന്ത് ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന പുതിയ വെളിപ്പെടുത്തലുകളുമായി പെൺകുട്ടിയുടെ കുടുംബം രംഗത്ത്. പെട്ടെന്നുണ്ടായ ഒരു നിമിഷത്തെ പ്രകോപനത്തിൽ പ്രതി ലാപ്ടോപ്പ് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയെന്ന രീതിയിൽ നിലവിൽ പ്രചരിക്കുന്ന വിവരങ്ങൾ തികച്ചും തെറ്റാണെന്ന് കുടുംബം ആരോപിച്ചു.
പ്രതിയായ സദറുൽ അനം എന്ന വ്യക്തിയുടെ മതംമാറ്റ ഭീഷണികൾക്ക് വഴങ്ങാൻ വിസമ്മതിച്ചതിനെത്തുടർന്ന് സാവരിയ മുറിക്കുള്ളിൽ വെച്ച് അതിക്രൂരമായ ശാരീരിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് പെൺകുട്ടിയുടെ അടുത്ത ബന്ധു ജനീഷ് മാധ്യമങ്ങളോട് പറഞ്ഞു .കൊല്ലപ്പെട്ട സാവരിയയുടെ കാൽ പാദം മുതൽ തല വരെ ശരീരത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലും അതിശക്തമായ മർദ്ദനമേറ്റ പാടുകളും ആഴത്തിലുള്ള മുറിവുകളുമുണ്ട്. പെട്ടെന്നുണ്ടായ ഒരു തർക്കത്തിന്റെ പേരിൽ ലാപ്ടോപ്പ് കൊണ്ട് മാത്രം അടിച്ചുകൊന്ന ലക്ഷണമല്ല മൃതദേഹത്തിലുള്ളതെന്ന് കേസ് അന്വേഷിക്കുന്ന വിദേശ അന്വേഷണ ഉദ്യോഗസ്ഥ തന്നെ തങ്ങളോട് നേരിട്ട് വ്യക്തമാക്കിയതായി ജനീഷ് പറഞ്ഞു. ഒന്നാം വർഷ മെഡിക്കൽ വിദ്യാർത്ഥിനിയായ സാവരിയയോട് പ്രതിയായ സദറുൽ അനം മുൻപും പലതവണ നിർബന്ധപൂർവ്വം മതംമാറാൻ ആവശ്യപ്പെട്ടിരുന്നു.
സഹപാഠികൾ സാക്ഷികൾ; വിശദമായ അന്വേഷണം വേണം
ക്യാമ്പസിൽ വെച്ച് പ്രതി പലതവണ സാവരിയയെ മതംമാറ്റത്തിനായി ശല്യം ചെയ്തിരുന്നതിന് ഒപ്പമുണ്ടായിരുന്ന മറ്റ് മലയാളി സഹപാഠികൾ കൃത്യമായ സാക്ഷികളാണെന്ന് കുടുംബം ചൂണ്ടിക്കാണിക്കുന്നു. എന്നാൽ തന്റെ സ്വന്തം വിശ്വാസങ്ങൾ ഉപേക്ഷിക്കാൻ സാവരിയ യാതൊരു കാരണവശാലും തയ്യാറായിരുന്നില്ല. ഇതേത്തുടർന്നുണ്ടായ കടുത്ത പ്രതികാരബുദ്ധിയാണ് ഈ ആസൂത്രിത കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കുടുംബത്തിന്റെ ശക്തമായ സംശയം.