"സുപ്രീംകോടതി വിധി നടപ്പാക്കണം; പുതിയ ടണൽ നിർമ്മിക്കണം " :മുല്ലപ്പെരിയാര്‍ സമരസമിതി

"സുപ്രീംകോടതി വിധി നടപ്പാക്കണം; പുതിയ ടണൽ നിർമ്മിക്കണം " :മുല്ലപ്പെരിയാര്‍ സമരസമിതി

കോട്ടയം: മുല്ലപ്പെരിയാർ വിഷയത്തിൽ സുപ്രീംകോടതിയുടെ 2014ലെ ഭരണഘടനാ ബെഞ്ച് വിധി പൂർണമായി നടപ്പാക്കണമെന്ന് മുല്ലപ്പെരിയാർ സമരസമിതിയുടെ ചെയർമാന്‍ പ്രൊഫസർ സി.പി. റോയ് . കേരളവും തമിഴ്‌നാടും തങ്ങളുടെ നിലവിലെ നിലപാടുകളിൽ ഉറച്ചുനിൽക്കുന്നതിന് പകരം സുപ്രീംകോടതി നിർദേശിച്ച പരിഹാരമാർഗം നടപ്പാക്കാൻ തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു. കൊച്ചി വൈപ്പിനിൽ നടന്ന വാർത്താസമ്മേളനത്തിലായിരുന്നു അദ്ദേഹം ഈ ആവശ്യങ്ങള്‍ ഉയര്‍ത്തിയത്.

2014 മെയ് ഏഴിന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആർ.എം. ലോധ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച വിധിയുടെ 152-ാം പേജിൽ, 50 അടി ഉയരത്തിൽ പുതിയ ടണൽ നിർമ്മിച്ച് ജലനിരപ്പ് നിയന്ത്രിക്കുന്നതിലൂടെ തമിഴ്‌നാടിന് ആവശ്യമായ വെള്ളവും കേരളത്തിന് സുരക്ഷയും ഉറപ്പാക്കാൻ കഴിയുമെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്ന് സി.പി. റോയ് ചൂണ്ടിക്കാട്ടി. ഈ നിർദേശം പ്രായോഗികമായി നടപ്പാക്കുന്നതിലൂടെ വർഷങ്ങളായി തുടരുന്ന മുല്ലപ്പെരിയാർ തർക്കത്തിന് ശാശ്വത പരിഹാരം കണ്ടെത്താനാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 152 അടിയായി ഉയർത്തണമെന്ന തമിഴ്‌നാടിൻ്റെ ആവശ്യവും പുതിയ അണക്കെട്ട് നിർമിക്കണമെന്ന കേരളത്തിൻ്റെ ആവശ്യവും നിലവിലെ സാഹചര്യത്തിൽ പ്രശ്‌നപരിഹാരമല്ലെന്ന് സിപി റോയ് പറഞ്ഞു. ഇരു സംസ്ഥാനങ്ങളുടെയും താൽപര്യങ്ങൾ സംരക്ഷിക്കുന്ന തരത്തിൽ താഴ്ന്ന നിലയിൽ മറ്റൊരു ടണൽ നിർമ്മിക്കുന്നതാണ് ഏറ്റവും ഉചിതമായ മാർഗമെന്ന് അദ്ദേഹം വിശദീകരിച്ചു.

കൊച്ചി വൈപ്പിനിൽ കഴിഞ്ഞ 637 ദിവസമായി മുല്ലപ്പെരിയാർ ടണൽ സമരസമിതി സമരം തുടരുകയാണെന്ന് നേതാക്കൾ അറിയിച്ചു. തമിഴ്‌നാടിന് കൂടുതൽ ജലലഭ്യതയും കേരളത്തിന് പൂർണ സുരക്ഷയും ഉറപ്പാക്കുകയെന്ന ആവശ്യമാണ് സമരത്തിൻ്റെ പ്രധാന ലക്ഷ്യമെന്ന് അവർ വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ പ്രസ്‌താവനക്കെതിരെ സമരസമിതി

തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ് കേരളത്തിന് പുതിയ അണക്കെട്ട് നിർമിക്കാൻ അനുമതി നൽകില്ലെന്ന നിലപാട് സ്വീകരിച്ചതായി ചൂണ്ടിക്കാട്ടിയ സി.പി. റോയ്, ഇത്തരം പ്രസ്‌താവനകൾ അതിർത്തി പ്രദേശങ്ങളിലെ ജനങ്ങൾക്കിടയിലെ സൗഹൃദാന്തരീക്ഷത്തെ ബാധിക്കുമെന്ന് അഭിപ്രായപ്പെട്ടു. കേരളവും തമിഴ്‌നാടും ജലവിഭവ വിഷയങ്ങളിൽ പരസ്‌പര സഹകരണത്തോടെ മുന്നോട്ടുപോകേണ്ട സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള പരാമർശങ്ങൾ ഉണ്ടാകുന്നതെന്നും അദ്ദേഹം വിമർശിച്ചു.മുല്ലപ്പെരിയാർ അണക്കെട്ടിന് പുറമെ കേരളത്തിലെ മറ്റ് എട്ട് അണക്കെട്ടുകളിൽ നിന്നുകൂടി തമിഴ്‌നാടിന് വെള്ളം ലഭിക്കുന്നുണ്ടെന്ന കാര്യം പരിഗണിക്കേണ്ടതുണ്ടെന്ന് സി.പി. റോയ് പറഞ്ഞു. ഇരു സംസ്ഥാനങ്ങളും പരസ്‌പര താൽപര്യങ്ങൾ മാനിച്ച് വിഷയത്തെ സമീപിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ബജറ്റിലെ പ്രഖ്യാപനങ്ങൾ മാത്രം മതിയാകില്ല

2016 മുതൽ അധികാരത്തിലിരുന്ന ഇടതുപക്ഷ സർക്കാർ തുടർച്ചയായി പത്ത് ബജറ്റുകളിൽ മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മാണത്തിനായി 10 കോടി രൂപ വീതം വകയിരുത്തിയിരുന്നുവെങ്കിലും പ്രഖ്യാപനങ്ങൾക്കപ്പുറം കാര്യമായ നടപടികളൊന്നും ഉണ്ടായില്ലെന്ന് അദ്ദേഹം വിമർശിച്ചു. നിലവിലെ സാഹചര്യത്തിൽ പ്രായോഗികവും ദീർഘകാലാടിസ്ഥാനത്തിലുള്ള പരിഹാരമാണ് സർക്കാർ സ്വീകരിക്കേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.മുല്ലപ്പെരിയാർ ടണൽ സമരസമിതിക്കുവേണ്ടി രക്ഷാധികാരി പ്രൊഫസർ സി.പി. റോയ്, പ്രസിഡൻ്റ് രമേശ് രവി, സെക്രട്ടറി സിജിൻ രാജ്, ഷിജി, മുക്കപ്പുഴ നന്ദകുമാർ, ഷിജിൻ തോമസ്, അഡ്വ. അനീഷ് ലൂക്കോസ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.