പൂണെയിൽ തിരക്കേറിയ റോഡിൽ നഗ്നനായ യുവാവ് മണിക്കൂറുകളോളം പരിഭ്രാന്തി സൃഷ്ടിച്ചു

പൂണെ: പൂണെയിലുള്ള തിരക്കേറിയ പൗഡ് റോഡിൽ നഗ്നനായ ഒരു യുവാവ് മണിക്കൂറുകളോളം പരിഭ്രാന്തി സൃഷ്ടിച്ചു . പരസ്യമായി റോഡിലിറങ്ങി അക്രമാസക്തനായ യുവാവ്, വഴിയിലൂടെ കടന്നുപോയ വാഹനങ്ങൾ തല്ലിത്തകർക്കുകയും യാത്രക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഒടുവിൽ നാട്ടുകാർ ചേർന്ന് സാഹസികമായി ഇയാളെ കീഴ്‌പ്പെടുത്തുകയും പോലീസിന് കൈമാറുകയും ചെയ്യുകയായിരുന്നു. ഇതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.റോഡിലെത്തിയ യുവാവ് പെട്ടെന്ന് വസ്ത്രങ്ങളെല്ലാം അഴിച്ചുമാറ്റി നഗ്നനാകുകയും റോഡിന് നടുവിലേക്ക് ചാടുകയുമായിരുന്നു. തുടർന്ന് അവിടുത്തെ ഗതാഗതം പൂർണ്ണമായി തടസ്സപ്പെടുത്തിയ ഇയാൾ, നിർത്തിയിട്ടിരുന്ന ചില വാഹനങ്ങളുടെ വിൻഡ്ഷീൽഡുകളും ഗ്ലാസുകളും അടിച്ചുതകർത്തു. തടയാൻ ശ്രമിച്ച യാത്രക്കാർക്ക് നേരെ ഇയാൾ അക്രമാസക്തനായി പാഞ്ഞടുത്തു. ഇത് പൗഡ് റോഡിൽ വലിയ രീതിയിലുള്ള ഗതാഗതക്കുരുക്കിനും ജനങ്ങൾക്കിടയിൽ കടുത്ത ഭീതിക്കും കാരണമായി.യുവാവ് നിയന്ത്രണം വിട്ട് അക്രമം തുടർന്നതോടെ പ്രദേശത്തുണ്ടായിരുന്ന നാട്ടുകാരും വ്യാപാരികളും ചേർന്ന് ഇയാളെ വളഞ്ഞു. തുടർന്ന് ബലപ്രയോഗത്തിലൂടെ ഇയാളെ ഒരിടത്ത് കെട്ടിയിടുകയും ഉടൻ തന്നെ കൺട്രോൾ റൂമിൽ വിളിച്ച് പൂണെ പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു. സംഭവസ്ഥലത്തെത്തിയ പോലീസ് സംഘം യുവാവിനെ കസ്റ്റഡിയിലെടുത്ത് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.