ബന്ധുനിയമനം : കെപിസിസി യോഗത്തിൽ മന്ത്രി സണ്ണി ജോസഫിന് വിമർശനം.

തിരുവനന്തപുരം: പേഴ്സണൽ സ്റ്റാഫിലെ ബന്ധു നിയമനത്തെ ചൊല്ലി മന്ത്രി സണ്ണി ജോസഫിന് വിമർശനം. കെപിസിസി യോഗത്തിലാണ് വിമർശനം ഉയർന്നത്. നിയമനം കരുതലോടെ വേണമായിരുന്നുവെന്നും വിമർശനത്തിന് ഇട നൽകരുതായിരുന്നെന്നും യോഗത്തിൽ നേതാക്കൾ പറഞ്ഞു.
മന്ത്രി സണ്ണി ജോസഫിൻ്റെ സഹോദരി ഭർത്താവും കോൺഗ്രസ് നേതാവുമായ ബെന്നി തോമസിനെ മന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയാക്കിയതാണ് വിവാദമായത്. നിയമനത്തിൽ നിയമപരമായ തടസ്സമില്ലെന്നും ബെന്നി തോമസ് മാതൃകാപരമായ പൊതുപ്രവർത്തനം നടത്തുന്ന ആളാണെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം. മികച്ച ഭൂരിപക്ഷത്തിൽ പഞ്ചായത്ത് പ്രസിഡൻ്റായ നേതാവാണ് ബെന്നി തോമസ്. തന്റെ ചീഫ് ഏജൻറ് ആയിരുന്നുവെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞിരുന്നു ."വേണമെങ്കിൽ ബെന്നി തോമസിനെ മറ്റൊരു മന്ത്രിയുടെ സ്റ്റാഫിൽ ഉൾപ്പെടുത്താമായിരുന്നു. അങ്ങനെയൊരു കാപട്യത്തിന് താൻ തയ്യാറല്ല. വരുന്നവരോട് എല്ലാം തന്റെ ബന്ധുവാണെന്ന് സ്വയം പരിചയപ്പെടുത്തിയിരുന്നു" മന്ത്രി പറഞ്ഞു.
കെപിസിസി പ്രസിഡന്റ് ആയപ്പോൾ സണ്ണി ജോസഫിന്റെ സഹായിയായി കൂടെ പ്രവർത്തിച്ച, യൂത്ത് കോൺഗ്രസ് നേതാവ് സുദീപ് ജെയിംസ് ഉൾപ്പെടെ 13 പേരെയാണ് പേഴ്സണൽ സ്റ്റാഫിൽ നിയമിച്ച് ഉത്തരവിറങ്ങിയത്.