നെന്മാറ ഇരട്ടക്കൊലപാതകം: ചെന്താമരയുടെ ശിക്ഷാവിധി കോടതി ഇന്ന് പ്രഖ്യാപിക്കും

പാലക്കാട്: കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമരയ്ക്കുള്ള ശിക്ഷാവിധി പാലക്കാട് അഡീഷണൽ സെഷൻസ് കോടതി ഇന്ന് പ്രഖ്യാപിക്കും. പ്രതി കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.
"തന്നെ വേണമെങ്കിൽ തൂക്കിക്കൊന്നോളൂ" എന്ന് കോടതി മുറിയിൽ വെച്ച് പ്രതി കഴിഞ്ഞ ദിവസം വെല്ലുവിളിച്ചിരുന്നു.വേണ്ടിവന്നാൽ ഇനിയും കൊല്ലുമെന്നും തനിക്ക് തടസ്സം നിൽക്കുന്നവരോടൊക്കെ ഇതേ രീതിയായിരിക്കുമെന്നും ഭീതി പരത്തുന്ന രീതിയിലായിരുന്നു പ്രതിയുടെ മറുപടി. ഒരു ചെകിടത്ത് അടി കിട്ടിയാൽ മറ്റേ ചെകിടും കാണിച്ചുകൊടുക്കാൻ താൻ ഗാന്ധിജിയല്ലെന്നും പ്രതി കോടതിയെ നോക്കി പരിഹസിച്ചു. കൊല്ലപ്പെട്ട സുധാകരന്റെ കുടുംബം കോടതിയിൽ സന്നിഹിതരായിരിക്കെയാണ് പ്രതിയുടെ ഈ അക്രമാസക്തമായ പെരുമാറ്റം.
ചെന്താമര അയൽവാസിയായ സുധാകരനെയും അദ്ദേഹത്തിന്റെ അമ്മ ലക്ഷ്മിയെയും ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയിരുന്നു. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ രണ്ട് ദിവസം നീണ്ട തിരച്ചിലിനൊടുവിൽ പോത്തുണ്ടി മാട്ടായി വനമേഖലയിൽ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. 2019-ൽ പോത്തുണ്ടി സ്വദേശി സജിതയെ കൊലപ്പെടുത്തിയ കേസിലും പ്രതിയായ ചെന്താമര, 2022-ൽ ജാമ്യത്തിലിറങ്ങി ജാമ്യവ്യവസ്ഥകൾ ലംഘിച്ചാണ് രണ്ടാമത് ഇരട്ടക്കൊലപാതകം നടത്തുന്നത്.