ട്രോളിങ് നിരോധനം: മത്സ്യത്തൊഴിലാളികൾക്ക് സൗജന്യ റേഷന്‍ അപേക്ഷിക്കാം

കണ്ണൂർ: ട്രോളിങ് നിരോധനത്തെ തുടർന്ന് തൊഴിൽ നഷ്ടപ്പെടുന്ന യന്ത്രവൽകൃത മത്സ്യബന്ധന യാനങ്ങളിലെ മത്സ്യത്തൊഴിലാളികൾക്കും, അനുബന്ധ തൊഴിലാളികൾക്കും, പീലിങ് തൊഴിലാളികൾക്കും സൗജന്യ റേഷനായുള്ള അപേക്ഷകൾ ക്ഷണിച്ചു. എന്നാൽ മുൻവർഷത്തെ ഗുണഭോക്തൃ പട്ടികയിൽ ഇതിനകം ഉൾപ്പെട്ടിട്ടുള്ളവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.
ക്ഷേമനിധി പാസ്ബുക്ക്, റേഷൻ കാർഡ്, ആധാർ കാർഡ് എന്നിവയുടെ പകർപ്പുകൾ സഹിതമുള്ള അപേക്ഷകൾ ബന്ധപ്പെട്ട ബോട്ട്, പീലിങ് ഷെഡ് ഉടമകളാണ് സമർപ്പിക്കേണ്ടത്. പൂരിപ്പിച്ച അപേക്ഷകൾ ബുധനാഴ്ച വൈകിട്ട് അഞ്ച് മണിക്കു മുൻപായി തലശേരി, കണ്ണൂർ, അഴീക്കോട്, പുതിയങ്ങാടി മത്സ്യഭവൻ ഓഫീസുകളിലോ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കാര്യാലയത്തിലോ സമർപ്പിക്കേണ്ടതാണ്.അപേക്ഷാ ഫോമുകൾ എല്ലാ മത്സ്യഭവനുകളിൽ നിന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ നിന്നും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 0497 2731081 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാം.