കള്ളാടി മണ്ണിടിച്ചിൽ : മൂന്നു മരണം, ആറുപേരെ ഇനിയും കണ്ടെത്താനായിട്ടില്ല

വയനാട് : കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ വൻ മണ്ണിടിച്ചിലിലും ഉരുൾപൊട്ടലിലും മൂന്നു മരണം . ദുരന്തഭൂമിയിൽ കനത്ത മഴയെ അവഗണിച്ച് നടന്നുവന്ന രക്ഷാപ്രവർത്തനത്തിനിടെ മേപ്പാടി സബ് ഇൻസ്പെക്ടർക്ക് പരിക്കേറ്റു. തലയിലേക്ക് ഇരുമ്പ് കമ്പി തട്ടിയാണ് എസ്.ഐക്ക് പരിക്കേറ്റത്.അപകടത്തിൽ പരിക്കേറ്റ 9 അതിഥി തൊഴിലാളികളെ മേപ്പാടിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹിര കുമാർ, ദിലീപ്, സൂരജ് യാദവ്, സഞ്ജയ് താക്കൂർ, രജനീഷ്, തന്മയ് ഘോഷ്, കൂപമാൽ, കുഞ്ചു, സന്തോഷ് കുമാർ എന്നിവരാണ് നിലവിൽ ചികിത്സയിലുള്ളത്. അതേസമയം, നിർമ്മാണ മേഖലയിലുണ്ടായിരുന്ന ആറുപേരെ ഇനിയും കണ്ടെത്താനായിട്ടില്ല. ഇവർക്കായി മൺകൂനയ്ക്കടിയിൽ തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്.
തുരങ്കപാതയുടെ നിർമ്മാണത്തിനായി എടുത്ത മണ്ണ് അശാസ്ത്രീയമായി കൂട്ടിയിട്ടിരുന്നതാണ് കനത്ത മഴയിൽ ഒലിച്ചിറങ്ങി വൻ ദുരന്തമായി മാറിയത്. നിർമ്മാണത്തിനായി സ്ഥാപിച്ചിരുന്ന വൻ കോൺക്രീറ്റ് മതിലും തകർന്നു വീണു. അപകടത്തിൽ ഒരു വീടും പള്ളിയും ബസ് സ്റ്റോപ്പും പൂർണ്ണമായി തകർന്നു. തൊഴിലാളികളുമായി വന്ന രണ്ട് ബസുകൾ ഇപ്പോഴും മണ്ണിനടിയിലാണ്. ജില്ലയിൽ കഴിഞ്ഞ ദിവസം പെയ്ത അതിതീവ്ര മഴയാണ് ഉരുൾപൊട്ടലിന് കാരണമായത്. കോഴിക്കോട് നിന്നുള്ള പ്രത്യേക ദുരന്തനിവാരണ സേനയോടും വയനാട് ജില്ലാ കളക്ടറോടും രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ ഏകോപിപ്പിക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.
നിലവിലെ സ്ഥിതിഗതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രദ്ധയിൽപ്പെടുത്തി :സുരേഷ് ഗോപി
വയനാട് കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ വൻ മണ്ണിടിച്ചിൽ ഏറെ ദുഃഖത്തിലാഴ്ത്തുന്ന സംഭവമാണെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. വയനാട്ടിലെ നിലവിലെ സ്ഥിതിഗതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.തുരങ്കപാതയുടെ നിർമ്മാണം നടക്കുന്നയിടത്ത് അശാസ്ത്രീയമായി കൂട്ടിയിട്ടിരുന്ന മണ്ണ് മാറ്റാൻ മുൻകൂട്ടി നിർദേശം നൽകിയിട്ടും അത് പാലിക്കപ്പെടാത്തത് ഗുരുതരമായ വീഴ്ചയുടെ ഉദാഹരണമാണെന്ന് സുരേഷ് ഗോപി ചൂണ്ടിക്കാണിച്ചു. തുരങ്ക നിർമ്മാണവുമായി മുന്നോട്ട് പോകുമ്പോൾ അധികൃതർ കൂടുതൽ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഈ വിഷയത്തിൽ വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ സർക്കാർ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.