സമഗ്ര ഗ്രാമീണ സ്കൂൾ വികസന പദ്ധതിക്ക് തുടക്കം കുറിച്ച് നന്മ ചാരിറ്റബിൾ ഫൗണ്ടേഷൻ

മുംബൈ: ഏകദേശം ഒന്നരപതിറ്റാണ്ടായി മുംബൈയിലും മഹാരാഷ്ട്രയിലെ ആദിവാസി മേഖലകളിലും നിർധനരായ സമൂഹത്തിൻ്റെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന മലയാളികൂട്ടായ്മയായ നന്മ ചാരിറ്റബിൾ ഫൗണ്ടേഷൻ്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന ഗ്രാമീണ വികസന പദ്ധതിക്ക് മഹാരാഷ്ട്രയിലെ വേഹ്ലോളി ഗ്രാമത്തിൽ തുടക്കം കുറിച്ചു.

താനെ ജില്ലയിലെ ഷഹാപൂർ താലൂക്കിൽപ്പെടുന്ന ഗ്രാമത്തിലെ 10 ജില്ല പരിഷത്ത് സ്കൂളിലെ 354 ഓളം വിദ്യാർത്ഥികൾക്ക് സ്കൂൾ ബാഗ്, നോട്ട് ബുക്കുകൾ,കുടകൾ തുടങ്ങിയ പഠന സാമഗ്രികൾ സംഘടനയുടെ പ്രവർത്തകർ വിതരണം ചെയ്തു. ചടങ്ങുകളുടെ ഉദ്ഘാടനം ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി സുനിൽരാജ് നിർവഹിച്ചു.ദിവ്യ നാായർ, സുലീ കുഞ്ഞുപിള്ള , പ്രമോദ് പിള്ളെ, നന്ദന, സന്തോഷ് ബാലചന്ദ്രൻ,സുബിൻ എന്നിവർ നേതൃത്വം നൽകി.
സാക്ഷരതയിൽ വളരെ പിന്നോക്കം നിൽക്കുന്ന ഗ്രാമത്തിലെ കുട്ടികളുടെ ആരോഗ്യ,പഠന പുരോഗതിക്കൊപ്പം വിദ്യാലയങ്ങളിലെ പരിസ്ഥിതി നിലവാരം മെച്ചപ്പെടുത്തുക എന്നലക്ഷ്യം മുൻനിർത്തിയുമുള്ള പ്രവർത്തനങ്ങൾക്കാണ് സംഘടന തുടക്കം കുറിക്കുന്നതെന്ന് ഫൗണ്ടേഷൻ സെക്രട്ടറി സുനിൽ രാജ് പറഞ്ഞു . പദ്ധതിയുടെ അടുത്ത ഘട്ടങ്ങളിൽ കമ്പ്യുട്ടർ ,ചെടിനടൽ ,മഴ വെള്ള സംഭരണികൾ, വിദ്യാർത്ഥികൾക്ക് ഭക്ഷണം കഴിക്കാനുള്ള പാത്രങ്ങൾ, മരുന്നുകൾ,പോഷകാഹാരങ്ങൾ, വാട്ടർപ്യൂരിഫൈയർ ദീപാവലിക്കുള്ള മധുരപലഹാരങ്ങൾ എന്നിവ വിതരണം ചെയ്യും.

കല്യാൺ ആസ്ഥാനമായിട്ടുള്ള ‘നന്മ ചാരിറ്റബിൾ ഫൗണ്ടേഷൻ ‘ ഈ വർഷം തന്നെ ‘നൻമ വിദ്യാഭ്യാസ സഹായ സംരംഭം’ പദ്ധതിയിലൂടെ നൂറോളം ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായം ചെയ്തിരുന്നു .