"പൊലീസുകാർ ഞങ്ങൾക്ക് പുല്ലാ, പിന്നെയാ ഫോറസ്റ്റുകാർ,മര്യാദയ്ക്ക് പോയില്ലെങ്കിൽ വഴിയെ നടക്കില്ല "
ഇടുക്കി: വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ഭീഷണി പ്രസംഗവുമായി എം എം മണി. മര്യാദയ്ക്ക് പോയില്ലെങ്കിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ വഴിയെ നടക്കില്ലെന്നും, പൊലീസുകാർ തങ്ങൾക്ക് പുല്ലാണെന്നും പിന്നെയാണോ ഫോറസ്റ്റുകാരെന്നും മണി ഭീഷണി മുഴക്കി. ഇടുക്കി കഞ്ഞിക്കുഴി മേഖലയിൽ റവന്യൂ ഭൂമി വനംവകുപ്പ് കൈയടക്കുന്നു എന്ന് ആരോപിച്ച് കർഷകസംഘം നടത്തിയ പ്രതിഷേധ മാർച്ചിലാണ് എം എം മണിയുടെ വിവാദ പരാമർശം.ഫോറസ്റ്റുകാർ പോലീസ് ചമയേണ്ട, പൊലീസുകാർ ഫോറസ്റ്റും ചമയേണ്ട. മര്യാദയ്ക്ക് കാര്യങ്ങൾ ചെയ്താൽ മര്യാദയ്ക്ക് നടക്കാം. അല്ലെങ്കിൽ മര്യാദകേട് ഞങ്ങൾക്ക് സ്വീകരിക്കേണ്ടി വരും. നിയമം കൈയിലെടുക്കേണ്ടി വരും. നിയമം കൈയിലെടുക്കുമ്പോൾ നിയമം… മാങ്ങാത്തൊലി എന്നൊന്നും പറഞ്ഞ് ഞങ്ങളുടെ നേരെ മെക്കിട്ടുകയറാൻ വന്നാൽ, വരുന്നവരേയും ഞങ്ങൾ നേരിടുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല, മണി പ്രസംഗത്തിൽ മുന്നറിയിപ്പ് നൽകി.
പൊലീസുകാർക്കും ഫോറസ്റ്റുകാർക്കും വീട്ടിൽ ഭാര്യയും മക്കളുമൊക്കെയുണ്ടെന്നും തങ്ങളെ അടിച്ചാൽ തിരിച്ചടിക്കുമെന്നും ഇത് തമാശയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രസംഗത്തിനിടെ മുഖ്യമന്ത്രി വി.ഡി. സതീശൻ തങ്ങളെ ഉമ്മാക്കി കാണിക്കാൻ വരികയാണെന്നും എം എം മണി പരിഹസിച്ചു.