മഹാരാഷ്ട്രയിൽ പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ച; അധ്യാപക യോഗ്യതാ പരീക്ഷ മാറ്റിവച്ചു, മൂന്ന് പേര് അറസ്റ്റില്‍

മുംബൈ : ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് സംസ്ഥാനത്തെ അധ്യാപക യോഗ്യതാ പരീക്ഷ (ടിഇടി) 2026 മാറ്റിവച്ചു. 1,728 കേന്ദ്രങ്ങളിലായി ഞായറാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷയാണ് മാറ്റിവച്ചത്. പരീക്ഷയ്ക്ക് ഏതാണ്ട് 24 മണിക്കൂർ മുൻപാണ് ചോദ്യപ്പേപ്പർ ചോർന്നതായി കണ്ടെത്തിയത്.രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തില്‍ ഭിവണ്ടി പട്ടണത്തിൽ നടത്തിയ റെയ്ഡിലാണ് സീൽ ചെയ്ത ടെറ്റ് ചോദ്യപ്പേപ്പർ പാക്കറ്റിലെ പേജുകൾ ചില വ്യക്തികളുടെ കൈവശം കണ്ടെത്തിയത്. തുടർന്ന് മഹാരാഷ്ട്ര സംസ്ഥാന പരീക്ഷാ കൗൺസിൽ ഉദ്യോഗസ്ഥരെത്തി ഇത് ഔദ്യോഗിക ചോദ്യപ്പേപ്പർ തന്നെയെന്ന് സ്ഥിരീകരിച്ചു. "സാഹചര്യത്തിൻ്റെ ഗൗരവവും ആഴത്തിലുള്ള അന്വേഷണത്തിൻ്റെ ആവശ്യകതയും കണക്കിലെടുത്ത്, 2026 ജൂൺ 28 ന് നടക്കാനിരുന്ന പരീക്ഷ മാറ്റിവച്ചു" മഹാരാഷ്ട്ര സ്റ്റേറ്റ് കൗൺസിൽ ഓഫ് എക്സാമിനേഷൻ അറിയിച്ചു.
ടിഇടി ചോദ്യപേപ്പർ ചോര്‍ന്നത് ഭിവണ്ടിയില്‍
താനെ ജില്ലയിലെ ഭിവണ്ടി പട്ടണത്തിൽ രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ശനിയാഴ്ച പുലർച്ചെ നടത്തിയ റെയ്ഡില്‍ മൂന്ന് വ്യക്തികൾക്കെതിരെ കേസെടുത്തു. "സംശയിക്കപ്പെട്ട സ്ഥലത്ത് ഉടൻ തന്നെ റെയ്ഡ് നടത്തി. പിടിച്ചെടുത്ത വസ്തുക്കൾ പരിശോധിക്കാൻ മഹാരാഷ്ട്ര സ്റ്റേറ്റ് കൗൺസിൽ ഓഫ് എക്സാമിനേഷനിലെ മുതിർന്ന ഉദ്യോഗസ്ഥരെ പൊലീസ് ഉടൻ വിളിച്ചുവരുത്തി. സൂക്ഷ്മ പരിശോധനയിൽ, സംശയിക്കപ്പെടുന്നവരുടെ കൈവശമുള്ള നിരവധി ചോദ്യങ്ങൾ 2026 ജൂണിലെ ടിഇടി പരീക്ഷയ്ക്കായി തയ്യാറാക്കിയ യഥാർത്ഥ ചോദ്യപേപ്പറുമായി പൊരുത്തപ്പെടുന്നുണ്ടെന്ന് സ്ഥിരീകരിച്ചു" താനെ ജില്ലാ ഭരണകൂടം പറഞ്ഞു. ചോദ്യപേപര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ടുള്ള റാക്കറ്റിനെക്കുറിച്ച് അന്വേഷണം നടത്താൻ മാറ്റിവയ്ക്കൽ ആവശ്യമാണെന്ന് എംഎസിഇ പ്രസ്താവിച്ചു. പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഒരു വിട്ടുവീഴ്ചയും ഇല്ലാത്ത നയം പ്രകടിപ്പിച്ച എംഎസിഇ, കിംവദന്തികളിൽ ആശ്രയിക്കരുതെന്ന് ഉദ്യോഗാർഥികളോട് അഭ്യർത്ഥിച്ചു.
2026 ലെ ടിഇടി പരീക്ഷയുടെ പുതുക്കിയ തീയതികളും പുതുക്കിയ ഷെഡ്യൂളുകളും കൗൺസിലിൻ്റെ ഔദ്യോഗിക വെബ്സൈറ്റിൽ ഉടൻ പ്രസിദ്ധീകരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. അതേസമയം, പരീക്ഷയ്ക്ക് ഉദ്യോഗാർഥികളിൽ നിന്ന് റീ-രജിസ്ട്രേഷൻ ഫീസ് ഈടാക്കില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.37 സ്ഥലങ്ങളിലായി 1,728 കേന്ദ്രങ്ങളിലായി കുറഞ്ഞത് 6 ലക്ഷം ഉദ്യോഗാർഥികളാണ് പരീക്ഷയെഴുതുന്നതെന്ന് എംഎസിഇ ഡെപ്യൂട്ടി കമ്മിഷണർ പ്രിയ ശിന്ദേ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
"ഈ സ്കെയിലിൽ ഒരു പരീക്ഷ സംഘടിപ്പിക്കുന്നതിനുള്ള പ്രക്രിയ സാധാരണയായി മൂന്ന് ആഴ്ച എടുക്കും. പരീക്ഷയ്ക്ക് ഇതിനകം രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ വീണ്ടും രജിസ്റ്റർ ചെയ്യേണ്ടതില്ല. ഉദ്യോഗാർത്ഥികൾ തെറ്റുകാരല്ലാത്തതിനാൽ റീ-രജിസ്ട്രേഷൻ ഫീസ് ഈടാക്കില്ല. മൂന്ന് പേർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്" അവർ പറഞ്ഞു. പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും ഉത്തരവാദികളെന്ന് കണ്ടെത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അവർ പറഞ്ഞു.