"കോടികള്‍ നല്‍കിയാല്‍ ഉന്നത പദവി": യുഡിഎഫ് നേതാക്കൾക്ക് അജ്ഞാത കോള്‍

ന്യൂഡല്‍ഹി: മൂന്ന് കോടി രൂപ നൽകിയാൽ മന്ത്രിയാക്കാമെന്ന വ്യാജ ഫോൺ കോൾ, എലത്തൂർ എംഎൽഎ വിദ്യാ ബാലകൃഷ്ണന് വന്നതിന് തൊട്ടുപിറകെ കോണ്‍ഗ്രസിലെ നിരവധി നേതാക്കള്‍ക്ക് ഇത്തരം അജ്ഞാത സന്ദേശം ലഭിച്ചതായി റിപ്പോര്‍ട്ട്. എംപിമാരായ ഷാഫി പറമ്പില്‍, ഡീന്‍ കുര്യാക്കോസ് എന്നിവര്‍ക്കും സമാന ഫോണ്‍ കോളുകള്‍ ലഭിച്ചു. ഉന്നത പദവികളാണ് ഇവര്‍ക്ക് വാഗ്ദാനം ലഭിച്ചത്. സംഭവത്തില്‍ വയനാട് എംപി പ്രിയങ്കാഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറി ഡി എസ് രാജ്കുമാര്‍ പൊലീസില്‍ പരാതി നല്‍കി.വയനാട് എംപിയുടെ ഓഫീസില്‍ നിന്നാണെന്നു പറഞ്ഞാണ് ഇവരെ വിളിച്ചത്. കോടികള്‍ നല്‍കിയാല്‍ ഉന്നത സ്ഥാനങ്ങള്‍ നല്‍കാമെന്നാണ് വാഗ്ദാനം. ആള്‍മാറാട്ടം, വഞ്ചന, സാമ്പത്തിക തട്ടിപ്പു ശ്രമം തുടങ്ങിയ വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്. കോടികള്‍ നല്‍കിയാല്‍ ഷാഫിക്കും ഡീനിനും ഉന്നത പദവികള്‍, കൂടെയുള്ളവര്‍ക്കും മികച്ച പദവികള്‍ നല്‍കാമെന്നും ഫോണ്‍ സന്ദേശത്തില്‍ പറയുന്നു.ഫോണ്‍കോള്‍ വന്ന നമ്പര്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തുകയാണ്. സംസ്ഥാന മന്ത്രിസഭാ പുനഃസംഘടന ഉടന്‍ ഉണ്ടാകുമെന്നും മൂന്നുകോടി രൂപ നല്‍കിയാല്‍ മന്ത്രിയാക്കാമെന്നായിരുന്നു എലത്തൂര്‍ എംഎല്‍എ വിദ്യാ ബാലകൃഷ്ണന് ലഭിച്ച സന്ദേശം. വയനാട് എംപിയുടെ ഓഫീസില്‍നിന്നാണെന്നു പറഞ്ഞാണ് വിളിച്ചത്. സംഭവത്തില്‍ വിദ്യാ ബാലകൃഷ്ണന്‍ എംഎല്‍എ പൊലീസില്‍ പരാതി നല്‍കിയത്. പരാതിയില്‍ വയനാട് സൈബര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.
കെ എസ് ശബരീനാഥനും തട്ടിപ്പ് ഫോണ്‍ സന്ദേശം
കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലറും മുന്‍ എംഎല്‍എയുമായ കെ എസ് ശബരീനാഥനും തട്ടിപ്പ് ഫോണ്‍ സന്ദേശം ലഭിച്ചു. കോണ്‍ഗ്രസ് അഖിലേന്ത്യാ പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ഓഫീസില്‍ നിന്നെന്നു പറഞ്ഞായിരുന്നു കോള്‍ എത്തിയത്. ഹോട്ടലില്‍ മുറിയെടുക്കാന്‍ സാമ്പത്തിക സഹായം ചോദിച്ചായിരുന്നു കോള്‍ വന്നതെന്ന് ശബരീനാഥന്‍ വെളിപ്പെടുത്തി.
രാത്രി ലോകകപ്പ് ഫുട്ബോൾ മത്സരം കാണുന്നതിനിടെയാണ് വാട്‌സ് ആപ്പ് കോള്‍ വന്നത്. നിരന്തരം കോള്‍ വന്നതോടെയാണ് എടുത്തത്. മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ കുടുംബം തിരുവനന്തപുരത്ത് എത്തിയിട്ടുണ്ടെന്നും, ഉദയസമുദ്ര ഹോട്ടലില്‍ മൂന്നോ നാലോ റൂം ബുക്ക് ചെയ്തു. അതില്‍ രണ്ടു റൂമേ ആയിട്ടുള്ളൂ. രണ്ടു റൂമിന് ഇപ്പോള്‍ പണം നല്‍കിയാലേ ലഭിക്കൂ എന്നും ഫോണ്‍കോളില്‍ പറഞ്ഞു.നമ്പര്‍ നോക്കിയപ്പോള്‍ മല്ലികാര്‍ജുന്‍ സര്‍ പിഎ എന്നാണ് എഴുതിയിട്ടുള്ളത്. അതു തട്ടിപ്പാണെന്ന് മനസ്സിലായി. ഉദയസമുദ്ര ഹോട്ടലില്‍ വിളിച്ചു ചോദിച്ചപ്പോള്‍ അങ്ങനെയൊരു സംഭവം ഇല്ലെന്ന് പറഞ്ഞു. ബുക്ക് ചെയ്തത് കെസിവേണുഗോപാൽ എംപിയുടെ ഓഫീസില്‍ നിന്നാണ്, എഐസിസിയുടെ ഓഫീസില്‍ നിന്നാണ് എന്നാണ് അവര്‍ പറഞ്ഞത്. തുടര്‍ന്ന് കെസി വേണുഗോപാലിന്റെ ഓഫീസിനെയും വിളിച്ചു ചോദിച്ചിരുന്നു.തട്ടിപ്പാണെന്ന് മനസ്സിലായതോടെ അവരുമായി സംസാരിച്ച് വിവരങ്ങള്‍ അറിയാന്‍ ശ്രമിച്ചു. അതിനിടെ ജിഎം എന്ന് പറഞ്ഞ് മറ്റൊരാള്‍ക്ക് ഫോണ്‍ കൈമാറി. രണ്ടു റൂം മാത്രമേ കിട്ടിയുള്ളൂ, 15,000 രൂപ അയച്ചാല്‍ രണ്ടു റൂം നല്‍കാമെന്നാണ് അറിയിച്ചത് എന്ന് ജിഎം എന്നയാള്‍ പറഞ്ഞു. അവരുടെ ഡീറ്റെയില്‍സ് അയക്കാന്‍ പറഞ്ഞു. അവര്‍ അയച്ചു തന്ന ഡീറ്റെയില്‍സ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ഓഫീസിലേക്ക് അയച്ചുകൊടുത്തു. അവര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ശബരീനാഥന്‍ വ്യക്തമാക്കി.
"സംസാരിക്കുന്നത് കേരളത്തിലെ ഒരു എം.എൽ.എയോടാണെന്ന മിനിമം ബോധമെങ്കിലും തട്ടിപ്പുകാർക്ക് ഉണ്ടാകണo"
മൂന്ന് കോടി രൂപ നൽകിയാൽ മന്ത്രിയാക്കാമെന്ന വ്യാജ ഫോൺ കോൾ തട്ടിപ്പ് ശ്രമത്തിൽ രൂക്ഷ പ്രതികരണവുമായി എലത്തൂർ എം.എൽ.എ വിദ്യാ ബാലകൃഷ്ണൻ. സംസാരിക്കുന്നത് കേരളത്തിലെ ഒരു എം.എൽ.എയോടാണെന്ന മിനിമം ബോധമെങ്കിലും തട്ടിപ്പുകാർക്ക് ഉണ്ടാകണമായിരുന്നുവെന്ന് വിദ്യ പരിഹസിച്ചു. എല്ലാ ആളുകളെയും പറ്റിക്കുന്നതുപോലെ കേരളത്തിലെ ജനങ്ങളെ പറ്റിക്കാമെന്ന് തട്ടിപ്പുകാർ വിചാരിക്കരുത്. മന്ത്രിസഭാ രൂപീകരണം കഴിഞ്ഞ ഒരു സംസ്ഥാനത്താണ് ഇത്തരം തട്ടിപ്പുകളുമായി അവർ ഇറങ്ങിയിരിക്കുന്നതെന്നും എം.എൽ.എ ചൂണ്ടിക്കാട്ടി.സാധാരണക്കാരായ ഒട്ടേറെ ആളുകൾ ഇത്തരം വ്യാജ വാഗ്ദാനങ്ങളിൽ വീണുപോകാൻ സാധ്യതയുള്ളതുകൊണ്ടാണ് താൻ പോലീസിൽ പരാതി നൽകിയതെന്ന് വിദ്യാ ബാലകൃഷ്ണൻ വ്യക്തമാക്കി. ഇതൊരു വലിയ വാർത്തയാക്കേണ്ട കാര്യമല്ലെന്നും, കൃത്യമായ അന്വേഷണത്തിലൂടെ പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരികയാണ് ലക്ഷ്യമെന്നും അവർ കൂട്ടിച്ചേർത്തു.
ജൂലായ് ആറിനാണ് വിദ്യാ ബാലകൃഷ്ണൻ എം.എൽ.എയ്ക്ക് ഡൽഹിയിൽ നിന്നും വ്യാജ ഫോൺ കോൾ വരുന്നത്. വയനാട് എം.പി (പ്രിയങ്ക ഗാന്ധി)യുടെ ഓഫീസിൽ നിന്നാണെന്ന് വ്യാജേനയാണ് തട്ടിപ്പുകാർ ബന്ധപ്പെട്ടത്. വാട്സാപ്പ് ഓഡിയോ കോളിലൂടെ ഇംഗ്ലീഷിലായിരുന്നു സംസാരം.