അഭിമന്യു വധക്കേസ്: 5 പ്രതികളുടെ അപ്പീൽ ഹൈക്കോടതി തള്ളി

എറണാകുളം : അഭിമന്യു വധക്കേസിൽ വിചാരണ നടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ നൽകിയ അപ്പീൽ ഹർജി ഹൈക്കോടതി തള്ളി. കേസിലെ പ്രധാന പ്രതിയായ മുഹമ്മദ് ഉൾപ്പെടെ അഞ്ച് പ്രതികളാണ് ഈ ആവശ്യവുമായി കോടതിയെ സമീപിച്ചത്.കേസിലെ 17 മുതൽ 26 വരെയുള്ള പ്രതികൾക്കെതിരെ ഇതുവരെ കുറ്റപത്രം സമർപ്പിക്കാതെയാണ് വിചാരണ ആരംഭിക്കുന്നതെന്നും അതിനാൽ വിചാരണ നിർത്തിവെക്കണമെന്നുമായിരുന്നു ഹർജിക്കാരുടെ വാദം. എന്നാൽ, ആദ്യത്തെ 16 പ്രതികൾ മാത്രമാണ് കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തതെന്നും ഇവർക്കെതിരെയുള്ള വിചാരണ തുടങ്ങുന്നതിന് യാതൊരുവിധ നിയമതടസ്സങ്ങളുമില്ലെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികൾ തെളിവ് നശിപ്പിക്കാനും പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ചവരുമാണെന്നും ഇവർക്കെതിരെയുള്ള അനുബന്ധ കുറ്റപത്രം ഉടൻ തന്നെ സമർപ്പിക്കുമെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. പ്രോസിക്യൂഷന്റെ ഈ വാദം പൂർണ്ണമായി അംഗീകരിച്ചുകൊണ്ടാണ് ഹൈക്കോടതി പ്രതികളുടെ ഹർജി തള്ളിയത്.
എറണാകുളം മഹാരാജാസ് കോളേജിലെ രണ്ടാം വർഷ കെമിസ്ട്രി വിദ്യാർത്ഥിയും എസ്എഫ്ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗവുമായ അഭിമന്യു (20) കൊല്ലപ്പെടുന്നത് 2018 ജൂലൈ 2നാണ് .എസ് ഡി പി ഐ (SDPI) കാമ്പസ് ഫ്രണ്ട് (CFI) പോപ്പുലർ ഫ്രണ്ട് (PFI) എന്നീ സംഘടനകളുടെ സജീവപ്രവർത്തകരുൾപ്പെടുന്ന 16 അംഗ സംഘമാണ് അഭിമന്യുവിനെ കൊലപ്പെടുത്തിയത്.
നവാഗതരെ സ്വാഗതം ചെയ്യുന്നതിനായുള്ള ചുവരെഴുത്തിൽ അഭിമന്യു 'വർഗീയത തുലയട്ടെ' എന്ന് മതിലിൽ എഴുതിയിരുന്നു. ഈ മുദ്രാവാക്യം ക്യാമ്പസിലെ കാമ്പസ് ഫ്രണ്ട് പ്രവർത്തകരെ പ്രകോപിതരാക്കി.അതിനെത്തുടർന്നുണ്ടായ വാക്കു തർക്കങ്ങൾക്ക് ശേഷമാണ് അഭിമന്യുവിനെ കൊലപ്പെടുത്തുന്നത്.
വട്ടവടയിലെ ഒരു ആദിവാസി സമുദായത്തിൽ നിന്നുള്ള കർഷകരായ മനോഹാരൻ്റെയും ഭൂപതിയുടെയും ഇളയ മകനായിരുന്നു അഭിമന്യു.