ഇന്ത്യയിലെ ആദ്യ ഹൈഡ്രജൻ ട്രെയിൻ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

ഇന്ത്യയിലെ ആദ്യ ഹൈഡ്രജൻ ട്രെയിൻ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

ന്യൂഡൽഹി: പരിസ്ഥിതി സൗഹൃദ പൊതുഗതാഗത രംഗത്ത് വൻ കുതിച്ചുചാട്ടവുമായി ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറി തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഈ അത്യാധുനിക ട്രെയിൻ ഹരിയാനയിലെ ജിന്ദ്, സോണിപത് സ്റ്റേഷനുകൾക്കിടയിലാണ് സർവീസ് നടത്തുന്നത്.

വടക്കൻ റെയിൽവേയുടെ ഡൽഹി ഡിവിഷന് കീഴിലുള്ള 89 കിലോമീറ്റർ ദൈർഘ്യമുള്ള പാതയിലാണ് പുതിയ ട്രെയിൻ ഓടുക.പൈലറ്റ് പ്രോജക്ടിന്റെ ഭാഗമായി തിരഞ്ഞെടുത്ത ഈ റൂട്ടിലെ സർവീസുകൾക്കായി ജിന്തിൽ പ്രത്യേക ഹൈഡ്രജൻ സംഭരണ-ഇന്ധന വിതരണ കേന്ദ്രം സജ്ജമാക്കിയിട്ടുണ്ട്. കംപ്രസ് ചെയ്ത ഹൈഡ്രജൻ വാതകം സൂക്ഷിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള ആവശ്യമായ ലൈസൻസ് പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷൻ (PESO) ഇതിനകം അനുവദിച്ചു.

ഈ നേട്ടത്തോടെ ജർമ്മനി, ജപ്പാൻ, ചൈന, അമേരിക്ക എന്നീ രാജ്യങ്ങൾക്ക് പിന്നാലെ ഹൈഡ്രജൻ അധിഷ്ഠിത ട്രെയിൻ സാങ്കേതികവിദ്യ പരീക്ഷിക്കുന്ന ആഗോള ശക്തികളുടെ പട്ടികയിലേക്ക് ഇന്ത്യയും എത്തിച്ചേർന്നു. മണിക്കൂറിൽ പരമാവധി 75 കിലോമീറ്റർ വേഗതയുള്ള ഈ ട്രെയിനിൽ 10 കോച്ചുകളാണുള്ളത്. ഇതിൽ 2,400 കിലോവാട്ട് മൊത്തം ശേഷിയുള്ള രണ്ട് ഡ്രൈവിംഗ് പവർ കാറുകളും (DPCs) 8 പാസഞ്ചർ കോച്ചുകളും ഉൾപ്പെടുന്നു.

യാത്രാവേളയിൽ ജിന്ദ് സിറ്റി, പാണ്ഡു പിണ്ഡാര, ലളിത് ഖേര, ഭംബേവ, ഈശാപൂർ ഖേരി, ബൂട്ടാന, ഖണ്ഡ്രായ്, ഗോഹാന, രാഭ്ര, ലാത്ത്, മോഹാന ഹരിയാന, ബർവാസ്നി എന്നീ 12 സ്റ്റേഷനുകളിൽ ട്രെയിൻ നിർത്തും. ട്രെയിൻ നമ്പർ 74010 (ജിന്ദ് – സോണിപത്): രാവിലെ 07:40-ന് ജിന്തിൽ നിന്ന് പുറപ്പെട്ട് 09:40-ന് സോണിപതിൽ എത്തും.ട്രെയിൻ നമ്പർ 74009 (സോണിപത് – ജിന്ദ്): രാവിലെ 10:40-ന് സോണിപതിൽ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 13:00 മണിക്ക് ജിന്തിൽ തിരിച്ചെത്തും.

https://www.worldm.news/national/prime-minister-to-flag-off--32345