മണ്ണിടിച്ചിൽ; വയനാട്ടിൽ തുരങ്കപാത നിർമാണ തൊഴിലാളികൾ കുടുങ്ങി

 മണ്ണിടിച്ചിൽ; വയനാട്ടിൽ തുരങ്കപാത നിർമാണ തൊഴിലാളികൾ കുടുങ്ങി

വയനാട്:  കള്ളാടിയിൽ തുരങ്കപാത നിർമാണ മേഖലയിലുണ്ടായ വൻ മണ്ണിടിച്ചിലിൽ നിരവധി പേർ കുടുങ്ങി. മീനാക്ഷി പാലത്തിന് സമീപമുണ്ടായ അപകടത്തിൽ വാഹനങ്ങളും നിർമാണ സാമഗ്രികളും പൂർണ്ണമായും മണ്ണിനടിയിലായി. മുഖ്യമന്ത്രി വി.ഡി സതീശൻ്റെ നിർദേശപ്രകാരം മന്ത്രിമാരായ എ.പി അനിൽകുമാറും ടി. സിദ്ദിഖും വയനാട്ടിലേക്ക് തിരിച്ചു.

കനത്ത മഴയെ തുടർന്നാണ് പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ദുർബല പ്രദേശമായ കള്ളാടിയിൽ വലിയ തോതിൽ മണ്ണിടിച്ചിലുണ്ടായത്. ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത നിർമാണത്തിനായി പാറ പൊട്ടിക്കുന്നതിനിടെ മുകളിൽ നിന്ന് വൻതോതിൽ മണ്ണും പാറക്കൂട്ടങ്ങളും ഇടിഞ്ഞുവീഴുകയായിരുന്നു. മുപ്പതിനും അൻപതിനും ഇടയിൽ തൊഴിലാളികൾ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായാണ് സംശയിക്കുന്നത്.നിർമാണ കമ്പനിയുടെ ഓഫിസായി പ്രവർത്തിച്ചിരുന്ന കണ്ടെയ്നറുകൾ, തൊഴിലാളികളുമായി വന്ന ബസ്, കാറുകൾ, മണ്ണുമാന്തി യന്ത്രങ്ങൾ എന്നിവ പൂർണ്ണമായും മണ്ണിനടിയിലായി. അപകടത്തിൽപ്പെട്ടവരിൽ ചിലരെ നാട്ടുകാരുടെ നേതൃത്വത്തിൽ അതിസാഹസികമായി രക്ഷപ്പെടുത്തി. ഇതിൽ ഒരാളുടെ കാൽ അറ്റുപോയ നിലയിലാണ്. പരിക്കേറ്റവരെ പ്രാഥമിക ചികിത്സയ്ക്കായി ഹാരിസൺ മലയാളം എസ്റ്റേറ്റ് ആശുപത്രിയിലേക്ക് മാറ്റി. കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന സംശയത്തെ തുടർന്ന് തിരച്ചിൽ ഊർജിതമാക്കി.

 വെല്ലുവിളിയായി മഴ

പ്രതികൂല കാലാവസ്ഥയും കനത്ത മഴയും രക്ഷാപ്രവർത്തനത്തിന് വലിയ തടസ്സമാണ് സൃഷ്ടിക്കുന്നത്. ദേശീയ ദുരന്തനിവാരണ സേന (എൻഡിആർഎഫ്), അഗ്നിരക്ഷാസേന, ദ്രുതകർമ സേന (ആർആർടി) എന്നിവർ സ്ഥലത്തെത്തിയിട്ടുണ്ട്. വലിയ മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് മണ്ണ് മാറ്റിയാൽ മാത്രമേ കൂടുതൽ പേരെ പുറത്തെടുക്കാൻ സാധിക്കൂ.പ്രദേശത്തെ റോഡ് ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. മീനാക്ഷി പാലത്തിന് സമീപമുള്ള ചെറിയ നദി കരകവിഞ്ഞൊഴുകുന്നതും ആശങ്ക വർധിപ്പിക്കുന്നുണ്ട്. അപകടസാധ്യത കണക്കിലെടുത്ത് സമീപ പ്രദേശങ്ങളിലെ വീടുകളിൽ നിന്ന് നൂറോളം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. മൺസൂൺ വിനോദസഞ്ചാര മേഖല കൂടിയായതിനാൽ വിനോദസഞ്ചാരികൾ അപകടത്തിൽപ്പെട്ടിട്ടുണ്ടോ എന്ന കാര്യവും അധികൃതർ പരിശോധിക്കുന്നുണ്ട്.തുരങ്കപാത നിർമാണം നടക്കുന്ന ഈ പ്രദേശം വലിയ പാരിസ്ഥിതിക പ്രാധാന്യമുള്ളതാണ്. ഇവിടെ മണ്ണിടിച്ചിൽ സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ ഭൗമശാസ്ത്ര വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു. യാതൊരു മുന്നറിയിപ്പുമില്ലാതെ പെട്ടെന്നാണ് വലിയ ശബ്ദത്തോടെ മലയിടിഞ്ഞുവീണതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. വൻ മരങ്ങൾ കടപുഴകി വീണതും രക്ഷാപ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്.