"വീര്യം കുറഞ്ഞതും കൂടിയതുമായ മദ്യം വിൽക്കരുത്' എന്ന് തന്നെയാണ് ലീഗിൻ്റെ നിലപാട്": സാദിഖലി ശിഹാബ് തങ്ങൾ
മലപ്പുറം: വീര്യം കുറഞ്ഞതോ കൂടിയതോ ആയ ഒരു തരത്തിലുള്ള മദ്യവും വിൽക്കരുത് എന്നത് തന്നെയാണ് മുസ്ലിം ലീഗിൻ്റെ നിലപാടെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ വ്യക്തമാക്കി. മദ്യനയവുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമാകുന്ന പശ്ചാത്തലത്തിൽ പാർട്ടിയുടെ നിലപാടിൽ യാതൊരു മാറ്റവുമില്ലെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ ആവർത്തിച്ചു.കേന്ദ്ര സർക്കാരിൻ്റെ പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ജനങ്ങൾക്കിടയിൽ നിലനിൽക്കുന്ന ആശങ്കകൾ പൂർണ്ണമായും പരിഹരിച്ചുകൊണ്ട് മാത്രമേ മുന്നോട്ട് പോവുകയുള്ളൂവെന്ന് തങ്ങൾ ഉറപ്പുനൽകി. ഇതുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും മന്ത്രിസഭാ ഉപസമിതി വിശദമായി പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സംസ്ഥാനത്തിൻ്റെ പുതിയ തിരഞ്ഞെടുപ്പ് കമ്മീഷണറായി എൻ. ശേഷാദ്രിനാഥനെ നിയമിച്ചതിനെ മുൻവിധിയോടെ കാണേണ്ടതില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അദ്ദേഹത്തിൻ്റെ ഔദ്യോഗിക പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷം മാത്രം പ്രതികരിക്കുന്നതാണ് ഉചിതം. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് ഉയർന്നു വന്നിട്ടുള്ള വിവിധ വിഷയങ്ങളിൽ സംസ്ഥാന സർക്കാരാണ് അന്തിമ തീരുമാനം കൈക്കൊള്ളേണ്ടതെന്നും അദ്ദേഹം പറഞ്ഞു.