കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് ; സിപിഎം നേതാക്കള്‍ക്കെതിരെ പ്രഥമ ദൃഷ്ട്യ തെളിവുണ്ടെന്ന് കോടതി

കരുവന്നൂര്‍ ബാങ്ക്  തട്ടിപ്പ് ; സിപിഎം നേതാക്കള്‍ക്കെതിരെ പ്രഥമ ദൃഷ്ട്യ തെളിവുണ്ടെന്ന് കോടതി

എറണാകുളം :കരുവന്നൂര്‍ സഹകരണ ബാങ്ക്  തട്ടിപ്പില്‍ കേസില്‍ സിപിഎം നേതാക്കള്‍ക്കെതിരെ പ്രഥമ ദൃഷ്ട്യ തെളിവുണ്ടെന്ന് പിഎംഎല്‍എ കോടതി. എംഎല്‍എ എ സി. മൊയ്തീന്‍, കെ. രാധാകൃഷ്ണന്‍ എംപി, തൃശൂര്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ് എന്നിവരടക്കമുള്ള പ്രതികള്‍ വിചാരണ നേരിടണമെന്ന് കോടതി പറഞ്ഞു.

കേസില്‍ സിപിഎമ്മിനെയും പാർട്ടിയുടെ മൂന്നു മുന്‍ ജില്ലാ സെക്രട്ടറിമാരെയും പ്രതികളാക്കി ഇ‍ ഡിയാണ് അന്തിമ കുറ്റപത്രം സമര്‍പ്പിച്ചത്. ആദ്യ കുറ്റപത്രത്തിന് പുറമേ, അന്തിമ കുറ്റപത്രത്തില്‍ പുതുതായി 27 പ്രതികള്‍ കൂടി ഉള്‍പ്പെട്ടിട്ടുണ്ട്. ഇതോടെ കേസില്‍ ആകെ പ്രതികളുടെ എണ്ണം 83 ആയി. അന്വേഷണ ഉദ്യോഗസ്ഥനായ നിർമൽ കുമാർ മോഷയാണ് കലൂർ പിഎംഎൽഎ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.  വായ്പാ തട്ടിപ്പിലൂടെ പ്രതികൾ 180 കോടി രൂപ സമ്പാദിച്ചതായി ഇഡി പറയുന്നു. ആകെ 128 കോടി രൂപ പ്രതികളുടെ സ്വത്തുക്കളിൽനിന്ന് ഇഡ‍ി കണ്ടുകെട്ടിയിട്ടുണ്ട്.

അടുത്തിടെ കെ.രാധാകൃഷ്ണൻ എംപിയെ കേസുമായി ബന്ധപ്പെട്ട് ഇഡി ചോദ്യം ചെയ്ത് രാഷ്ട്രീയ വിവാദങ്ങൾക്കു കാരണമായിരുന്നു. സംസ്ഥാനം കണ്ട ഏറ്റവും വലിയ സഹകരണ കൊള്ളയാണ്കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നടന്നത്. കേസില്‍ രണ്ട് പ്രതികള്‍ക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ജിത ഭാസ്‌കര്‍, ശ്രീലത എന്നിവര്‍ക്കാണ് കോടതി ജാമ്യം അനുവദിച്ചത്. കേസിലെ ഒന്നാം പ്രതിയുടേയുടെയും, മൂന്നാം പ്രതിയുടെയും ഭാര്യമാരാണ് ഇവര്‍. ബാങ്ക് സെക്രട്ടറിയായിരുന്ന ടി ആര്‍ സുനില്‍ കുമാറാണ് കേസിലെ ഒന്നാം പ്രതി. സിപിഎം ലോക്കല്‍ കമ്മിറ്റിയംഗവും പ്രാദേശിക നേതാവുമായിരുന്നു ടി ആര്‍ സുനില്‍ കുമാര്‍.